പാറശ്ശാല: നിരീക്ഷണത്തിലിരുന്ന സൈനികന് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് പാറശ്ശാല പഞ്ചായത്ത് പരിധിയില്‍ വരും ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. പരശുവയ്ക്കല്‍ മലഞ്ചുറ്റിനു സമീപം വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന സൈനികനാണ് പരിശോധനയില്‍ പോസിറ്റീവാണെന്നു കണ്ടെത്തിയത്. മൂന്നു ദിവസങ്ങള്‍ക്കു മുമ്പാണ് ഇദ്ദേഹം നാട്ടിലെത്തിയത്. കര്‍ശന നിരീക്ഷണത്തിലായിരുന്നതിനാല്‍ ഇദ്ദേഹത്തില്‍ നിന്നും സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപന സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം.
ജില്ലയില്‍ ആദ്യമായാണ് സര്‍വ്വീസിലുള്ള സൈനികന് കൊറോണ സ്ഥിരീകരിക്കുന്നത്. ജമ്മു കാശ്മീരില്‍ നിന്നും വിമാനമാര്‍ഗം തിരുവനന്തപുരത്തിറങ്ങിയ ഇദ്ദേഹം തുടര്‍ന്ന് കാറിലായിരുന്നു വീട്ടില്‍ എത്തിച്ചേര്‍ന്നത്. പോസിറ്റീവാണെന്നു കണ്ടതിനെ തുടര്‍ന്ന് മറ്റു കുടുംബാംഗങ്ങളുടെയും സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. സൈനികന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളുടെ ആലോചനയോഗം കൂടി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ പോലീസ്, അരോഗ്യം, പഞ്ചായത്ത് വിഭാഗങ്ങള്‍ പരിശോധനകള്‍ കര്‍ശനമാക്കും. മാസ്ക് ധരിക്കാത്തവര്‍ക്കും, സാമൂഹിക അകലം പാലിക്കാത്തവര്‍ക്കുമെതിരെ നടപടിയുണ്ടാകും.
വ്യാപാര സ്ഥാപനങ്ങള്‍ ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നിവ ഉറപ്പാക്കുകയും തിരക്ക് ഒഴിവാക്കുകയും വേണം. ചന്തകളിലും, വഴിയോരങ്ങളിലും കച്ചവടത്തിനെത്തുന്നവര്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കൈവശം കരുതണം. പത്തു വയസിനു താഴെയുള്ള കുട്ടികളും,60 വയസിനു മുകളിലുള്ളവരും അനാവശ്യമായി പുറത്തിറങ്ങിയാല്‍ ബന്ധുക്കള്‍ക്കെതിരെ നടപടി യുണ്ടാകും. ഇതിനു പുറമെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള കോവിഡ്നിയന്ത്രണ മാനദണ്ഡങ്ങളും കര്‍ശനമായി നടപ്പാക്കുവാന്‍ തീരുമാനമെടുത്തതായി വിവിധ സര്‍ക്കാര്‍ വിഭാഗങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: