അഞ്ചാലുംമൂട്: ഷബ്നയുടെ തിരോധാനം സംഭവിച്ച് രണ്ടുവര്‍ഷമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്നു പരാതി. തൃക്കടവൂര്‍ നീരാവില്‍ ആണിക്കുളത്തു ചിറയില്‍ വീട്ടില്‍ ഇബ്രാഹിംകുട്ടിയുടെ മകള്‍ ഷബ്ന(18)യെയാണ് കാണാതായത്.
2018 ജൂലൈ 17ന് രാവിലെ 9.30ന് വീട്ടില്‍നിന്ന് കടവൂരില്‍ പിഎസ്‌സി കോച്ചിംഗിനായി പോയതാണ് ഷബ്ന. പകല്‍ 11 മണിയോടെ വിദ്യാര്‍ഥിനിയുടെ ബാഗും സര്‍ട്ടിഫിക്കറ്റുകളും മറ്റുരേഖകളും കൊല്ലം ബീച്ചില്‍നിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
കാണാതായ ദിവസം ഷബ്ന കൊല്ലം ബീച്ചിലേക്ക് നടന്നെത്തുന്നതിന്റെ ദൃശ്യം സമീപത്തെ സിസിടിവിയില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ തിരിച്ചു പോകുന്ന ദൃശ്യം കാണാന്‍ കഴിഞ്ഞിട്ടില്ല. ഷബ്നയുടെ തിരോധാനത്തെ തുടര്‍ന്ന് ബന്ധുവായ യുവാവിനെ നിരവധിതവണ പോലീസ് ചോദ്യംചെയ്തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതികള്‍ നല്‍കുകയും ചെയ്തിരുന്നു.
മനുഷ്യാവകാശ കമ്മീഷന്‍ രണ്ടു പ്രാവശ്യം സിറ്റിങ് നടത്തിയിട്ടും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന് മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പിതാവ് ഇബ്രാഹിംകുട്ടി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുകയും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്തിനകത്തും പുറത്തും ലുക്ക്ഔട്ട് നോട്ടീസും സോഷ്യല്‍ മീഡിയയില്‍ അടക്കം ഷബ്നയെ കാണാതായ വിവരങ്ങള്‍ നല്‍കിയിട്ടും യാതൊരു വിവരവും ലഭിച്ചില്ല. കണ്ടെത്തുന്നവര്‍ക്ക് പോലീസ് രണ്ടുലക്ഷം രൂപയും ആക്ഷന്‍ കൗണ്‍സില്‍ 50,000 രൂപയും പ്രഖ്യാപിച്ചിരുന്നു. ജില്ലാക്രൈം റെക്കാര്‍ഡ്സ് ബ്യൂറോ എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മകളെ കാണാതായി വര്‍ഷം രണ്ടു കഴിഞ്ഞിട്ടും യാതൊരു തുമ്പും ലഭിക്കാഞ്ഞതിനാല്‍ ഇനി എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണ് പിതാവ് ഇബ്രാഹിംകുട്ടിയും മറ്റു കുടുംബാംഗങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: