ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ.കെ.മഹേശന്റെ മരണം സിബിഐ അന്വോഷിക്കണമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
മൈക്രോ ഫിനാന്‍സ് കേസില്‍ മഹേശന്‍ നിരപരാധിയാണ്. സാമ്പത്തിക ക്രമക്കേടുകളുമായി മഹേശന് ബന്ധമില്ല. എന്നാല്‍ മഹേശനെ ചിലര്‍ തേജോവധം ചെയ്തു. കള്ളക്കേസില്‍ കുടുക്കുമോയെന്ന ഭയം ഉണ്ടായിരുന്നു. സമനില തെറ്റിയ അവസ്ഥയിലായിരുന്നു മഹേശനെന്നും, ആശ്വസിപ്പിക്കാന്‍ താന്‍ ശ്രമിച്ചിരുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
മാനസികസംഘര്‍ഷം കൊണ്ട് സമനില തെറ്റിയ നിലയിലാണ് തനിക്കെതിരെ മഹേശന്‍ കത്ത് എഴുതിയത്. കത്തെഴുതിയതില്‍ ക്ഷമ ചോദിച്ച് തന്നെ വിളിച്ചിരുന്നു. എല്ലാ കാര്യങ്ങളും വിശദീകരിച്ച് മഹേശന്‍ എഴുതിയ കത്ത് തന്റെ കൈവശമുണ്ടെന്നും പ്രശനങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ തീരുമാനിച്ച ദിവസമാണ് മഹേശന്‍ മരിച്ചതെന്നും വെള്ളാപ്പള്ളി മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കെ.കെ മഹേശന്റെ ആത്മഹത്യാ കുറിപ്പില്‍ തന്റെ മരണത്തിന് ഉത്തരവാദി വെള്ളാപ്പളളി നടേശന്‍ ആണെന്നും എതിര്‍ക്കുന്നവരെ എല്ലാം വെള്ളാപ്പള്ളി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും കാട്ടിയിട്ടുള്ള സാഹചര്യത്തില്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത് സമഗ്രമായ അന്വേഷണം നടത്തുവാന്‍ പോലീസ് തയ്യാറാകണമെന്ന് ശ്രീനാരായണ സഹോദര ധര്‍മവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി സൗത്ത് ഇന്ത്യന്‍ വിനോദ് ആവശ്യപ്പെട്ടു. തന്നെ ഇല്ലാതാക്കാന്‍ വെള്ളാപ്പളളി നടേശന്‍ ശ്രമിക്കുന്നുവെന്ന് ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് മഹേശന്‍ ഒരാഴ്ചമുമ്പ് കത്തു നല്‍കിയിരുന്നു.
എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ ചരിത്രത്തിലാദ്യമായാണ് ഒരു യൂണിയന്‍ ഭാരവാഹി ആത്മഹത്യചെയ്യുന്നത്. വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യുംവരെ ശക്തമായ സമരം നടത്തും. ട്രഷറര്‍ പി ചന്ദ്രമോഹന്‍ വൈസ് ചെയര്‍മാന്‍ കണ്ടല്ലൂര്‍ സുധീര്‍, സെക്രട്ടറി ഇളമ്പടത്ത് രാധാകൃഷ്ണന്‍ ഭാരവാഹികളായ എം.എച്ച് വിജയന്‍, കുട്ടനാട് പ്രസാദ്, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് ചിങ്ങോലി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: