തിരുവനന്തപുരം:വിദേശ നാടുകളില്‍ നിന്നും എയര്‍പോര്‍ട്ടിലെത്തുന്നവര്‍ക്ക് അവിടെ തന്നെ ആന്റി ബോഡി ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഒരു അധിക സുരക്ഷാ നടപടിയാണ്. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ ഉണ്ടാക്കിയ ശേഷം പ്രത്യക്ഷപ്പെടുന്ന ഐജിഎം, ഐജിജി ആന്റി ബോഡികളാണ് ടെസ്റ്റ് ചെയ്യുന്നത്. ഐജിഎം, ഐജിജി ആന്റി ബോഡികള്‍ കണ്ടെത്തുകയാണെങ്കില്‍ പിസിആര്‍ ടെസ്റ്റ് കൂടി നടത്തും.
ആന്റിബോഡികള്‍ കാണാത്ത നെഗറ്റീവ് റിസള്‍ട്ടുള്ളവര്‍ക്ക് രോഗമില്ലെന്ന് തീര്‍ത്തും പറയാനാവില്ല. രോഗാണു ശരീരത്തിലുള്ളവരില്‍ രോഗലക്ഷണം കാണുന്നത് വരെയുള്ള സമയത്ത് ടെസ്റ്റ് നടത്തിയാല്‍ ഫലം നെഗറ്റീവ് ആയിരിക്കും. അതുകൊണ്ട് ആന്റി ബോഡി ടെസ്റ്റ് നെഗറ്റീവാകുന്നവര്‍ തെറ്റായ സുരക്ഷാ ബോധത്തില്‍ കഴിയാന്‍ പാടില്ല. അവര്‍ക്ക് പിന്നീട് കോവിഡ് ഉണ്ടായിക്കൂടെന്നില്ല. അവരും കര്‍ശനമായ സമ്പര്‍ക്ക വിലക്കില്‍ ഏര്‍പ്പെടേണ്ടതാണ്. ഇക്കാര്യത്തില്‍ ശരിയായ ബോധവല്‍ക്കരണം നടത്തും.രോഗവ്യാപനം തടയാന്‍ പ്രവാസികളുടെ സന്നദ്ധത മാത്രം മതിയാകില്ല. ബ്രേയ്‌ക്ക് ദ ചെയിന്‍ ക്യാമ്പെയ്ന്‍ കൂടുതല്‍ ആത്മാര്‍ഥമായി മുന്നോട്ടുകൊണ്ടുപോയേ തീരൂ. കൈകള്‍ ശുചിയാക്കുക, മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക എന്നീ മൂന്നു കാര്യങ്ങളില്‍ വീഴ്ച പാടില്ല.
ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത കേസുകളുടെ കാര്യത്തില്‍ പരിഹാരം കണ്ടെത്താന്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണ്. നിലവില്‍ വളരെ ചുരുക്കം കേസുകളിലേ ഉറവിടം കണ്ടെത്താന്‍ സാധിക്കാതെ പോയിട്ടുള്ളൂ. നടത്തുന്ന യാത്രയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി വയ്‌ക്കാന്‍ എല്ലാവരും സന്നദ്ധരാവണം. ബ്രേയ്‌ക്ക് ദ ചെയിന്‍ ഡയറി സൂക്ഷിക്കണം. കയറിയ വാഹനത്തിന്റെ നമ്പര്‍, സമയം, സന്ദര്‍ശിച്ച ഹോട്ടലിന്റെ വിശദാംശങ്ങള്‍ സമയം തുടങ്ങിയവ ഒരു പുസ്തകത്തിലോ ഫോണിലോ മറ്റോ രേഖപ്പെടുത്തി വെയ്‌ക്കണം. ഇതു രോഗബാധിതന്‍ സന്ദര്‍ശിച്ച സ്ഥലങ്ങള്‍ കണ്ടെത്താനും ആരൊക്കെ ആ സമയങ്ങളില്‍ പ്രസ്തുത സ്ഥലങ്ങളില്‍ ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാനും സഹായിക്കും.
നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ തുടര്‍ന്നാല്‍ പോലും, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി നല്‍കുന്ന കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് അവസാനത്തോടെ കേരളത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ആക്റ്റീവ് കേസുകളുടെ എണ്ണം വലുതാണ്. ഇത് നിലവിലുള്ള അവസ്ഥ വെച്ചുള്ള സൂചനയാണ്. അതില്‍ കുറയാം അല്ലെങ്കില്‍ വര്‍ധിക്കാം. ശ്രദ്ധ പാളിയാല്‍ ഈ സംഖ്യ കൂടുതല്‍ വലുതാകും. അതുകൊണ്ട് നിയന്ത്രണങ്ങള്‍ എല്ലാം പാലിക്കാനും തീരുമാനങ്ങള്‍ക്ക് ആത്മാര്‍ഥമായ പിന്തുണ നല്‍കാനും ജനങ്ങള്‍ ഓരോരുത്തരും സന്നദ്ധരാകണം.
ഇന്ന് ഉച്ചവരെ (ജൂണ്‍ 25) വിദേശത്തുനിന്ന് 98,202 പേര്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അതില്‍ 96,581 (98.35 ശതമാനം) പേര്‍ വിമാനങ്ങളിലും 1,621 (1.65 ശതമാനം) പേര്‍ കപ്പലുകളിലുമാണ് എത്തിയിട്ടുള്ളത്.
തിരികെ എത്തിയവരില്‍ 36,724 പേര്‍ കൊച്ചിയിലും 31,896 കരിപ്പൂരിലുമാണ് വിമാനമിറങ്ങിയത്. അവിടെ വരുന്ന യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ – സ്‌ക്രീനിങ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഉള്‍പ്പെടെയുള്ളവ – ആവശ്യാനുസരണം സജ്ജീകരിക്കും. തിരികെ എത്തിയവരില്‍ 72,099 പേര്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ഏഴു ജില്ലകളില്‍ നിന്നുള്ളവരാണ്.
താജികിസ്ഥാനില്‍ നിന്നെത്തിയവരില്‍ 18.18 ശതമാനവും റഷ്യയില്‍നിന്ന് എത്തിയവരില്‍ 9.72 ശതമാനവും നൈജീരിയയില്‍ നിന്നെത്തിയവരില്‍ 6.51 ശതമാനവും കുവൈത്തില്‍ നിന്നെത്തിയവരില്‍ 5.99 ശതമാനവും സൗദിയില്‍ നിന്നെത്തിയവരില്‍ 2.33 ശതമാനവും യുഎഇയില്‍ നിന്നെത്തിയവരില്‍ 1.6 ശതമാനവും ഖത്തറില്‍ നിന്നെത്തിയവരില്‍ 1.56 ശതമാനവും ഒമാനില്‍ നിന്നെത്തിയവരില്‍ 0.78 ശതമാനവുമാണ് കോവിഡ് ബാധിതര്‍.
ജൂണ്‍ 25 മുതല്‍ 30 വരെ 111 ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകളും 43 വന്ദേഭാരത് ഫ്‌ളൈറ്റുകളുമാണ് വിദേശ മന്ത്രാലയം ചാര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ 72 ഫ്‌ളൈറ്റുകളാണ് വിദേശങ്ങളില്‍നിന്ന് എത്തിയത്. നാളെ മുതല്‍ ദിവസം 40-50 ഫ്‌ളൈറ്റുകളാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിക്കും കോഴിക്കോട്ടുമാണ് കൂടുതല്‍ ഫ്‌ളൈറ്റുകള്‍. ഇത് കണക്കിലെടുത്ത് എല്ലാ വിമാനത്താവളത്തിലും വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോവിഡ് പരിശോധനയ്‌ക്കുള്ള ആന്റിബോഡി കിറ്റ് എല്ലായിടത്തേക്കും എത്തിച്ചു. പ്രത്യേക ബൂത്തുകള്‍ തയ്യാറാക്കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ ഇതിന് ചുമതലയുള്ളവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശവും നല്‍കി. പൊലീസിന്റെയും ആരോഗ്യവിഭാഗത്തിന്റെയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഇക്കാര്യത്തിലെ ഇടപെടല്‍ പ്രശംസനീയമാണ്. ഇങ്ങനെ 72 വിമാനങ്ങള്‍ വന്നപ്പോള്‍ എല്ലാ കാര്യങ്ങളും സുഗമമായി കൈകാര്യം ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.
കോവിഡ് രോഗികളുടെ ചികിത്സാര്‍ത്ഥം രോഗികളുടെ എണ്ണമനുസരിച്ച് സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനായി പ്ലാന്‍ എ, ബി, സി എന്നിവ തയ്യാറാക്കിയിട്ടുണ്ട്. കോവിഡ് രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുന്നതിനായാണ് ഇത്തരത്തില്‍ സജ്ജീകരണങ്ങള്‍ ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: