തൃശൂര്‍: ചാലക്കുടി കൊരട്ടി ഗാന്ധിഗ്രാം ത്വക്രോഗാശുപത്രിയിലെ കൊറോണ രോഗികള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി. മൂന്ന് നേരം ഒരാളുടെ വിശപ്പിനുള്ള ഭക്ഷണം ലഭിക്കാതെ രോഗികള്‍ വലയുന്ന അവസ്ഥയാണ്. മരുന്ന് കഴിക്കുമ്പോള്‍ കൃത്യമായി ഭക്ഷണം ലഭിക്കാതെ പലരും തളര്‍ന്ന് വീഴുന്ന അവസ്ഥയിലാണെന്ന് പറയുന്നു.
നഴ്സുമാരോട് ആവശ്യപ്പെടുമ്പോള്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യുാന്‍ സാധിക്കില്ലെന്നാണ് മറുപടി. 48ഓളം രോഗികളാണ് ഇപ്പോള്‍ ഇവിടെ ചികിത്സയില്‍ കഴിയുന്നത്. പണം നല്‍കാമെന്ന് പറഞ്ഞിട്ടും ഇവിടെ എത്തിക്കുന്ന ഗുണനിലവാരം കുറഞ്ഞ ഭക്ഷണം മാത്രം കഴിച്ച് ജീവിതം തള്ളിനീക്കേണ്ട ഗതികേടിലാണ് കൊറോണ രോഗികള്‍. രാവിലെ അപ്പം, ഇഡലി, ഉച്ചക്ക് ചോറ്, സാമ്പാര്‍, രാത്രി ചപ്പാത്തിയുമാണ് ഭക്ഷണം. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ നിന്ന് 25 പേരെയാണ് ഇവിടേക്ക് മാറ്റിയത്. കൊരട്ടിയില്‍ പഞ്ചായത്ത് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നവരാണ് ഭക്ഷണം എത്തിക്കുന്നത്.
ചാലക്കുടിയില്‍ രാവിലേയും വൈകിട്ടും സേവാഭാരതിയായിരുന്നു ഭക്ഷണമെത്തിച്ചിരുന്നത്. കൊരട്ടിയിലും സേവാഭാരതി ഭക്ഷണം നല്‍കാമെന്ന് അറിയിച്ചിട്ടും ബന്ധപ്പെട്ട അധികൃതര്‍ അനുവാദം നല്‍കിയില്ലെന്ന് പറയുന്നു. കഴിഞ്ഞ ദിവസം ഭക്ഷണം ആവശ്യത്തിന് ലഭിക്കാതെ രോഗികളും ജീവനക്കാരും തമ്മില്‍ ബഹളമുണ്ടായതായും പരാതിയുണ്ട്. തങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും ഭക്ഷണം ലഭിക്കാതെ തളര്‍ന്ന് വീഴുന്ന അവസ്ഥയാണെന്നും വിവരിക്കുന്ന രോഗികളുടെ ശബ്ദസന്ദേശം പുറത്തായതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: