ന്യൂദല്‍ഹി : ലഡാക്ക് ഗല്‍വാന്‍ താഴ്വരയില് ചൈന ഉന്നയിക്കുന്ന അവകാശ വാദങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. നിയന്ത്രണ രേഖയിലെ അതിര്‍വരമ്പുകളെ സംബന്ധിച്ച് ഇന്ത്യയ്ക്ക് വ്യക്തമായ ധാരണയുണ്ട്. ബലപ്രയോഗത്തിലൂടെ നിലവിലെ സ്ഥിതിഗതികളില്‍ മാറ്റം വരുത്താനാണ് ചൈനയുടെ ശ്രമമെങ്കില്‍ വലിയ പ്രത്യാഘാതം ആയിരിക്കും ഉണ്ടാവുകയെന്നും ഇന്ത്യ അറിയിച്ചു. ലഡാക്ക് വിഷയത്തില്‍ ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ വിക്രം മിസ്രി വാര്‍ത്താ ഏജന്‍സിയോട് പ്രതികരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ നടപടികള്‍ ഉഭയകക്ഷി ബന്ധത്തിന്റെ വിശ്വാസ്യതയ്ക്ക് വിള്ളല്‍ വീഴ്ത്തി. ബന്ധങ്ങളെ സൂക്ഷ്മമായി വീക്ഷിക്കുകയും അത് ഏതുദിശയിലേക്കാണ് നിങ്ങേണ്ടതെന്ന് തീരുമാനിക്കുകയും ചെയ്യേണ്ടത് ചൈനയുടെ ഉത്തരവാദിത്തമാണ്. അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിന്നാലല്ലാതെ ഇന്ത്യ ചൈന ഉഭയകക്ഷിബന്ധത്തില്‍ പുരോഗതിയുണ്ടാകില്ല.
കിഴക്കന്‍ ലഡാക്കില്‍ ചൈന നടത്തി വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. ഇത് അതിര്‍ത്തി പ്രദേശങ്ങളിലെ സമാധാന അന്തരീക്ഷം തകര്‍ക്കും. ഇന്ത്യന്‍ സൈനികരുടെ സാധാരണ പെട്രോളിങ്ങിന് തടസ്സം നില്ക്കുന്ന വിധത്തിലുള്ള നടപടികള്‍ ചൈന അവസാനിപ്പിക്കണമെന്നും വിക്രം മിസ്രി ആവശ്യപ്പെട്ടു.
സൈന്യത്തെ ഉപയോഗിച്ചോ ബലപ്രയോഗത്തിലൂടേയോ ഗല്‍വാന്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ക്ക് മാറ്റം വരുത്താന്‍ ചൈന ശ്രമിക്കാതിരിക്കുകയാണ് കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള ഏകമാര്‍ഗം. നിയന്ത്രണ രേഖ ഇന്ത്യ കൃത്യമായി തന്നെ പാലിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിലേക്ക് നയിച്ചത് ചൈനയുടെ ഭാഗത്തുള്ള നീക്കങ്ങങ്ങളാണെന്നും മിസ്രി അറിയിച്ചു.
ഏപ്രില്‍ മെയ് മാസങ്ങളില്‍ നിയന്ത്രണരേഖയ്ക്ക് സമീപമായി നിരവധി ചൈനീസ് നടപടികള്‍ ഉണ്ടായിട്ടുണ്ട്. അത് ഇന്ത്യന്‍ സൈന്യത്തിന്റെ പെട്രോളിങ്ങിനെ തടസ്സപ്പെടുത്തി. ഇതാണ് സംഘര്‍ഷങ്ങളിലേക്ക് നയിക്കാന്‍ കാരണമായത്. ഇരു രാജ്യങ്ങളെ സംബന്ധിച്ചും ഉഭയകക്ഷി ബന്ധം വളരെ വലുതാണ്. പ്രാദേശികമായും അതിന് പ്രാധാന്യമുണ്ട്.
സൈനികതലത്തിലുള്‍പ്പടെയുളള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിന്റെ തീവ്രത കുറയ്ക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ചൈന തിരിച്ചറിയുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും മിസ്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: