കോഴിക്കോട്: അടിയന്തരാവസ്ഥ വിരുദ്ധസമരം പാഠ്യവിഷയമാക്കണമെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. വിജില്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ വാര്‍ഷിക ദിനാചരണം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയുടെ പാഠങ്ങള്‍ പുതുതലമുറക്ക് സാധനാപാഠമാവണം. ജനാധിപത്യ സംരക്ഷണത്തിന് ജാഗരൂകതയുള്ള തലമുറയെ സൃഷ്ടിക്കാന്‍ ഏകാധിപത്യത്തിലൂന്നിയ ഇരുട്ടിന്റെ നാളുകളുടെ ഓര്‍മ്മകള്‍ ഇടയാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടാം സ്വാതന്ത്ര്യസമരമായിരുന്നു അടിയന്തരാവസ്ഥ വിരുദ്ധ സമരമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം കെ.പി. ശ്രീശന് അഭിപ്രായപ്പെട്ടു. ആയിരക്കണക്കിനാളുകളാണ് സമരത്തിനായി രക്തം ചിന്തിയത്. അവരില്‍ പലരും ഇന്ന് ജീവിക്കുന്ന രക്തസാക്ഷികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരിത്രവസ്തുതകള്‍ പുതുതലമുറയ്ക്ക് പകര്‍ന്നുകൊടുത്തില്ലെങ്കില്‍ അത് പിന്നീട് വികലമാക്കി ചിത്രീകരിക്കപ്പെടുമെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന് അഭിപ്രായപ്പെട്ടു. വാരിയന്‍ കുന്നനെ വീരനായകനാക്കുന്നത് ഇത്തരം ശ്രമങ്ങളുടെ ഭാഗമാണ്. അടിയന്തരാവസ്ഥാനാളുകളെ കുറിച്ച് പുതുതലമുറയെ പഠിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ ജനാധിപത്യമാണെന്നും ഭരണഘടനാ മൂല്ല്യങ്ങളില്‍ അധിഷ്ഠിതമാണ് ഈ ജനാധിപത്യമെന്നും മുന്‍ എംഎല്‍എ എം.കെ. പ്രേംനാഥ് പറഞ്ഞു. അടിയന്തരാവസ്ഥ എന്നത് ചരിത്രപരമായ വസ്തുതയാണെന്നും ലോകമുള്ള കാലത്തോളം അതങ്ങനെ തന്നെ നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മസ്ദൂര്‍ ഭാരതി ഹാളില്‍ നടന്ന ചടങ്ങില്‍ വിജില്‍ സംസ്ഥാന പ്രസിഡണ്ട് അഡ്വ. ജോസഫ് തോമസ് അദ്ധ്യക്ഷനായി. ടി.പി. ഗംഗാധരന്, പി. വേലായുധന്, പി.എം. ശ്യാമപ്രസാദ് എന്നിവര്‍ സംസാരിച്ചു. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: