തിരുവനന്തപുരം: നഗരത്തിലെ സ്ഥാപന ഉടമയുടെ സഹായിയെ കബളിപ്പിച്ച് ഒറ്റിപി നമ്പര്‍ സംഘടിപ്പിച്ച് അയാളുടെ അക്കൗണ്ടില്‍ നിന്നും പണംതട്ടിയെടുത്തു. പരാതി ലഭിച്ച ഉടനെ തിരുവനന്തപുരം സിറ്റി സൈബര്‍ സെല്ലിന്റെ ഇടപെടല്‍കൊണ്ട് നഷ്ടപ്പെട്ട പണം വീണ്ടെടുക്കാന്‍ കഴിഞ്ഞതായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു.
മുട്ടടയിലെ ഒരു സ്ഥാപന ഉടമയുടെ സഹായിയായ തിരുമല ഇലിപ്പോട് സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നും 87,980 രൂപയാണ് തട്ടിയെടുത്തത്. അതില്‍ 78,980 രൂപ സൈബര്‍ സെല്ലിന്റെ ഇടപെടലിലൂടെ പരാതിക്കാരന് തിരികെ ലഭിച്ചു. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഉേദ്യാഗസ്ഥന് എന്ന വ്യാജേന ഒരാള്‍ സ്ഥാപന ഉടമയെ ഫോണില്‍ വിളിച്ച് 10 കിലോ നെയ്മീന് വേണമെന്ന് പറയുകയും, പണം ഓണ്‍ലൈന്‍ ആയി നല്‍കുന്നതിന് കടയുടമയുടെ കാര്‍ഡ് നമ്പര്‍ ആവശ്യപ്പെടുകയും ചെയ്തു. അയാള്‍ക്ക് കാര്‍ഡ് ഇല്ലാത്തതിനാല്‍ അയാള്‍ക്കുവേണ്ടി ഓണ്‍ലൈന്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ഇലിപ്പോട് സ്വദേശിയായ യുവാവിന്റെ ഫോണ്‍നമ്പര്‍ നല്‍കുകയും ചെയ്തു.
തുടര്‍ന്ന് തട്ടിപ്പ് സംഘം ഇയാളെ ഫോണില്‍ ബന്ധപ്പെട്ടു. കടയുടമയ്ക്ക് മീനിന്റെ പണം കൈമാറാനാണെന്ന് പറഞ്ഞ് ഇയാളുടെ കാര്‍ഡ് നമ്പരും മൊബൈല്‍ ഫോണില്‍ വന്ന ഒറ്റിപി നമ്പരുകളും ചോദിച്ച് മനസ്സിലാക്കിയാണ് പണം തട്ടിയെടുത്തത്.
പണം നഷ്ടപ്പെട്ടതായി അറിഞ്ഞ ഉടനെ തന്നെ സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടതുകൊണ്ടാണ് ഭൂരിഭാഗം പണവും തിരികെപ്പിടിക്കാന്‍ കഴിഞ്ഞത്. പരാതിക്കാരന്റെ അക്കൗണ്ടില്‍ നിന്നും തട്ടിപ്പ് സംഘം ‘മൊബിക് വിക്’വാലറ്റിലേക്ക് മാറ്റിയ 19,000 രൂപയില്‍ 10,000 രൂപയും ‘ഫ്ലിപ്കാര്‍ട്ട്’ അക്കൗണ്ടിലേക്ക് മാറ്റിയ 68,980 രൂപ മുഴുവനുമായും തിരിച്ചു പിടിക്കാന്‍ സാധിച്ചു. ഈ തുക പരാതിക്കാരന്റെ അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. ഈ തട്ടിപ്പ് സംഘത്തെ കണ്ടെത്തുന്നതിനായി സൈബര്‍സെല്‍ മുഖേന കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കമ്മിഷണര്‍ അറിയിച്ചു.
ഇത്തരത്തില്‍ പണം കൈമാറാനെന്ന വ്യജേന കാര്‍ഡ് നമ്പരും ഒറ്റിപി നമ്പരും മനസ്സിലാക്കി തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. എന്തെങ്കിലും കാരണവശാല്‍ ആര്‍ക്കെങ്കിലും കാര്‍ഡില്‍ നിന്നും പണം നഷ്ടപ്പെട്ടാല്‍ എത്രയും വേഗം തിരുവനന്തപുരം സിറ്റി സൈബര്‍ സെല്ലിന്റെ 9497975998 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: