കട്ടപ്പന: കയറികിടക്കുവാന്‍ വീടില്ലാതെ ദുരിതത്തില്‍ കഴിയുകയാണ് വാത്തികുടി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് സ്വദേശിയായ റീനുവും കുടുംബവും. ചെമ്പകപ്പാറയില്‍ പ്ലാസ്റ്റിക് മേഞ്ഞ കൂരയിലാണ് അഞ്ചിലും ഒന്നിലും പഠിക്കുന്ന രണ്ടു കുട്ടികളുമായി ഈ കുടുംബം കഴിയുന്നത്.
സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനാല്‍ മക്കളുടെ ഓണ്‍ലൈന്‍ പഠനം പോലും തടസ്സപ്പെട്ട അവസ്ഥയാണ്. വാത്തികുടി ഗ്രാമപഞ്ചത്തിലെ ചെമ്പകപ്പാറ വാര്‍ഡില്‍ കഴിയുന്ന പുരയിടത്തില്‍ റീനുവും കുടുംബവും കഴിഞ്ഞ പത്തുവര്‍ഷമായി താമസിക്കുന്നത് പ്ലാസ്റ്റിക് കൂടാരത്തിലാണ്. 2018ലെ പ്രളയത്തില്‍ ഇവരുടെ പ്ലാസ്റ്റിക് കൂര തകര്‍ന്നു പോകുകയും തുടര്‍ന്ന് നാട്ടുകാരുടെ ശ്രമഫലമായി വീണ്ടും കുടില്‍ കെട്ടി നല്‍കുകയുമായിരുന്നു.
എട്ടു സെന്റ് സ്ഥലത്തു താമസിക്കുന്ന ഇദ്ദേഹം കൂലിവേല ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ചുവരുകള്‍ പ്ലാസ്റ്റിക് ഉപയോഗിച്ച് മറച്ചു, മേല്‍ക്കൂരയുടെ കുറച്ചുഭാഗം ടിന് ഷീറ്റും പ്ലാസ്റ്റിക്കും ഉപയോഗിച്ചാണ് മേഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ ഒറ്റമുറി വീട്ടിലാണ് ഈ കുടുംബം കഴിഞ്ഞു വരുന്നത്. ഭക്ഷണം പാകം ചെയ്യുന്നതും കിടക്കുന്നതും എല്ലാം ഒറ്റമുറിയില്‍ എന്നുവേണം പറയുവാന്‍. പഞ്ചായത്തില്‍ നിന്നും ലൈഫ് പദ്ധതിയില്‍പെടുത്തി വീട് അനുവദിച്ചിട്ടുണ്ട് എന്ന് അധികൃതര്‍ പറയുന്നുണ്ടെകിലും നാളിതുവരെയായും കിടപ്പാടം ഇല്ല. കാലവര്‍ഷം ആരംഭിച്ചതോടെ ഭീതിയിലാണ് ഈ കുടുംബം കഴിഞ്ഞ് വരുന്നത്.
മഴയും കാറ്റും വരുമ്പോള്‍ ഭീതിയോടെ ഉറക്കമൊഴിച്ചു രാത്രി കഴിച്ചു കൂട്ടുകയാണ് റീനുവും ഭാര്യയും രണ്ടുകുഞ്ഞുങ്ങളും. തങ്ങള്‍ക്കൊരു വീട് വേണം എന്നാണ് നിറകണ്ണുകളോടെ ഈ കുട്ടികള്‍ക്ക് പറയുവാനുള്ളത്. ഈ കുട്ടികളുടെ കണ്ണുനീര് കണ്ടില്ലെന്നു നടിക്കുവാന്‍ അധികാരികള്‍ക്ക് ആകുമോ. എത്രയും വേഗം ഇവര്‍ക്ക് വീടും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുവാന്‍ സര്‍ക്കാര്‍ തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: