ചാത്തന്നൂര്‍: പ്രവാസികള്‍ക്ക് ക്വാറന്റൈന് സൗകര്യമൊരുക്കുന്നതില്‍ വീഴ്ച വരുത്തി ജില്ലാ ഭരണകൂടം. സംസ്ഥാനത്തെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇറങ്ങി കെഎസ്ആര്‍ടിസി ബസുകളിലും മറ്റും മണിക്കൂറുകള്‍ യാത്ര ചെയ്തു കൊല്ലത്ത് എത്തുന്ന പ്രവാസികളാണ് ആഹാരം കിട്ടാതെയും പ്രാഥമികസൗകര്യങ്ങളില്ലാതെയും വലയുന്നത്. വിദേശത്തും ഇതരസംസ്ഥാനങ്ങളിലും നിന്നുള്ള പ്രവാസികളാണ് യാതൊരു വ്യക്തതയും ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടുന്നത്. ആരോഗ്യവകുപ്പിന്റെയും ജില്ലാ, പ്രാദേശിക ഭരണകൂടങ്ങളുടെയും അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം.
പലര്‍ക്കും വേണ്ടത് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനാണ്. എന്നാല്‍ ഈ സൗകര്യം ഒരുക്കാന്‍ ജില്ലാ ഭരണകൂടവും പ്രാദേശിക ഭരണകൂടവും തയ്യാറാകുന്നില്ല. വീടുകളില്‍ സൗകര്യം ഇല്ലാത്ത പലരെയും നിര്‍ബന്ധിച്ച് വീട്ടിലേക്കുതന്നെ അയയ്ക്കുന്നതാണ് നിലവിലെ രീതി. ക്വാറന്റൈന് സംവിധാനം ഒരുക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ തയ്യാറാകാത്തതിനാല്‍ പലര്‍ക്കും മണിക്കൂറുകളോളം ബസില്‍ തന്നെ ഇരിക്കേണ്ട അവസ്ഥയാണ്. ഇപ്പോള്‍ വീട്ടില്‍ ക്വാറന്റൈന് സൗകര്യമില്ലെന്ന കാര്യം അറിയിച്ചാണ് പ്രവാസികളില്‍ പലരും നാട്ടിലേക്ക് മടങ്ങുന്നത്. നാട്ടിലെത്തുമ്പോള്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ സൗകര്യമില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ജില്ലാഭരണകൂടം തങ്ങളുടെ ആശങ്കയ്ക്ക് ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്ന് പ്രവാസികള്‍ പറയുന്നു.
പലരും ഒമ്പതുമണിക്കൂറിലേറെയാണ് പുറത്തിറങ്ങാന്‍ കഴിയാതെ ബസിനുള്ളില്‍ നരകയാതന അനുഭവിക്കുന്നത്. ബസിലെ തടവറയില്‍ നിന്ന് മോചിതനാകാന്‍ വീട്ടിലെ പരിമിത സാഹചര്യത്തില്‍ ഹോം ക്വാറന്റൈന് സമ്മതിക്കുകയാണ് പലരും. പലരുടെയും വീടുകളില്‍ കുട്ടികളും പ്രായമായവരും ഉണ്ട്. പണം നല്‍കിയുള്ള ക്വാറന്റൈന് സൗകര്യം ഇപ്പോഴത്തെ സാഹചര്യത്തില്‍ താങ്ങാന്‍ കഴിയില്ലെന്ന് പരവൂരിലെത്തിയ പ്രവാസി പറഞ്ഞു. പരവൂരില്‍ വീട്ടില്‍ എത്തിയ പെണ്‍കുട്ടി അടക്കം നിരവധിപേര്‍ക്ക് ക്വാറന്റൈന് സൗകര്യം ഒരുക്കിയത് ഇവിടുത്തെ വാര്‍ഡ് കൗണ്‍സിലറായ ഷീല സുനില്‍ ആണ്.
ക്വാറന്റൈന് സൗകര്യം ആവശ്യപ്പെടുമ്പോള്‍ അത് പരിശോധിച്ച് ഏതുവേണമെന്ന് നിശ്ചയിക്കുന്നത് ജില്ലാ ഭരണകൂടമാണ്. പ്രാദേശിക ഭരണകൂടത്തിലെ ജനപ്രതിനിധികളായ കൗണ്‍സിലര്‍-വാര്‍ഡ് അംഗം ചെയര്‍മാനായുള്ള റാപ്പിഡ് റെസ്പോണ്‍സ് ടീമാണ് അത് സാക്ഷ്യപ്പെടുത്തി നല്‍കുന്നത്. പ്രവാസികള്‍ മുന്‍കൂട്ടി നല്കുന്ന അപേക്ഷയില്‍ വ്യക്തിവിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. ഇതല്ലാതെ ഇവിടെയെത്തി സത്യവാങ്മൂലം നല്‍കുന്നവര്‍ക്ക് അത് പരിശോധിച്ചശേഷം മാത്രമേ ക്വാറന്റൈന് സൗകര്യം ഒരുക്കൂ എന്നും ഇതാണ് പരാതികള്‍ക്ക് അടിസ്ഥാനമാകുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
മുമ്പ് പഞ്ചായത്തുകളില്‍ ഉള്‍പ്പെടെ ഉണ്ടായിരുന്ന ക്വാറന്റൈന് സംവിധാനം ഇപ്പോള്‍ കോര്പ്പറേഷന് പരിധികളിലേക്ക് മാത്രമായി ചുരുങ്ങി. വിദേശത്തുനിന്ന് കൂടുതല്‍ വിമാനങ്ങള്‍ വന്നുതുടങ്ങിയപ്പോള്‍ അതിനനുസരിച്ച് കൂടുതല്‍ കേന്ദ്രങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ തുടങ്ങുകയായിരുന്നു വേണ്ടത്. എന്നാല്‍ ഇതൊന്നും തന്നെ ജില്ലയില്‍ ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: