‘ലോകം മുഴുവന്‍ വേദനകളാണെങ്കിലും, അതെല്ലാം അതിജീവിക്കാനുള്ള ശക്തിയും ലോകം തന്നെ തരുു’. മാതാപിതാക്കളുടെ പൊന്നോമനയായി പൂര്‍ണ ആരോഗ്യത്തോടെ ജനിക്കുകയും 19-ാം മാസം പ്രായമുള്ളപ്പോള്‍ ബാധിച്ച അജ്ഞാത രോഗത്താല്‍ കാഴചയും കേള്‍വിയും നഷ്ടപ്പെടുകയും ചെയ്ത ഹെലന്‍ കെല്ലറിന്റെ വാക്കുകളാണിത്. രോഗബാധയെത്തുടര്‍ന്ന് കുഞ്ഞുനാള്‍ മുതല്‍ നരകയാതനയാണ് ജീവിതത്തിലേറ്റുവാങ്ങേണ്ടി വന്നത്. എന്നാല്‍ ദുരിതപൂര്‍ണമായ അവസ്ഥകളെ ധീരതയോടെ അവര്‍ അതിജീവിച്ചു. കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ടിട്ടും ജീവിതത്തില്‍ തോറ്റു പിന്മാറിയില്ല. കണ്ണും കാതും നഷ്ടമായ ആ ജീവിതം ഇതെല്ലാമുള്ളവരേക്കാള്‍ സാര്‍ത്ഥകമായിരുന്നു. ആത്മവിശ്വാസത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും മൂര്‍ത്തീഭാവമായി അവര്‍ സ്വീകരിക്കപ്പെടുന്നു. ശാരീരികക്ഷമത വേണ്ടത്രയില്ലാത്ത ഭിന്നശേഷിക്കാരായ സമാജബന്ധുക്കള്‍ക്ക് ഹെലന്‍ കെല്ലര്‍ എന്ന നാമം ജീവിതത്തെ സധൈര്യം അഭിമുഖീകരിക്കാനുള്ള കരുത്ത് പകരുന്നു. അതുകൊണ്ടാണ് അവശതയനുഭവിക്കുന്ന ഭാരതത്തിലെ പരശ്ശതം ദിവ്യാംഗരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ‘സക്ഷമ’ (സമദൃഷ്ടി ക്ഷമതാ വികാസ് ഏവം അനുസന്ധാന്‍ മണ്ഡല്‍) എന്ന ദേശീയ സംഘടന ഹെലന്‍ കെല്ലറുടെ ജന്മദിനം സമുചിതമായി ആചരിക്കുന്നത്.
അമേരിക്കയിലെ അലബാമ എന്ന സംസ്ഥാനത്ത് 1880 ജൂണ്‍ 27 നാണ് ഹെലന്‍ കെല്ലര്‍ ജനിച്ചത്. കേണല്‍ ആര്‍തര്‍ ഹെന്‍ലെ കെല്ലറും കേറ്റ് ആഡംസ് കെല്ലറുമാണ് അച്ഛനമ്മമാര്‍. ആരോഗ്യവതിയും കാഴ്ചയും കേള്‍വിയും എല്ലാമുള്ള സാധാരണ കുട്ടിയായിരുന്നു ഹെലന്‍. എന്നാല്‍, രണ്ട് വയസ്സാകുന്നതിന് മുമ്പ് ഹെലനെ രോഗം പിടികൂടി. മസ്തിഷ്‌ക ജ്വരമാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. ദിവസങ്ങളോളം മരണക്കിടക്കയില്‍ കഴിഞ്ഞ ആ കുരുന്ന് പതുക്കെ സുഖം പ്രാപിച്ചു. കുടുംബാംഗങ്ങള്‍ ഏറെ ആഹ്ലാദിച്ചു. എന്നാല്‍ രോഗത്തിന്റെ ബാക്കിപത്രമെന്ന നിലയില്‍ ഹെലന്റെ കാഴ്ചശക്തിയും കേള്‍വിശക്തിയും ഇല്ലാതായി. ചുറ്റുമുള്ള വശ്യസുന്ദരമായ ദൃശ്യങ്ങളും ആനന്ദദായകങ്ങളായ ശബ്ദങ്ങളും അവള്‍ക്ക് നിഷേധിക്കപ്പെട്ടു. സ്വതവേ വികൃതിയായിരുന്ന ഹെലന്‍ ഇതോടെ കൂടുതല്‍ വാശിക്കാരിയും ദേഷ്യക്കാരിയുമായി മാറി.
അന്ധരും ബധിരരുമായ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകം താത്പര്യമുള്ള, ടെലഫോണിന്റെ ഉപജ്ഞാതാവായ ഡോ. അലക്‌സാണ്ടര്‍ ഗ്രഹാംബെല്ലിന്റെ സഹായത്തോടെ അന്ധര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പെര്‍കിന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഹെലനെ പരിശീലിപ്പിക്കുന്നതിനായി ഒരു അധ്യാപികയെ കണ്ടെത്താന്‍ ഹെലന്റെ മാതാപിതാക്കള്‍ക്ക് കഴിഞ്ഞു. ആനി സള്ളിവനുമായിട്ടുള്ള കൂട്ട് ഹെലന്റെ ജീവിതത്തില്‍ വഴിത്തിരിവായി. ആദ്യമൊക്കെ ഏറെ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് ഹെലന്‍, ആനിയില്‍ നിന്നും ഒരുപാടു കാര്യങ്ങള്‍ പഠിച്ചു. ഗുരുവിന്റെയും ശിഷ്യയുടേയും കഠിനപ്രയത്‌നം ഫലം കണ്ടു. ഹെലന്‍ സംസാരിക്കാന്‍ തുടങ്ങി. ഇരുണ്ടതും നിശബ്ദവുമായ ലോകത്തില്‍ നിന്ന് ഹെലനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതും മഹാപ്രതിഭയാക്കി വളര്‍ത്തിയതും അവരുടെ അധ്യാപികയായ ആനി സള്ളിവനായിരുന്നു. പിന്നീട് ഉന്നത ബിരുദങ്ങള്‍ നേടിയ ഹെലന്‍ ഇരുപതാം നൂറ്റാണ്ടിലെ സമുന്നത വ്യക്തിത്വങ്ങളിലൊരാളായി മാറി. കാഴ്ചയും കേള്‍വിയുമില്ലാതെ ബിരുദം നേടിയ ആദ്യവ്യക്തി എന്ന പദവി ഹെലനെ തേടിയെത്തി. ഇതിനിടയില്‍ അവര്‍ പുസ്തക രചനയും ആരംഭിച്ചിരുന്നു.11-ാം വയസ്സിലാണ് ഹെലന്റെ ആദ്യപുസ്തകം – ദ ഫ്രോസ്റ്റ് കിങ്’ പുറത്തിറങ്ങിയത്. ‘ദ സ്റ്റോറി ഓഫ് മൈ ലൈഫ്’ എന്ന ഹെലന്റെ ആത്മകഥ ഏറെ പ്രസിദ്ധമാണ്.
അന്ധര്‍ക്കു വേണ്ടി ‘ഹെലന്‍ കെല്ലര്‍ ഇന്റര്‍നാഷണല്‍’ എന്ന സംഘടന ആരംഭിച്ചു. വൈകല്യമുള്ളവരുടെ പ്രശ്‌നങ്ങളില്‍ നിരന്തരമായി ഇടപെടുകയും ചെയ്തു. ലോകമെമ്പാടുമുള്ള ജനങ്ങളുടെ, വൈകല്യമുള്ളവരോടുള്ള കാഴ്ചപ്പാടിനെ മാറ്റിമറിക്കാന്‍ ഹെലന്റെ പ്രസംഗങ്ങള്‍ക്ക് കഴിഞ്ഞു. എല്ലാ സാമൂഹിക പ്രശ്‌നങ്ങളിലും അവര്‍ ക്രിയാത്മകമായി ഇടപെട്ടു. അനേകര്‍ക്ക് ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്‌നങ്ങളും പകര്‍ന്നുകൊടുത്ത ഹെലന്‍ കെല്ലറിനെ പ്രമുഖ സിവിലിയന്‍ ബഹുമതികളിലൊന്നായ ‘പ്രസ്റ്റീജിയസ് പ്രസിഡന്‍ഷ്യല്‍ മെഡല്‍’ നല്‍കി അമേരിക്ക ആദരിച്ചു. ഇതിഹാസതുല്യമായ ജീവിതത്തിന് 1968 ജൂണില്‍ പരിസമാപ്തിയായി. ഈ ലോകത്തോട് വിട പറഞ്ഞെങ്കിലും അവര്‍ പരത്തിയ പ്രകാശം ഇന്നും അനേകരുടെ ഇരുട്ടിനെ അകറ്റുന്നു. ദേശമെമ്പാടുമുള്ള ദിവ്യാംഗര്‍ക്ക് പ്രത്യാശയും പ്രതീക്ഷകളും പകര്‍ന്നു നല്‍കുകയാണ് ‘സക്ഷമ’. കാഴ്ചശേഷിയില്ലാത്തവരുടെ സംഘടനയും പുനരധിവാസകേന്ദ്രവുമായി പ്രവര്‍ത്തനമാരംഭിച്ച ‘ദൃഷ്ടി ഹീന്‍ കല്യാണ്‍ സംഘ്’ ആണ് പിന്നീട്, എല്ലാ തരത്തിലും ശാരീരിക മാനസിക അവശത അനുഭവിക്കുന്ന സഹോദരങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ‘സക്ഷമ’ എന്ന പ്രസ്ഥാനമായി മാറിയത്. 2008 ല്‍ നാഗ്പൂരില്‍ രൂപം കൊണ്ട സക്ഷമ ഈ മേഖലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ്. രാഷ്‌ട്ര നവനിര്‍മിതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ സ്വയംസേവക സംഘത്തില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ട കര്‍മധീരരായ കാര്യകര്‍ത്താക്കളാണ് സക്ഷമയ്‌ക്ക് രൂപം നല്‍കിയതും മുന്നോട്ടു നയിക്കുന്നതും. ഭിന്നശേഷിക്കാരായ സഹോദരങ്ങള്‍ക്ക് അഭയ കേന്ദ്രമാണ് ഇന്ന് ‘സക്ഷമ’. ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന നിരാലംബര്‍ക്ക് സക്ഷമ ആശാ കേന്ദ്രമാണ്. ഭരണകൂട സംവിധാനങ്ങള്‍ക്ക് പോലും അസാധ്യമെന്നു കരുതുന്ന ഭാവനാസമ്പന്നവും സൃഷ്ടിപരവുമായ കര്‍മപദ്ധതികളിലൂടെ സക്ഷമ നിര്‍വഹിക്കുന്നത് സമാജ പരിവര്‍ത്തനത്തിനുതകുന്ന അനിവാര്യ ദൗത്യമാണ്.
സി.സദാനന്ദന്‍ മാസ്റ്റര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: