കുമളി: സ്വന്തമായി ഭവനമില്ലാത്തവരും, അതുപോലെ വീടു വയ്ക്കാന്‍ ഭൂമിയില്ലാത്തവരും കുമളി പഞ്ചായത്തില്‍ നിരവധിയുണ്ട്. അതേസമയം ഹൗസിങ് ബോര്‍ഡിന്റെ അധീനതയിലുള്ള സര്‍ക്കാര്‍ ഭൂമിയാകട്ടെ കയ്യേറ്റക്കാര്‍ അനധികൃതമായി സ്വന്തമാക്കുന്നു.
വിവരം ബന്ധപ്പെട്ട അധികൃതരെ രേഖാമൂലം അറിയിച്ചിട്ടും ഗ്രാമ പഞ്ചായത്ത് ഉള്‍പ്പെടെ സര്‍ക്കാര്‍ വകുപ്പുകള്‍ നടപടി കൈക്കൊള്ളുന്നില്ല. കുമളി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഉള്‍പ്പെട്ട രാജീവ് ഗാന്ധി കോളനിയുള്‍പ്പെടെ മൂന്ന് ഏക്കറോളം ഭൂമി ഹൗസിങ് ബോര്‍ഡ് കോര്‍പ്പറേഷന്റെ ഉടമസ്ഥയിലുണ്ട്. പകുതി ഭൂമിയില്‍ പട്ടികജാതി വിഭാഗക്കാരുള്‍പ്പെടെ സര്‍ക്കാര്‍ അനുമതിയോടെ വീട് നിര്‍മ്മിച്ച് അന്‍പതോളം കുടുംബങ്ങള്‍ താമസിക്കുകയാണ്.
1980 കാലഘട്ടത്തില്‍ കുമളിയുടെ വിവിധ ഭാഗങ്ങളില്‍ താമസിച്ചിരുന്നവരെ ഹൗസിഗ് ബോര്‍ഡ് ഭൂമി കണ്ടെത്തി പുനഃരധിവസിപ്പിക്കുകയായിരുന്നു. ചില വിഭാഗങ്ങളുടെ ആരാധനാലയവും ഈ ഭൂമിയിലുണ്ട്. ബാക്കിയുള്ള ഒന്നരയേക്കറോളം ഭാഗം വര്‍ഷങ്ങളായി തരിശ് ഭൂമിയാണ്.
വീട് നിര്‍മ്മിക്കാന്‍ സ്വന്തമായി ഭൂമിയില്ലാത്ത പാവപ്പെട്ടവര്‍ക്ക് ഈ സര്‍ക്കാര്‍ സ്ഥലം പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാല്‍ ഏതാനും നാളുകളായി ചിലര്‍ രാഷട്രീയ ഒത്താശയോടെ ഈ തരിശ് ഭൂമി കയ്യേറിനിര്മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ഷെഡ്, പടുതാകുളം എന്നിങ്ങനെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനം വ്യാപകമാകുമ്പോഴും അധികൃതര്‍ നടപടിക്ക് തയ്യാറാകുന്നില്ല.
ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതി പഞ്ചായത്ത് അധികൃതര്‍ക്ക് നല്‍കിയെങ്കിലും രാഷട്രീയ സ്വാധീനത്തിന്റെ പിന്‍ബലത്തില്‍ കയ്യേറ്റക്കാര്‍ക്ക് പിന്തുണ നല്കുന്ന സമീപനമാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: