പുനലൂര്‍: വരും ആഴ്ചകളില്‍ കൂടുതല്‍ പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളും നാട്ടില്‍ എത്തുന്നതിന് മുന്നോടിയായി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പുനലൂരില്‍ കൂടുതല്‍ ക്വാറന്റൈന് കേന്ദ്രങ്ങള്‍ ഒരുക്കാന്‍ ആര്‍ഡിഒ വിളിച്ചുചേര്‍ത്ത താലൂക്കുതല യോഗത്തില്‍ തീരുമാനം.
എത്ര പ്രവാസികള്‍ ഓരോ പഞ്ചായത്തിലും എത്താന്‍ സാധ്യതയുണ്ടെന്ന് വാര്‍ഡ് തലത്തില്‍ കണക്കെടുക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരുടെയും എണ്ണമെടുക്കും. നിലവില്‍ നിരവധി പ്രവാസികളുടെ വീടുകള്‍ ഒഴിഞ്ഞു കിടപ്പുണ്ട്. ഇവ ശുചീകരിച്ച് ക്വാറന്റൈന് കേന്ദ്രങ്ങളാക്കും. അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമേ സൗജന്യ ക്വാറന്റൈന് കേന്ദ്രങ്ങള്‍ അനുവദിക്കൂ.
ഇടമുളയ്ക്കല്‍ പഞ്ചായത്തില്‍ മാത്രം 1200 പേര് വിദേശത്തുനിന്നും എത്താന്‍ ഉണ്ടെന്ന് പ്രസിഡന്റ് യോഗത്തില്‍ അറിയിച്ചു. താലൂക്കിലെ ഉപയോഗിക്കാതെ കിടക്കുന്ന മിക്ക കെട്ടിടങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കും. ആഗസ്റ്റില്‍ കൂടുതല്‍ പ്രവാസികള്‍ എത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.
സ്കൂളുകള്‍, ആഡിറ്റോറിയങ്ങള്‍ എന്നിവ എടുക്കുന്നതിനും ധാരണയായി. ഇവ ഉപയോഗയോഗ്യമാക്കുന്നതിന് എത്ര രൂപ ചെലവാകുമെന്നും കണക്കാക്കും. തമിഴ്നാട്ടില്‍ നിന്നും ഹോം ക്വാറന്റൈന് സംവിധാനമില്ലാതെ എത്തുന്ന ആളുകളെ തിരിച്ചയയ്ക്കാനും തീരുമാനമെടുത്തു. ആര്‍ഡിഒ ബി.ശശികുമാര്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ ജി. നിര്‍മല്‍കുമാര്‍, നഗരസഭാ ചെയര്മാന് കെ.എ. ലത്തീഫ്, താലൂക്കിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: