മാവേലിക്കര: ജില്ലയില്‍ പശുക്കള്‍ക്ക് ചര്‍മ മുഴ രോഗം ഉണ്ടാകുന്നത് ആശങ്ക വര്‍ധിക്കുന്നു. ഇതോടെ പാല് ഉത്പാദനത്തിലും കുറവ് അനുഭവപ്പെടുന്നു. ജില്ലയില്‍ ഇതുവരെ നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്നാണ് അധികൃതര്‍ പറയുന്നത്. മാവേലിക്കര, തഴക്കര, തെക്കേക്കര, കൃഷ്ണപുരം, കായംകുളം, കണ്ടല്ലൂര്‍, താമരക്കുളം, വള്ളികുന്നം, ചുനക്കര, ഭരണിക്കാവ്, നൂറനാട്, പാലമേല്‍, കുട്ടനാട്ടിലെ പുളിങ്കുന്ന്, ചതുര്‍ത്ഥ്യാകരി പ്രദേശങ്ങളിലാണ് രോഗബാധയുള്ളത്.
പനി (ലംബി സ്കിന്‍ ഡിസീസ്) വരുന്നതാണ് തുടക്കം. അതിനുശേഷം ശരീരത്തില്‍ ചെറിയ മുഴകള്‍ പ്രത്യക്ഷപ്പെടും. പിന്നീട് ശരീരം മുഴുവന്‍ ബാധിക്കും. രൂക്ഷമാകുന്ന പക്ഷം മുഴകള്‍ പൊട്ടി വ്രണമാകുന്നു. കീഴ്താടി, നെഞ്ച്, കഴുത്ത് എന്നിവിടങ്ങളില്‍ നീരും വരും. പശുക്കള്‍ക്ക് നടക്കുന്നതിന് ബുദ്ധിമുട്ടും ഉണ്ടാകും. രോഗം മരണകാരണമാകുന്നില്ലെങ്കിലും പാല് ഉത്പാദനത്തില്‍ കുറവു വരുന്നതായാണ് റിപ്പോര്‍ട്ട്.
രോഗബാധ രൂക്ഷമായാല്‍ പാല് ഉത്പാദനം വീണ്ടും ഗണ്യമായി കുറയുമെന്ന് ക്ഷീരസംഘം ഭാരവാഹികള്‍ പറയുന്നു. മൃസംരക്ഷണവകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് രോഗം ബാധിച്ച പശുക്കളുടെ രക്തവും മറ്റും ശേഖരിച്ചിരുന്നു.
രോഗലക്ഷണം
പശുക്കളുടെ ദേഹത്ത് വട്ടത്തില്‍ ചെറിയ മുഴകള്‍ വരികയും പിന്നീടിത് ദേഹമാസകലമായി പഴുത്തുപൊട്ടി വ്രണമായിത്തീരുകയും ചെയ്യുന്നു. പശു തീറ്റയെടുക്കുന്നതിന് മടി കാണിക്കുന്നതോടൊപ്പം പാലും കുറയുന്നു. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ നല്‍കുകയാണ് പ്രതിവിധി. ആന്റിബയോട്ടിക് മരുന്നുകളാണ് നല്‍കുന്നത്. പ്രതിദിനം 50 മുതല്‍ 100 ലിറ്റര്‍ വരെ കുറവാണ് ക്ഷീരസംഘങ്ങളിലുണ്ടായിരിക്കുന്നത്.
ഈച്ച, കൊതുക് എന്നിവയില്‍ കൂടിയാണ് ഈ വൈറസ് രോഗം പരക്കുന്നത്. തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും രോഗമുള്ളവയെ മറ്റു കന്നുകാലികളില്‍നിന്ന് മാറ്റി പാര്‍പ്പിക്കുകയും വേണം. മഴക്കാലം ആരംഭിക്കുന്നതോടെ കാലാവസ്ഥാ വ്യതിയാനം കന്നുകാലികളുടെ രോഗപ്രതിരോധശേഷി കുറയ്ക്കുന്നു. ഇതോടെ കൂടുതല്‍ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്.
ശ്രദ്ധിക്കണം
ഈര്‍പ്പം ഉള്ളതോ പഴകിയതോ ആയ തീറ്റ നല്‍കരുത്.തൊഴുത്തും പരിസരവും ദിവസേന കഴുകി അണുനാശിനി തളിച്ച് വൃത്തിയാക്കണം. കാലിത്തീറ്റ സൂക്ഷിക്കുന്ന സ്ഥലം ഈര്പ്പരഹിതമാക്കണം. കുളമ്പുകള്‍ വൃത്തിയായും നനവില്ലാതെയും സൂക്ഷിക്കണം. തൊഴുത്തില്‍ മഴയേല്ക്കാതിരിക്കാനും
വെള്ളം കെട്ടിനില്‍ക്കാതിരിക്കാനും ശ്രദ്ധിക്കണം. കുളമ്പുരോഗം, കുരലടപ്പന് എന്നിവയ്ക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കണം. കാലിത്തീറ്റയുടെ അളവുകുറച്ച് പച്ചപ്പുല്ലും വൈക്കോലും നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: