കാസര്‍കോട്: കാസര്‍കോട് കലക്ടറേറ്റിലെ രേഖകള്‍ സൂക്ഷിക്കുന്ന കെട്ടിടത്തിലേക്കും സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്കും കാട് പടര്‍ന്ന് കയറുമ്പോഴും അധികാരികള്‍ക്ക് അനക്കമില്ല. കെട്ടിടങ്ങളുടെ പിറകുവശത്ത് ഇടതൂര്‍ന്ന് വളര്‍ന്ന കാട് വലിയ ഭീഷണിയായി മാറുകയാണ്. കലക്ടറേറ്റ് റിക്കാര്‍ഡ് റൂം കെട്ടിടത്തിന് പുറമെ ജില്ലാ ലേബര്‍ ഓഫീസ്, ജിയോളജി ഓഫീസ്, മണ്ണ് സംരക്ഷണ കേന്ദ്രം, കുടുംബശ്രീ തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് പിറകുവശത്തും കാടുകള്‍ നിറഞ്ഞിട്ടുണ്ട്.
ഈ കാടുകള്‍ ഇഴജന്തുക്കളുടെ താവളമാണ്. നിരവധി വിഷപ്പാമ്പുകള്‍ ഇതിന് മുമ്പ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഓഫീസുകളിലേക്ക് പാഞ്ഞു കയറിയതിന്റെ അനുഭവങ്ങള്‍ പല ജീവനക്കാര്‍ക്കും പറയാനുണ്ട്. കാട് നിറഞ്ഞ ഭാഗത്ത് വെള്ളക്കെട്ടുകളുമുണ്ട്.
ശക്തമായ മഴവരുമ്പോള്‍ ഇവിടെ വെള്ളം കെട്ടിക്കിടന്ന് കൊതുകുകളും കൂത്താടികളും പെരുകുന്നു. കൊതുകുശല്യം കാരണം ഈ ഭാഗത്തേക്ക് അടുക്കാനാകാത്ത സ്ഥിതിയാണുള്ളത്. സമീപത്താണ് വിദ്യാനഗര്‍ പോലീസ് സ്റ്റേഷന് സ്ഥിതി ചെയ്യുന്നത്. മണല്‍ക്കടത്തുമായി ബന്ധപ്പെട്ടും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും പിടിച്ചെടുത്ത ലോറികള്‍ അടക്കമുള്ള വാഹനങ്ങള്‍ പോലീസ് സ്റ്റേഷന് സമീപത്ത് കൂട്ടിയിട്ടുണ്ട്. ഇവിടെ സ്ഥലം തികയാതെ വന്നതിനാല്‍ കുറെ ലോറികള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് മണ്ണ് സംരക്ഷണ കേന്ദ്രം കെട്ടിട വളപ്പിലാണ്. ഈ വാഹനങ്ങളെല്ലാം തുരുമ്പിച്ച് നാശത്തിന്റെ വക്കിലാണ്.
മഴ പെയ്തതോടെ ഇത്തരം വാഹനങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നതും സാംക്രമികരോഗങ്ങള്‍ പരത്തുന്ന കൊതുകുകളുടെയും പ്രാണികളുടെയും പ്രജനനത്തിന് കാരണമായിട്ടുണ്ട്. വാഹനങ്ങളുടെ യന്ത്രഭാഗങ്ങള്‍ തുരുമ്പിച്ച് താഴെ വീഴുന്നത് വഴിയാത്രക്കാര്‍ക്ക് മുറിവേല്ക്കാന് കാരണമാകുന്നു. ഈ ഭാഗത്ത് കഴിഞ്ഞ മഴക്കാലത്തും കാടുകള്‍ നിറഞ്ഞിരുന്നെങ്കിലും പിന്നീട് വെട്ടിത്തെളിച്ചിരുന്നു. നാലുമാസമായി ലോക് ഡൗണ്‍ തുടരുന്നതിനാല്‍ കാടുവെട്ടിത്തെളിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സാധിച്ചില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: