കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊലപാതകക്കേസിലെ പ്രതി സഹല്‍ ഹംസയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. അഭിമന്യുവിനെ കുത്തി വീഴ്ത്തിയ കോളേജിന് പിന്നിലെ ടെമ്പിള്‍ റോഡിലും പരിസരത്തുമാണ് തെളിവെടുപ്പ് നടത്തിയത്.
ഇന്നലെ രാവിലെ 11ന് അന്വേഷണ സംഘം തലവന്‍ എസിപി എസ്.ടി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ടെമ്പിള്‍ റോഡിലെ ഐഎംഎ ബ്ലഡ് ബാങ്കിന് സമീപത്താണ് സഹല്‍ അഭിമന്യുവിനെ നെഞ്ചില്‍ കുത്തിയത്. ഈ സ്ഥലം പോലീസിന് കാണിച്ച് കൊടുത്തു. നവാഗതരെ വരവേല്‍ക്കാന്‍ എസ്എഫ്ഐ പെയ്ന്റ് ചെയ്ത കോളേജ് മതിലില്‍ കാമ്പസ് ഫ്രണ്ട് കയ്യേറി എഴുതിയതും സഹല്‍ കാണിച്ചു കൊടുത്തു. നെഞ്ചില്‍ കുത്തേറ്റ അഭിമന്യു ജനറല്‍ ആശുപത്രി ഭാഗത്തേക്കാണ് ഓടിയത്. എന്നാല്‍ 20 മീറ്റര്‍ അകലെവച്ച് കുഴഞ്ഞ് വീണു. ഈസ്ഥലവും തുടര്‍ന്ന് രക്ഷപ്പെട്ട വഴിയും കേസിലെ പത്താം പ്രതിയായ സഹല്‍ അന്വേഷണ സംഘത്തിന് വ്യക്തമാക്കികൊടുത്തു. തെളിവെടുപ്പ് വീഡിയോയില്‍ പകര്‍ത്തി.
പ്രതി കര്‍ണാടകയില്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തണമെന്ന് എസിപി എസ്.ടി. സുരേഷ്കുമാര്‍ പറഞ്ഞു. കൊറോണ നിയന്ത്രണങ്ങളുടെ പശ്ത്താലത്തില്‍ സര്‍ക്കാരില്‍ നിന്ന് പ്രത്യേകം അനുമതി വാങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ രണ്ടിടങ്ങളിലും തെളിവെടുപ്പ് നടത്തണം. കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. എട്ട് ദിവസത്തേക്കാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. 18നാണ് പ്രതി എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: