വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിയമാക്കുന്നു എന്നു കേട്ടു. ഒന്നല്ല, നാലു സംഘങ്ങളാണ് ഇതിനു മത്സരിക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതം നാലു രീതിയില്‍ ചിത്രീകരിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ തന്നെ സ്വാഭാവികമായും ഉണ്ടാകുന്ന ഒരു സംശയമുണ്ട്. ഏതാണു ശരി? മാപ്പിള ലഹളയ്ക്ക് ഒരു നൂറ്റാണ്ടു തികയുമ്പോള്‍ തന്നെ മാരകമായ മറ്റൊരു കലാപത്തിനുള്ള അഗ്നിപകരലാകും ഇത്. കുഞ്ഞഹമ്മദ് ഹാജിക്ക് നായക പരിവേഷം നല്കി ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നവര്‍, വക്രീകരിക്കാത്ത ചരിത്രം അന്വേഷിച്ചു കണ്ടെത്തി ആഴത്തില്‍ പഠിച്ചശേഷം മാത്രമേ അതിനു മുതിരാന്‍ പാടുള്ളൂ.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയിട്ടുണ്ട്. പക്ഷേ, രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം എന്ന മഹത്തായ ഒരു ലക്ഷ്യം മറയാക്കി മറ്റു സങ്കുചിത ലക്ഷ്യങ്ങള്‍ക്കു വേണ്ടിയും ഋണമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളതിനും തെളിവുകള്‍ ധാരാളം രേഖപ്പെടുത്തിക്കാണുന്നു. ‘ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും” എന്ന കമ്യൂണിസ്റ്റ് ആദര്‍ശം ഉപയോഗപ്പെടുത്തി വലിയ ഒരു ലക്ഷ്യം നേടാനെന്ന പുകമറയ്ക്കു പിന്നില്‍ പല ഹീനമായ മാര്‍ഗ്ഗങ്ങളും സ്വീകരിച്ചിരുന്നു എന്നും മനസ്സിലാക്കാം.
കുമാരനാശാന്റെ ‘ദുരവസ്ഥ” യില്‍ പ്രതിപാദിച്ചിട്ടുള്ള സാഹചര്യങ്ങള്‍ പലതും പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരുലക്ഷം പേരെങ്കിലും മലബാര്‍ ലഹള (മാപ്പിള ലഹള)യില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ആനിബസന്റ് രേഖപ്പെടുത്തുന്നു. മനുഷ്യമനസ്സാക്ഷി മരവിപ്പിക്കുന്ന തരത്തിലുള്ള ക്രൂരതകളും നടമാടിയിട്ടുണ്ട്. ഇങ്ങനെയുള്ളപ്പോള്‍ ലഹളയ്ക്ക് നേതൃത്വം നല്കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ളവര്ക്ക് നിരപരാധിത്വം അവകാശപ്പെടാനാകുമോ? 256 വില്ലേജുകളെ സംഘടിപ്പിച്ച് പാസ്പോര്‍ട്ടും സൈനികരും ഉള്‍പ്പെടെയുള്ള സമാന്തര രാജ്യം രൂപീകരിച്ചിട്ടുള്ളതായി ചില രേഖകളില്‍ കാണാം. ഈ വില്ലേജുകളെ ബ്രിട്ടീഷ് ഭരണത്തിനെതിരെയും താന്‍ ഉറച്ചു വിശ്വസിച്ചിരുന്ന സാമുദായിക താത്പര്യങ്ങള്ക്കനുകൂലമായും ചിട്ടപ്പെടുത്തി പോരാടിയപ്പോള്‍ മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള ഗൂഢലക്ഷ്യങ്ങള്‍ക്കുവേണ്ടി കാടത്തം കാട്ടിയിട്ടുണ്ട്. ഒന്നുറപ്പാണ്, ചരിത്രം ഇവിടെ ഓരോരുത്തരുടെയും കാഴ്ചപ്പാടിനും ലക്ഷ്യത്തിനും വേണ്ടി വക്രീകരിക്കപ്പെട്ടിട്ടുണ്ട്. ചിത്രീകരണങ്ങള്‍ പൂര്‍ത്തിയായി പുറത്തുവന്നാല്‍ മാത്രമേ ശരിയായി വിലയിരുത്താന്‍ കഴിയൂ.
എം.എ. കബീര്‍
(ഭാരതീയ വിചാരകേന്ദ്രം പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: