വെള്ളൂര്‍: വൈക്കം വെള്ളൂര്‍ സഹകരണ ബാങ്കില്‍ നടന്ന 46 കോടിയുടെ അഴിമതിയില്‍ പ്രധാന പ്രതിയായ സീനിയര്‍ അക്കൗണ്ടന്റിനെ രക്ഷിക്കാന്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വൈകിപ്പിക്കുന്നതായി പരാതി. കടുത്തുരുത്തി സിഐ ശിവന്‍കുട്ടിയെ അന്വേഷണ കമ്മീഷനായി നിയമിച്ചെങ്കിലും ഒന്നര വര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് കോടതിയില്‍ എത്തിയില്ല.
അഴിമതിക്കാരെ രക്ഷിക്കാനുള്ള സിപിഎം ശ്രമമാണ് ഇതിന്റെ പിന്നില്‍. സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്റെ അടുത്ത ആളാണ് അക്കൗണ്ടന്റ്. ബാങ്കില്‍ 46 കോടിയുടെ അഴിമതി നടന്നതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയിലെ ചോദ്യോത്തര വേളയില്‍ പറഞ്ഞതാണ്. മുപ്പത് വര്‍ഷമായി സിപിഎം ഭരിക്കുന്ന സഹകരണ സംഘമാണ് ഇത്.
സിപിഎം നേതാക്കളും ഉദ്യോഗസ്ഥരുമായി 34 പ്രതികളുടെ പട്ടിക ചേര്‍ത്ത് പോലീസ് ചോദ്യം ചെയ്തെങ്കിലും എഫ്ഐആര്‍ സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞിട്ടില്ല. സീനിയര്‍ അക്കൗണ്ടന്റായ പ്രധാന പ്രതി അടുത്ത മാസം 30ന് സര്‍വ്വീസില്‍ നിന്നും സുരക്ഷിതമായി വിരമിക്കാന്‍ സിപിഎം ഒരുക്കുന്ന തന്ത്രത്തിന്റെ ഭാഗമാണിത്.
ബാങ്ക് ഭരണസമിതിയും പ്രതികളെ രക്ഷിക്കാനുള്ള നീക്കം ശക്തമാക്കി. നിക്ഷേപം തിരികെ ചോദിക്കുന്നവരെ അക്കൗണ്ടന്റ് ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. പുതിയ ഭരണസമിതിയുലുള്ളവരുടെ നിക്ഷേപം മറ്റുബാങ്കുകളിലാണെന്നും ബാങ്കിലെ അഴിമതിക്കെതിരെ നിക്ഷേപകരെ സംഘടിപ്പിച്ച് സമരത്തിന് നേതൃത്വം നല്കിയ ആളും പുതിയ ഭരണ സമിതിയിലുണ്ടെന്നും സഹകാരികള്‍ പറയുന്നു.
സമരത്തിനും കേസിനുമായി ഇയാള്‍ ഓരോ നിക്ഷേപകരില്‍ നിന്നും 2000 രൂപ വീതം പിരിച്ചെടുത്തെന്നും സഹകാരികള്‍ ആക്ഷേപം ഉന്നയിക്കുന്നു. അനാവശ്യമായി ബ്രാഞ്ചുകള്‍ തുറന്ന് സ്വന്തക്കാരെ തിരുകി കയറ്റാനുള്ള ശ്രമവും നടക്കുന്നതായും ഇവര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: