കോഴിക്കോട്: വില്ലേജ് ഓഫീസര്‍മാരുടെ ശമ്പളം അന്യായമായി വെട്ടിക്കുറച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് കേരള എന്‍.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി ടി. ദേവാനന്ദന്. ശമ്പളം വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് താലൂക്ക് ഓഫീസിന് മുന്പില് എന്‍ജിഒ സംഘ് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വില്ലേജ് ഓഫീസര്‍മാരുടെ ജോലിഭാരവും വര്‍ദ്ധിച്ച ഉത്തരവാദിത്വവും പരിഗണിച്ചാണ് പത്താം ശമ്പളക്കമ്മീഷന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഉയര്‍ന്ന ശമ്പളസ്കെയില്‍ അനുവദിച്ചത്.
2014 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ച സര്‍ക്കാര്‍ ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ശമ്പളം വെട്ടിക്കുറച്ചത് അപലപനീയമാണ്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്കിയ ക്ഷാമബത്ത കഴിഞ്ഞ ഒന്നര വര്‍ഷമായിട്ടും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയിട്ടില്ല. കൊറോണ വ്യാപനം നിമിത്തമുണ്ടായ സാമ്പത്തിക പ്രതിസന്ധി എന്ന് പറഞ്ഞ് ലീവ് സറണ്ടര്‍ ഉള്‍പ്പെടെ രണ്ട് മാസത്തെ ശമ്പളമാണ് സര്‍ക്കാര്‍ പിടിച്ചുവെച്ചിരിക്കുന്നത്.
ഇങ്ങനെ എല്ലാ തരത്തിലും ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോവുന്നതെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ സെക്രട്ടറി പി.കെ. ഷാജി, ജില്ലാ ട്രഷറര്‍ പി. ശശികുമാര്‍, സംസ്ഥാന സമിതി അംഗം നരേന്ദ്രന്, സിവില്‍ സ്റ്റേഷന് ബ്രാഞ്ച് പ്രസിഡന്റ് കെ. രാജന്, ടി.പി. വിനോദ് കുമാര്‍, സത്യപ്രകാശ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: