കുന്നത്തൂര്‍: കന്നുകാലികളില്‍ ചര്‍മമുഴ രോഗം വ്യാപകമായതോടെ ക്ഷീരകര്‍ഷകര്‍ കൂടുതല്‍ പ്രതിസന്ധിയിലായി. കുന്നത്തൂര്‍ താലൂക്കിന്റെ വിവിധ മേഖലകളില്‍ അസുഖം വ്യാപകമാണ്. മൈനാഗപ്പള്ളി, ഇടവനശ്ശേരി, വേങ്ങ, സിനിമാപറമ്പ്, പോരുവഴി മേഖലകളിലാണ് ഇത് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ആറുമാസം മുമ്പ് ആലപ്പുഴ ജില്ലയുടെ വടക്കന്‍മേഖലകളില്‍ പ്രത്യക്ഷപ്പെട്ട അസുഖം പതിയെ തെക്കന്‍മേഖലകളിലേക്കും ഇപ്പോള്‍ കൊല്ലം ജില്ലയിലേക്കും വ്യാപിക്കുകയാണ്.
പശുക്കളുടെയും കിടാരികളുടെയും തൊലിപ്പുറത്ത് ചെറിയമുഴകള്‍ ആദ്യം രൂപപ്പെടുകയും പിന്നീട് ഇത് ശരീരമാകെ വ്യാപിക്കുകയുമാണ് ചെയ്യുന്നത്. വായിലും ശരീരത്തിനുള്ളിലേക്കും വരെ ഇത് വ്യാപിക്കും. ഈ മുഴകള്‍ പിന്നീട് വ്രണമായി മാറുകയുമാണ് പതിവ്. ആദ്യം പനിയും വേദനയുമാണ് രോഗലക്ഷണം. തീറ്റ എടുക്കാന്‍ മടി കാണിക്കുന്നതിനാല്‍ പശുക്കളുടെ പാല് ഉത്പാദനത്തില്‍ ഗണ്യമായ കുറവും ഉണ്ടാകുന്നുണ്ട്.
രോഗമുള്ള പശുക്കളുടെ വ്രണങ്ങളില്‍ വന്നിരിക്കുന്ന ഈച്ചകളാണ് രോഗം പകര്‍ത്തുന്നത്. ഇതുവരെയും മരുന്ന് കണ്ടെത്താത്ത ഈ അസുഖത്തിന് 15 ദിവസമെങ്കിലും ആന്റിബയോട്ടിക്കുകള്‍ നല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. കന്നുകാലികളെയും തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുകയാണ് രോഗം വരാതിരിക്കാനുള്ള മാര്‍ഗമെന്ന് വിദഗ്ധര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: