ബെംഗളൂരു: ശുചീകരണ തൊഴിലാളികള്‍ മടിച്ചു നിന്നപ്പോള്‍ മാന്‍ഹോളില്‍ (ആള്‍നൂഴി) ഇറങ്ങി അഴുക്കു ചാല് വൃത്തിയാക്കി മംഗളൂരു കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍. കാദ്രി സൗത്ത് വാര്‍ഡ് കൗണ്‍സിലര്‍ കാദ്രി മനോഹര്‍ ഷെട്ടിയാണ് മാതൃകാ പ്രവൃത്തനം നടത്തിയത്.
കൗണ്‍സിലറുടെ പ്രവൃത്തി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ രാഷ്ട്രീയ ഭേദമന്യേ നിരവധി പേരാണ് ഷെട്ടിയെ അഭിനന്ദിച്ചത്. വാര്‍ഡിലെ അഴുക്കുചാലില്‍ മാലിന്യങ്ങള്‍ നിറഞ്ഞ് അടഞ്ഞു കിടന്നതിനാല്‍ മഴവെള്ളം ഒഴുകിപോകാതെ പ്രദേശത്ത് പല സ്ഥലത്തും വെള്ളക്കെട്ടു രൂപപ്പെട്ടു.
വിഷയം ശ്രദ്ധയില്‍പ്പെട്ട മനോഹര്ഷെട്ടി അഴുക്കുചാല്‍ വൃത്തിയാക്കാന്‍ കോര്‍പ്പറേഷനിലെ ശൂചീകരണ തൊഴിലാളികളോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ മാന്‍ഹോളില്‍ ഇറങ്ങാന്‍ തയ്യാറായില്ല. ഇതോടെയാണ് ഷെട്ടി മാന്‍ഹോളിലൂടെ ഇറങ്ങി അഴുക്കുചാലിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തത്. ശുചീകരണ തൊഴിലാളികള്‍ അടക്കം നിരവധി പേര് നോക്കിനില്‍ക്കെയായിരുന്നു എല്ലാവരെയും അത്ഭുതപ്പെടുത്തി ഷെട്ടി മാന്‍ഹോളിലൂടെ അഴുക്കുചാലിലേക്ക് ഇറങ്ങിയത്.
ഷെട്ടി മാലിന്യങ്ങള്‍ നീക്കാന്‍ ആരംഭിച്ചതോടെ ശുചീകരണ തൊഴിലാളികളും നാട്ടുകാരും ഒപ്പം ചേര്‍ന്നു. ഏകദേശം ഒരുമണിക്കൂര്‍ കൊണ്ട് അഴുക്കുചാല്‍ വൃത്തിയാക്കി ജലമൊഴുക്ക് സുഗമമാക്കി. ഷെട്ടിയുടെ പ്രവൃത്തികള്‍ ചിത്രീകരിച്ച ചിലര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുകയായിരുന്നു.
പൊതുജനങ്ങളുടെ പരാതി പരിഹരിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും തന്റെ ജോലിമാത്രമാണ് ചെയ്തതെന്നും ഷെട്ടി പറഞ്ഞു. എന്റെ വാര്‍ഡിന്റെ പ്രശ്നമായതിനാല്‍ അത് സ്വയം പരിഹരിക്കാനുള്ള ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുത്തു. ഇതോടെ എന്നെ പിന്തുണക്കാന്‍ എല്ലാവരുമെത്തി. ആരെയും കാത്തു നില്‍ക്കാതെ നാം ആരംഭിക്കുമ്പോള്‍ മാറ്റങ്ങളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: