ന്യൂദല്‍ഹി : ഗല്‍വാന്‍ താഴ്വരയിലുണ്ടായ സംഭവങ്ങളില്‍ പ്രതിരോധ മന്ത്രി പരാജയമാണെന്ന പ്രസ്താവന ശരിയല്ല. രാജ്യ സുരക്ഷയെ രാഷ്ട്രീയ വത്കരിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിയെ വിമര്‍ശിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്നും മുന്‍ പ്രതിരോധ മന്ത്രികൂടിയായ അദ്ദേഹം അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
നിലവിലെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രസ്താവന നടത്തുമ്പോള്‍ 1962 ലെ യുദ്ധത്തിനു ശേഷം 45,000 സ്ക്വയര്‍ കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂപ്രദേശം ചൈന പിടിച്ചെടുത്തകാര്യം മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഗല്‍വാന്‍ അതിര്‍ത്തിയില്‍ പ്രകോപന പരമായി പെരുമാറിയത് ചൈനയാണ്. വിഷയത്തെ രാഷ്ട്രീയപരമായി കാണാന്‍ ശ്രമിക്കരുത്.
ഗല്‍വാന്‍ വാലിയില്‍ ഇന്ത്യ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ ആശയവിനിമയ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ്. ഇതിനിടെ ചൈനീസ് സൈനികര്‍ റോഡ് കൈയേറുകയും ഇന്ത്യന്‍ സൈനികരുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതൊന്നും ആരുടെയും പരാജയമായി വിലയിരുത്താനാകില്ല. നമ്മുടെ സൈന്യം പട്രോളിങ് നടത്തുന്നതിനിടെ മറ്റുള്ളവര്‍ കടന്നുകയറ്റം നടത്തിയേക്കാം.
ദല്‍ഹിയിലിരിക്കുന്ന പ്രതിരോധ മന്ത്രിയുടെ പരാജയം മൂലമാണ് അതിര്‍ത്തിയില്‍ കടന്നു കയറ്റമുണ്ടാകുന്നതെന്ന് പറയാനാകില്ല. അതിര്‍ത്തിയില്‍ സൈന്യം പെട്രോളിങ് നടത്തിയിരുന്നു. ചൈനയുടെ കടന്നുകയറ്റം ശ്രദ്ധയില്‍പെടുകയും ഇത് തടയാന്‍ ശ്രമിച്ചതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. അതിര്‍ത്തിയില്‍ സൈന്യം ജാഗ്രത പാലിച്ചിരുന്നതിന്റെ തെളിവാണ് ഇത്. അല്ലായിരുന്നെങ്കില്‍ കടന്നുകയറ്റം ആരും അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ വിഷയത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും പവാര്‍ രാഹുലിനെ കുറ്റപ്പെടുത്തി.
1962 ലെ യുദ്ധത്തില്‍ ഇന്ത്യയുടെ 45,000 സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശം നഷ്ടപ്പെട്ടിരുന്നു. ആ പ്രദേശം ഇപ്പോഴും ചൈനയുടെ നിയന്ത്രണത്തിലാണ്. ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ തന്റെ പാര്‍ട്ടിയുടെ ഭരണകാലത്ത് എന്താണ് നടന്നതെന്നുകൂടി പറയണം. മുമ്പ് ഇന്ത്യന്‍ പ്രദേശങ്ങള്‍ ചൈന പിടിച്ചെടുത്തകാര്യം അവഗണിക്കാന്‍ കഴിയില്ലെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: