കാസര്‍കോട്: എന്‍മകജെ ഗ്രാമപഞ്ചായത്തിലെ വിവിധ അതിര്‍ത്തി റോഡുകള്‍ തുറക്കുന്നതിനുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അപേക്ഷയും, വൊര്‍ക്കാടി ഗ്രാമപഞ്ചായത്തിലെ വിവിധ അതിര്‍ത്തി റോഡുകള്‍ തുറക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമര്‍പ്പിച്ച അപേക്ഷയും നിലവിലെ സാഹചര്യത്തില്‍ പരിഗണിക്കാന്‍ നിര്‍വ്വാഹമില്ലയെന്ന് ജില്ലാതല കൊറോണ കോര്‍ കമ്മറ്റി യോഗം വിലയിരുത്തി.
സര്‍ക്കാര്‍ തീരുമാന പ്രകാരം തലപ്പാടി അതിര്‍ത്തി വഴി മാത്രമേ ജില്ലയിലേക്ക് യാത്രാനുമതിയുള്ളൂ. എല്ലാ റോഡുകളിലും ചെക്‌പോസ്റ്റ് സജ്ജീകരിക്കുന്നതിന് ആവശ്യമായ പോലീസ്, ആരോഗ്യവകുപ്പ് ജീവനക്കാര്‍ ലഭ്യമല്ലാത്തതിനാല്‍ കൂടുതല്‍ ജീവനക്കാരെ അനുവദിക്കുന്ന മുറയ്‌ക്ക് സര്‍ക്കാരില്‍ നിന്നുള്ള തീരുമാനത്തിനു വിധേയമായി മാത്രം തുടര്‍നടപടി സ്വീകരിക്കും. കളക്ടറേറ്റില്‍ നടന്ന ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ ജില്ലാകളക്ടര്‍ ഡോ ഡി.സജിത് ബാബു അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന ജില്ലയിലേക്കുള്ള യാത്രക്കാരെ കൊണ്ടുവരുന്നതിന് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഏര്‍പ്പാടാക്കും. സ്വന്തം വാഹനത്തിലോ ടാക്‌സിയിലോ യാത്ര ചെയ്യാന്‍ സാഹചര്യമില്ലാത്ത, സര്‍ക്കാര്‍ സംവിധാനത്തില്‍ വരാന്‍ താല്‍പര്യമുള്ളവരെ മാത്രം ഈ വാഹനത്തില്‍ കൊണ്ടു വരും. എയര്‍പോര്‍ട്ടിലുള്ള ലെയ്‌സണ്‍ ഓഫീസര്‍മാര്‍ ഈ വാഹനത്തില്‍ വരുന്നവരുടെ വിവരങ്ങള്‍ പ്രൊഫോര്‍മയില്‍ തയ്യാറാക്കി ബന്ധപ്പെട്ട ഓഫീസര്‍മാര്‍ക്ക് വാട്‌സ്ആപ് വഴി അയക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: