ഇടുക്കി: ജില്ലയില്‍ ഇന്ന് 2 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ആകെ രോഗം ബാധിച്ചവര്‍ 100ലെത്തി. അതേ സമയം 51 പേര്‍ക്ക് രോഗം ഭേദമായി. ഇന്നലെ മാത്രം അഞ്ച് പേരുടെ ഫലമാണ് നെഗറ്റീവായത്.
1. 24ന് യുഎഇ ല്‍ നിന്ന് വന്ന അടിമാലി സ്വദേശിയായ 49 കാരന്. കൊച്ചിയില്‍ നിന്ന് ടാക്സിയില്‍ അടിമാലിയില്‍ എത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
2. 13ന് കുവൈറ്റില്‍ നിന്ന് വന്ന കുമളി സ്വദേശിനിയായ 62കാരി. കൊച്ചിയില്‍ നിന്ന് ടാക്സിയില്‍ കുമളിയില്‍ എത്തി കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. 2 പേരെയും ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ആകെ അഞ്ച് പേര്‍ക്കാണ് ഫലം നെഗറ്റീവായത്. ഈ മാസം 13ന് രോഗം സ്ഥിരീകരിച്ച കുമളി സ്വദേശിനിയായ അഞ്ച് വയസുകാരി, 7ന് രോഗം സ്ഥിരീകരിച്ച ചക്കുപള്ളം സ്വദേശിനിയായ 39കാരി, മെയ് 30ന് രോഗം സ്ഥിരീകരിച്ച മൂന്നാര്‍ സ്വദേശിയായ 24കാരന്, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ചിന്നക്കനാല്‍ സ്വദേശിയായ 28 കാരന്, 10ന് രോഗം സ്ഥിരീകരിച്ച നെടുങ്കണ്ടം സ്വദേശിയായ 30 കാരന് എന്നിവര്‍ക്കാണ് രോഗ മുക്തി. മെയ് ഒന്ന് മുതല്‍ ഇന്നലെ വരെ 76 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 9 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം വന്നത്. ബാക്കിയുള്ളവര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നുമെത്തിയവരാണ്.
മാര്‍ച്ച് 15ന് ആണ് ജില്ലയില്‍ ആദ്യമായി രോഗം കണ്ടെത്തിയത്. പിന്നാലെ ഇതുവരെ 21 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം പകര്‍ന്നു. മാര്‍ച്ചില്‍ ആകെ 5 പേര്‍ക്കും ഏപ്രിലില്‍ 19 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയും രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ അഞ്ച് പേര്‍ക്ക് രോഗമുക്തി ഉണ്ടായിരുന്നു.
അതേ സമയം ഇന്നലെ അവസാനം വിവരം ലഭിക്കുമ്പോള്‍ ആകെ 56 പേരാണ് വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലുള്ളത്. വീടുകളിലും സ്ഥാപനങ്ങളിലുമായി ആകെ 4275 പേരാണ് നിരീക്ഷണത്തിലുള്ളത്. ആകെ 9251 പേരുടെ സ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചു. ഇന്നലെ മാത്രം 300 പേരുടെ സാമ്പിളാണ് അയച്ചത്. 294 പേരുടെ ഫലം ഇന്നലെ ലഭിച്ചപ്പോള്‍ 421 പേരുടെ റിസള്‍ട്ട് ഇനിയും ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: