ഇടുക്കി: ദേവികുളം ഗ്യാപ്പ് റോഡില്‍ നിന്ന് മാത്രം കോടികള്‍ വിലമതിക്കുന്ന പാറ കരാര്‍ കമ്പനി പൊട്ടിച്ച് കടത്തി. നിലവില്‍ ഈ സ്ഥലത്തിന്റെ അവസ്ഥ അതീവ ഭയാനകമാണെന്ന് ഇവിടം സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും നടപടി ഇഴയുകയാണ്.
2018 നാലാം മാസത്തിലെ ഉടുമ്പന്‍ചോല ഭൂരേഖ തഹസില്‍ദാരുടെ റിപ്പോര്‍ട്ട് പ്രകാരം ചിന്നക്കനാല്‍ വില്ലേജിലെ ഗ്യാപ്പില്‍ മാത്രം പുറമ്പോക്ക് കൈയേറി പൊട്ടിച്ച് കടത്തിയത് 6.25 കോടിയുടെ പാറയാണ്. 44,747.52 ക്യുബിക് മീറ്റര്‍ പാറ (ഒരു ക്യുബിക് മീറ്ററിന് 2017ലെ വില പ്രകാരം 1397 രൂപ) പുറമ്പോക്ക് കൈയേറി ഖനനം ചെയ്തതായി സ്കെച്ച് സഹിതം അന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അന്നത്തെ കളക്ടര്‍ ഇതുമായി എത്തിയ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കമ്പനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയതിന് ചീത്തവിളിച്ച് മടക്കുകയാണ് ഉണ്ടായത്. പിന്നാലെ അശാസ്ത്രീയ നിര്‍മ്മാണം സംബന്ധിച്ച് വിവിധ ഉദ്യോഗസ്ഥരുടെ പത്തിലധികം റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും നടപടി എടുക്കേണ്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിസഹായത നടിക്കുകയാണ്.
42.78 കിലോ മീറ്റര്‍ റോഡ് കൂട്ടി പണിയുന്നതിന് 5,30,676 ക്യുബിക് മീറ്റര്‍ പാറ ആകെ ഖനനത്തിന് അനുവദിച്ചിരുന്നു. ഇതിന്റെ തുകയായ 13.67 കോടി കുറവ് വരുത്തിയാണ് ടെന്‍ഡര്‍ നല്കിയതും. പൊട്ടിക്കുന്ന പാറ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാനും അനുവദിയില്ല. അഹമ്മദാബാദിലെ ഒരു കമ്പനി 268 കോടിക്ക് കരാര്‍ എടുക്കുകയും ചെയ്തു. പിന്നീട് ഇത് കൊച്ചിയിലെ ഒരു കമ്പനിക്ക് ഉപകരാറായി നല്കി.
എന്നാല്‍ ദേശീയപാത സാങ്കേതിക വിഭാഗത്തിന്റേയും എന്‍ഐറ്റിയുടേയും പിഴവാണ് പിന്നാലെ ഇവിടെ കണ്ടെത്തിയത്. ജിയോളജി വിദഗ്ധര്‍ നടത്തിയ പഠനം പോരാതെ വന്നപ്പോള്‍ ജിയോ ടെക്നിക്കല്‍ വിദഗ്ധരെ സ്ഥലത്തെത്തിച്ചു, എന്നാല്‍ മലയിടിച്ചില്‍ തുടര്‍ന്നു. ഗ്യാപ്പ് റോഡിലാണ് പ്രശ്നങ്ങള്‍ അധികവും ഉണ്ടായത്. ഇവിടുത്തെ മലയുടെ ഘടന പഠിക്കാതെ നിര്‍മ്മാണം തുടര്‍ന്നതാണ് തിരിച്ചടിയായതെന്ന് ജില്ലാ ജിയോളജി വിഭാഗം മുമ്പെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വില്ലേജ് ഓഫീസര്‍ നല്കിയ റിപ്പോര്‍ട്ടില്‍ അശാസ്ത്രീയമായ നിര്‍മ്മാണവും സംരക്ഷണ ഭിത്തി കെട്ടാത്തതും കുത്തനെ പാറ പൊട്ടിച്ചതും വ്യക്തമാക്കുന്നുണ്ട്. നിര്‍മ്മാണത്തിനിടെ നിസാര കേസില്‍ വാഹനം പിടികൂടിയപ്പോള്‍ തന്നെ കോണ്‍ട്രാക്ടറുടെ ഉന്നതങ്ങളിലെ പിടി ബോധ്യമായതായി ഒരു ഉദ്യോഗസ്ഥന് ജന്മഭൂമിയോട് പറഞ്ഞു.
കാലവര്‍ഷത്തിലാണ് മലയിടിയുന്നത് എന്നതിനാല്‍ ഇതിനെ പ്രകൃതി ദുരന്തത്തിന്റെ ഗണത്തില്‍പ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു. നിര്‍മ്മാണത്തിന്റെ മേല്‍നോട്ടമുള്ള ഉദ്യോഗസ്ഥരും പിഴവ് തുടരുകയാണ്. പാറയിടിയുന്നതിനാല്‍ ഇവ എടുത്ത് ഉപയോഗിക്കുന്ന കരാറുകാരന് ലാഭം കൂടുകയാണെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: