കാട്ടാക്കട: തളര്‍ന്ന ശരീരവും തളരാത്ത മനസുമായി അജി തുന്നിക്കൂട്ടിയ വര്‍ണക്കുടകള്‍, പെന്‍പോള്‍ സ്ഥാപകന്‍ സി. ബാലഗോപാലിന്റെ സഹായത്തില്‍ ‘പ്രതീക്ഷ’ ചാരിറ്റബിള്‍ ട്രസ്റ്റ് വിലയ്ക്ക് വാങ്ങി. ആ കുടകള്‍ ഇനി നേമം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തണലേകും.
പൂവച്ചല്‍ ആലമുക്ക് പുതുക്കോണം ജീസസ് വില്ലയില്‍ എസ്.വി. അജികുമാര്‍ ഇരുപത്തിയൊന്നാം വയസില്‍ മരത്തില്‍ നിന്ന് വീണ് നടുവിന് ക്ഷതമേറ്റു. പൊട്ടിപ്പോയ നട്ടെല്ലില്‍ ആറ് കമ്പികള്‍ ഇട്ടെങ്കിലും അരയ്ക്ക് കീഴേ തളര്‍ന്നുപോയി. പ്രമേഹരോഗിയായ ഭാര്യ രമ്യയ്ക്കും 65 വയസ് കഴിഞ്ഞ കിടപ്പുരോഗിയായ അമ്മയ്ക്കും ആശ്രയം അജി മാത്രം. വീല്‍ചെയറില്‍ കുടുങ്ങിയെങ്കിലും ആരുടെ മുന്നിലും കൈനീട്ടാന്‍ അജി ഒരുക്കമല്ലായിരുന്നു. സ്വന്തമായി അധ്വാനിച്ച് കുടുംബം പുലര്‍ത്താന്‍ തീരുമാനിച്ചു. അങ്ങനെയാണ് ഈ നാല്പ്പതുകാരന് കുടകള്‍ നിര്‍മിച്ച് വില്ക്കാന് തുടങ്ങിയത്.
സ്കൂള്‍ തുറക്കുമ്പോള്‍ അജിയെ അറിയുന്നവര്‍ കുട്ടികള്‍ക്ക് കുടയും ബാഗുമൊക്കെ വാങ്ങാനെത്തും. എന്നാല്‍ ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ സ്കൂള്‍ തുറക്കുന്നത് അനിശ്ചിതമായി നീണ്ടു. സ്കൂള്‍ വിപണി പ്രതീക്ഷിച്ച് നിര്‍മിച്ച കുടകളൊക്കെ വില്‍ക്കാനാവാത്ത സ്ഥിതി. കഴിഞ്ഞ മാസം 22 ന് അജിയുടെ ദുരവസ്ഥ ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സി. ബാലഗോപാല്‍, അദ്ദേഹം മാര്‍ഗദര്‍ശിയായി പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ ചരിറ്റബിള്‍ ട്രസ്റ്റിനു വേണ്ടി അജി ഉണ്ടാക്കിയ കുടകള്‍ വാങ്ങാന്‍ സന്നദ്ധനാവുകയായിരുന്നു.
സ്കൂള്‍ വിപണി ലക്ഷ്യമാക്കി അജി തുന്നിയുണ്ടാക്കി, വിറ്റഴിക്കാന്‍ കഴിയാത്ത കുടകള്‍ ഒരെണ്ണം 360 രൂപ നിരക്കില്‍ 585 എണ്ണം 2,10,600 രൂപ നല്കി സി. ബാലഗോപാല്‍ ‘പ്രതീക്ഷ’യ്ക്ക് വാങ്ങി നല്കി. ഇന്നലെ ‘പ്രതീക്ഷ’ പ്രസിഡന്റ് വിളപ്പില്‍ രാധാകൃഷ്ണന്, ബാലഗോപാലിന്റെ സെക്രട്ടറി നാരായണഅയ്യര്‍ എന്നിവര്‍ അജിയില്‍ നിന്ന് കുടകള്‍ ഏറ്റുവാങ്ങി. നേമം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എട്ടു സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനം അനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുകള്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് ഈ കുടകള്‍ ‘പ്രതീക്ഷ’ സമ്മാനിക്കും.
ശിവാകൈലാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: