ഒറ്റപ്പാലം: റവന്യൂ ഡിവിഷന് പരിധിയില്‍ അനധികൃത ഖനനത്തിലേര്‍പ്പെട്ടിരുന്ന 17 വാഹനങ്ങള്‍ പിടികൂടി. അമ്പലപ്പാറ, തച്ചനാട്ടുകര, ഓങ്ങല്ലൂര്‍, വിളയൂര്‍, കീഴായൂര്‍, തൃത്താല, തിരുമിറ്റക്കോട് പ്രദേശങ്ങളില്‍ നിന്നാണ് ഒറ്റപ്പാലം സബ് കളക്ടര്‍ അര്ജ്ജുന് പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് പിടികൂടിയത്.
ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലായി ക്വാറികളടക്കം 10 കേസുകളും പ്രകൃതി ചൂഷണത്തിന് രജിസ്റ്റര്‍ ചെയ്യ്തു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജിയോളജി വകുപ്പിന് നിര്‍ദ്ദേശം നല്കി. ഓങ്ങല്ലൂരില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ക്വാറിയില്‍ നിന്ന് മൂന്ന് ടിപ്പറടക്കം ആറുവണ്ടികളാണ് പിടികൂടിയത്.
അമ്പലപ്പാറയിലെ ക്വാറിയില്‍ നിന്ന് ജെസിബി, തച്ചനാട്ടുകരയിലെ കരിങ്കല്‍ക്വാറിയില്‍ നിന്ന് പവര്‍ ടില്ലര്‍, വിളയൂരില്‍ കുന്നിടിച്ച് മണ്ണ് കടത്തലിലേര്പ്പെട്ടിരുന്ന ടിപ്പര്‍, ജെസിബി, കീഴായൂരില്‍ മണ്ണ് കടത്തലില് ഏര്‍പ്പെട്ടിരുന്ന വാഹനം, തിരുവേഗപ്പുറയില്‍ കല്ല് കടത്തിയിരുന്ന ടിപ്പര്‍ തുടങ്ങിയ വാഹനങ്ങളാണ് പിടികൂടിയത്.
തിരുമിറ്റക്കോട് പമ്പ് ഹൗസിന് സമീപം ഭാരതപ്പുഴയില്‍ നിന്ന് മണല്‍ കടത്തിലേര്പ്പെട്ടിരുന്ന ടിപ്പര്‍ ലോറിയും പിടികൂടിയിരുന്നു. തൃത്താല വില്ലേജിലെ പട്ടാമ്പി പാലത്തിന് സമീപം ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ട കൃഷിസ്ഥലം നികത്തുന്നതിനിടെയും ഒരു വാഹനവും പ്രത്യേക സംഘം കണ്ടെടുത്തു.
ഇത് പ്രകാരം കപ്പൂരില്‍ ആറുകേസുകളും വിളയൂര്‍ അമ്പലപ്പാറ ചളവറ ഓങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ ഓരോ ക്വാറികള്‍ക്കെതിരെയും കേസെടുത്തു. നിയമനടപടിക്കൊപ്പം പിഴ ഈടക്കുന്നതിനും നിര്‍ദ്ദേശം നല്കി.
വിവിധ സ്ഥലങ്ങളിലായി നടന്ന പരിശോധനയില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്‍. ശിവരാമന്, വില്ലേജ് ഓഫീസര്‍മാരായ കെ.സി. കൃഷ്ണകുമാര്‍, പി.ആര് മോഹനന്, എന്‍.എ ബിജു, ടി.എസ് അനീഷ്, കെ. ബാലകൃഷ്ണന്, അബ്ദുറഹിമാന്, എം.ജി മഞ്ജു, എസ്. അന്‍ഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: