തിരുവനന്തപുരം: തലസ്ഥാനത്തെ വെള്ളയമ്പലം വിജയാ ബാങ്കിലെ ബാങ്ക് മാനേജരടക്കം ഉള്‍പ്പെട്ട വ്യാജ രേഖകളുപയോഗിച്ചുള്ള വായ്പാ അഴിമതി കേസില്‍ വിചാരണയില്‍ കൂറുമാറിയ മാപ്പുസാക്ഷിയെ പ്രതിയാക്കി തിരുവനന്തപുരം സിബി ഐ സ്പെഷ്യല്‍ കോടതി കേസെടുത്തു. തിരുമല സ്വദേശി ബാല്‍രാജിനെ പ്രതി ചേര്‍ത്താണ് കോടതി കേസെടുത്തത്. പ്രതി ആഗസ്റ്റ് 22 ന് ഹാജരാകാന്‍ ജഡ്ജി സനില്‍ കുമാര്‍ ഉത്തരവിട്ടു.
ദേശസാല്‍കൃത ബാങ്കായ വിജയാ ബാങ്കിന്റെ വെള്ളയമ്പലം ബ്രാഞ്ച് മാനേജര്‍ കനകത്ത് പങ്കജാക്ഷന്, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍ ചെല്ലമ്മ ശാന്തമ്മ, വായ്പാ ഈട് വസ്തുവകകള്‍ മൂല്യനിര്‍ണയം നടത്തുന്ന വാല്യുവര്‍ എസ്. ലതികകുമാരി, റിയല്‍ എസ്റ്റേറ്റ്, കെട്ടിടനിര്‍മാണ സ്ഥാപനമായ ഗേറ്റ്വേ ബില്‍ഡേഴ്സ് ഉടമ ജസ്റ്റിന്‍രാജ് എന്നിവരാണ് വിചാരണ നേരിടുന്നത്. 2005-06 കാലയളവിലാണ് വായ്പാ തട്ടിപ്പ് നടന്നത്.
കേസന്വേഷണ ഘട്ടത്തില്‍ അഞ്ചാംപ്രതി ബാല്‍രാജ് നടന്ന സംഭവങ്ങള്‍ പൂര്‍ണമായും സത്യസന്ധമായും വിവരിച്ച് താന്‍ ചെയ്ത കൃത്യവും മറ്റു പ്രതികള്‍ ചെയ്ത കൃത്യങ്ങളും തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ടിന് മുമ്പാകെ രഹസ്യമൊഴിയായി നല്‍കിയിരുന്നു. എന്നാല്‍ വിചാരണയാരംഭിച്ച് സാക്ഷിവിസ്താര വേളയില്‍ ബാല്‍രാജ് വസ്തുതകള്‍ മറച്ചുവച്ച് കൂറുമാറി പ്രതിഭാഗം ചേര്‍ന്ന് മൊഴി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: