തിരുവനന്തപുരം: കൊറോണ വ്യാപന കാലത്ത് കൂടുതല്‍ പേര് സ്മാര്‍ട്ടായതോടെ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് വേഗം കുറഞ്ഞു. പഠനം മുതല്‍ മദ്യപാനത്തിന് വരെ ഇന്റര്‍നെറ്റ് അവിഭാജ്യഘടകമായതോടെ ചുരുങ്ങിയ ദിവസങ്ങളില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായി. സംസ്ഥാനത്ത് സ്മാര്‍ട്ട് ഫോണിന്റെയും ഓണ്‍ലൈനിന്റെയും ഉപയോഗം വര്‍ധിപ്പിച്ചതോടെ ഇന്റര്‍നെറ്റ് വേഗം കിതച്ചുതുടങ്ങി.
വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ്, ഡിജിറ്റല്‍ ഓഫീസ്, ഓണ്‍ലൈന്‍ ട്രാന്സാക്ഷന് തുടങ്ങിയവ വര്‍ധിച്ചത് ഇന്റര്‍നെറ്റ് ബാന്‍ഡ്വിഡ്ത്തിനെ ബാധിച്ചു. അണ്‍ലോക്ക്ഡ് പ്രഖ്യാപിച്ച ശേഷവും പ്രതിരോധം എന്നനിലയ്ക്ക് പുറത്തിറങ്ങാതെ വീടുകളില്‍ കഴിയാന്‍ തീരുമാനിച്ചതാണ് ഇന്റര്‍നെറ്റ് ഉപയോഗം പ്രധാനമായും വര്‍ധിക്കാന്‍ കാരണമായി കരുതുന്നത്. മിക്ക ഐടി കമ്പനികളും വര്‍ക്ക് ഫ്രം ഹോം എന്ന സംവിധാനത്തിലേക്ക് മാറി.
ഓണ്‍ലൈന്‍ പഠനം ആരംഭിച്ചതോടെ വിദ്യാര്‍ഥികളുടെ കൈകളിലെ സ്മാര്‍ട്ട് ഫോണുകളിലും കമ്പ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരായി. മദ്യവില്‍പ്പനയും ബവ്ക്യു ആപ്പ് വഴിയാക്കിയത് സ്മാര്‍ട്ട് ഫോണ്‍ തിരയുന്നവരുടെ എണ്ണം കൂട്ടി.
വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ വര്‍ധിച്ചത് ഇന്റര്‍നെറ്റ് ട്രാഫിക്കിന് കാരണമായി. പലപ്പോഴും ഡൗണാകുന്ന നിലവരെ മിക്ക കമ്പനികളുടെയും ഇന്റര്‍നെറ്റ് സേവനം മാറി.
കൂടുതല്‍ പേര് ഇന്റര്‍നെറ്റ് ആവശ്യക്കാരായതോടെ നിലവിലുള്ള സ്ഥലങ്ങളില്‍ നിന്ന് കൂടുതല്‍ ഇടങ്ങളിലേക്ക് സേവനം ലഭ്യമാക്കാന്‍ കമ്പനികള്‍ താത്പര്യം കുറച്ചു. ഓണ്‍ലൈന്‍ പഠനം സര്‍ക്കാര്‍ ആരംഭിച്ചതോടെ മൊബൈല്‍ റെയ്ഞ്ച് ലഭിക്കാത്ത ഇടങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തേണ്ട ആവശ്യകത സര്‍ക്കാരിന്റെ ബാധ്യതയായി. ലാന്‍ഡ് ഫിക്സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളെയാണ് ഇവിടങ്ങളില്‍ ഇന്റര്‍നെറ്റിനായി ആശ്രയിക്കുന്നത്.
സ്പീഡ് ടെസ്റ്റിങ് സേവനദാതാക്കളായ ഊക്ല പുറത്തുവിട്ട കണക്കുകള്‍ ഇതിനെ സാധൂകരിക്കുന്നു. 29.95 എംബിപിഎസ്, 31.09 എംബിപിഎസ് എന്നിങ്ങനെയാണ് മെയ് മാസത്തിലെ കണക്കുപ്രകാരം സംസ്ഥാനത്തെ ഫിക്സഡ് ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ ശരാശരി ഡൗണ്‍ലോഡ്, അപ്ലോഡ് സ്പീഡുകള്‍. മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡില്‍ 11.83 എംബിപിഎസ്, 4.61 എംബിപിഎസ് എന്നിങ്ങനെയാണ് ശരാശരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: