ഓടനാവട്ടം: എന്ത് ത്യാഗം സഹിച്ചും ക്ഷേത്രാചാരങ്ങളെ സംരക്ഷിക്കുമെന്നും ആദ്ധ്യാത്മികതലങ്ങളെ ഇല്ലാതാക്കാന്‍ നടത്തുന്ന ഗൂഢശ്രമങ്ങളെ ചെറുത്തുതോല്പിക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ പറഞ്ഞു. വെളിയം അഞ്ചുമൂര്‍ത്തി ക്ഷേത്രത്തിലെ ആറാട്ടുകുളത്തില്‍ മത്സ്യകൃഷി നടത്താനുള്ള ജില്ലാപഞ്ചായത്തിന്റെ ഗൂഢാലോചനയ്ക്കെതിരെ ബിജെപി വെളിയം എരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയിലാരംഭിച്ച ക്ഷേത്രാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മറ്റു ക്ഷേത്രങ്ങളിലും വ്യാപിപ്പിക്കുക എന്നതാണ് സിപിഎം നേതൃത്വം നല്കുന്ന ഇടതുസര്‍ക്കാരിന്റെ നയം. അത്തരം ഹീനപ്രവര്ത്തനങ്ങളില് നിന്നും സര്‍ക്കാര്‍ പിന്മാറണം. വെളിയം അഞ്ചുമൂര്‍ത്തി ക്ഷേത്രത്തിന്റെ ആറാട്ടുകുളത്തില്‍ മത്സ്യകൃഷി നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പഞ്ചായത്ത് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ഏരിയാ പ്രസിഡന്റ് സുധാകരന് പരുത്തിയറയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളത്തില്‍ മണ്ഡലം പ്രസിഡന്റ് അഡ്വ. വയയ്ക്കല്‍ സോമന് മുഖ്യപ്രഭാഷണം നടത്തി.
ക്ഷേത്രത്തില്‍ ദേവപ്രശ്നം നടത്തണമെന്നും ആറാട്ടുകുളത്തില്‍ മത്സ്യം വളര്‍ത്തുന്നതിനുള്ള പദ്ധതി പിന്‍വലിക്കണമെന്നും ഇതിനുവേണ്ടി നടത്തിയ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നും സോമന് ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് രാജേശ്വരി രാജേന്ദ്രന്, കെ.ആര്.രാധാകൃഷ്ണന്, അജിത് ചാലൂക്കോണം, ബിനു കാടാംകുളം, ഷാലു കുളക്കട, അജിത് വെളിയം, കാഞ്ചനമാല, ഹരി തേവന്നൂര്‍, അനില്മാലയില്, സുനീഷ് മൈലം, മനു വെളിയം, ശ്യാംകുമാര്‍, മാവിള മുരളി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: