കുണ്ടറ: കോവിഡിനൊപ്പം എലിപ്പനി, ഡെങ്കുപ്പനി, ചെള്ളുപനി എന്നിവയും പടരാന്‍ സാധ്യത. കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നിരവധി പേര് ഡെങ്കുപ്പനിയുടെയും എലിപ്പനിയുടെയും ലക്ഷണങ്ങളോടെ ചികിത്സ തേടിയിരുന്നു. കോവിഡ് വ്യാപനത്തിനിടെ ജില്ലയില്‍ എലിപ്പനിയും ഡെങ്കുപ്പനിയും ചെള്ളുപനിയും വ്യാപിക്കുന്നതിനുള്ള സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കോവിഡിനൊപ്പം മറ്റുരോഗങ്ങളും പടര്‍ന്നാല്‍ നിയന്ത്രണവിധേയമാക്കാനാകില്ലെന്നും ആരോഗ്യസംവിധാനങ്ങളാകെ തകരുമെന്നും ജില്ലാ ഭരണകൂടം ആശങ്കപ്പെടുന്നു.
മഴക്കാലമായതിനാല്‍ പനി, ജലദോഷം അടക്കമുള്ള രോഗങ്ങളുമായി ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം ദിവസേന വര്‍ധിക്കുകയാണ്. ഒപികളില്‍ എത്തുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ കോവിഡിനെതിരെയുള്ള സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ തകരും. എലിപ്പനി, ഡെങ്കുപ്പനി, ചെള്ളുപനി എന്നിവയും ഗുരുതരമായ രോഗങ്ങളാണ്. ഇവ ചികിത്സിച്ച് മാറ്റാമെങ്കിലും തുടക്കത്തില്‍ ചികിത്സ കിട്ടിയില്ലെങ്കില്‍ ഗുരുതരമാകും. ഈ രോഗികള്‍ക്ക് കോവിഡ് കൂടി ബാധിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. അങ്ങനെ സംഭവിച്ചാല്‍ മരണനിരക്ക് വളരെ ഉയരാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
ഈ സാഹചര്യം ഒഴിവാക്കാന്‍ എല്ലാവരും കര്‍ശന മുന്‍കരുതലെടുക്കുക മാത്രമാണ് പ്രതിവിധി. മഴക്കാലമായതോടെ അയ്യായിരത്തിലധികംപേര്‍ ഒരു ദിവസം ജില്ലയിലെ വിവിധ ആശുപത്രികളുടെ ഒപിയില്‍ ചികിത്സ തേടുന്നുണ്ട്. സര്‍ക്കാര്‍മേഖലയില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള പാരിപ്പള്ളി ആശുപത്രി കോവിഡ് പ്രത്യേക ചികിത്സാകേന്ദ്രമാക്കി മാറ്റിയതിനാല്‍ ചികിത്സാ പരിമിതിയുമുണ്ട്. കോവിഡ് സമൂഹവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനസൗകര്യങ്ങള്‍ പരിമിതമാണ്. ഈ സാഹചര്യത്തില്‍ മറ്റു രോഗങ്ങളുമായിവരുന്ന രോഗികളുടെ എണ്ണം കൂടിവന്നാല്‍ പ്രതിസന്ധി വര്‍ധിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ള ‘ആരോഗ്യ സേതു’ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് വ്യക്തിപരമായ വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ ചികിത്സ എളുപ്പമാകുമെന്നുമെന്നാണ് ആരോഗ്യവകുപ്പു നല്കുന്ന വിശദീകരണം.
എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും സംസ്ഥാനസര്‍ക്കാര്‍ വലിയ രീതിയില്‍ താത്പര്യം കാട്ടുന്നില്ല. എല്ലായിടത്തും കൊതുകുകളും പെരുകിയിട്ടുണ്ട്. ഇടവിട്ടുള്ള മഴയില്‍ വെള്ളം കെട്ടിനില്‍ക്കുന്നതാണ് കൊതുക് പെരുകാന്‍ കാരണം. ഈഡിസ് കൊതുകുകള്‍ പെരുകുന്നത് ഡെങ്കുപ്പനി വ്യാപനത്തിന് കാരണമാകും. മുന്‍ വര്‍ഷങ്ങളില്‍ ഡെങ്കുപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഡെങ്കിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ കൊതുകിന്റെ ലാര്‍വയെ നശിപ്പിക്കുന്നതിനുള്ള കീടനാശിനി തളിക്കല്‍, കൊതുകിനെ നശിപ്പിക്കുന്നതിനായി ഫോഗിംഗ് എന്നിവ കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: