കുണ്ടറ: കോവിഡ് ഭീതിയെ തുടര്‍ന്ന് പുതിയ പോലീസ് ബാച്ചിന്റെ നിര്‍ത്തിവച്ച പരിശീലനം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പുനരാരംഭിച്ചു. കുണ്ടറ, അഞ്ചാലുംമൂട്, കിളികൊല്ലൂര്‍, കണ്ണനല്ലൂര്‍, കൊട്ടിയം സ്റ്റേഷനുകളില്‍ ഇന്നലെ രാവിലെ മുതല്ക്കാണ് പരിശീലനം പുനരാരംഭിച്ചത്.
ക്യാമ്പുകള്‍ അടച്ചതിനെ തുടര്‍ന്ന് ട്രെയിനികള്‍ക്ക് അവരവരുടെ നാട്ടിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് കീഴിലാണ് കായികപരിശീലനം. കേരളത്തില്‍ ആദ്യമായിട്ടാണ് പരിശീലനം സ്റ്റേഷനുകള്‍ക്ക് കീഴില്‍ നല്‍കുന്നത്. മൂന്നുമാസത്തിലേറെയായി ക്യാമ്പുകളിലുള്ളവരെ പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റിയിട്ട്. ജനമൈത്രി പോലീസിനെ സഹായിക്കുക, സ്റ്റേഷന് ചുമതലകളുടെ പ്രയോഗിക പരിശീലനം നല്‍കുക തുടങ്ങിയ പരിശീലനങ്ങളാണ് നല്‍കിയിരുന്നത്.
കായികപരിശീലനം നല്‍കിയിരുന്നില്ല. ക്യാമ്പുകളില്‍ നിന്നും ഓണ്‍ലൈനിലൂടെ ക്ലാസും പരീക്ഷകളും മുടക്കം കൂടാതെ ദിവസവും നടത്തുന്നുണ്ട്. സംസ്ഥാനത്ത് നാല് ക്യാമ്പുകളിലായി നാലായിരത്തോളംപേര്‍ പുതിയ പോലീസ് ബാച്ചിലുണ്ട്. കേരളത്തില്‍ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, അടൂര്‍ എന്നിവിടങ്ങളിലാണ് പരിശീലന ക്യാമ്പുകളുള്ളത്. തൃശ്ശൂര്‍ ക്യാമ്പിലാണ് ഏറ്റവും കൂടുതല്‍ പേര്. 2500 പേരാണ് ഇവിടെ മാത്രം പരിശീലനത്തിനുണ്ടായിരുന്നത്. സ്റ്റേഷനുകള്‍ക്ക് കീഴില്‍ 10 പേരെ ഉള്‍പ്പെടുത്തിയാണ് ഔട്ട്ഡോര്‍ പരിശീലനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: