1975 ഡിസംബര്‍ എട്ടിനാണ് താനുള്‍പ്പെടെയുള്ളവര്‍ സത്യഗ്രഹ സമരത്തില്‍ പങ്കെടുത്തതെന്ന് പി. ബാലഗോപാലന് ഓര്‍ക്കുന്നു. കാരപ്പറമ്പില്‍ നിന്ന് ഒ. ശങ്കരന്. ബി. അശോകന്, എന്‍. പുരുഷോത്തമന്, നടക്കാവില്‍ നിന്ന് സി. ആദിത്യന്, വെള്ളയില്‍ നിന്ന് എ.വി. ലക്ഷ്മണന്, കെ.വി. അശോകന്, കെ. സി. ചന്ദ്രന്, ടിപി. രാമദാസ്, പുതിയാപ്പയില് നിന്ന് കെ. ജനാര്ദ്ദനന്, പുതിയറയിലെ ശിവപ്രസാദ്, ഗംഗാധരന്, കരുണാകരന്, ബാലന്, രാമദാസ്, കെ. ശിവപ്രസാദ്, സുബ്രഹ്മണ്യന് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
പ്രക്ഷോഭകരെ അടിച്ചോടിക്കാനായിരുന്നു പോലീസുകാരുടെ ഉന്നം. പ്രകടനത്തില്‍ പങ്കെടുത്ത മറ്റുള്ളവരെ മര്‍ദ്ദിച്ച് ഒതുക്കുകയായിരുന്നു. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും ഞങ്ങള്‍ എട്ടുപേര്‍ പോലീസിന് വേര്‍പെടുത്താനാവാത്ത തരത്തില്‍ റോഡില്‍ കിടന്നു മുദ്രാവാക്യം വിളിച്ചു.” ബാലഗോപാലന് അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തെ ഓര്‍ത്തെടുക്കുന്നു.
വൈകിട്ട് 5.30 നായിരുന്നു കല്ലായി റെയില്‍വേ സ്റ്റേഷന് സമീപം പ്രകടനം നടന്നത്. അന്നത്തെ എസ്ഐ യും സംഘവും ഒരുവിധം സമരക്കാരെ പിടിച്ചുകയറ്റി സ്റ്റേഷനിലെത്തിച്ചു. ഉടനീളം മര്‍ദ്ദനം തുടര്‍ന്നു. കസബ സ്റ്റേഷനിലേക്കും അവസാനം മെഡിക്കല്‍ കോളജ് സ്റ്റേഷനിലേക്കും. മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെ ഇരുട്ടുമുറി ഏറെ പ്രസിദ്ധമാണ്.
അണ്ടര്‍ഗ്രൗണ്ടിലെ മുറിയില്‍ എത്ര ഭീകര മര്‍ദ്ദനം നടന്നാലും ഒരാള്‍ പോലും പുറത്തിറിയില്ല. ചോദ്യം ചെയ്യലെന്ന പേരില്‍ നടന്നത് ഭീകര മര്‍ദ്ദനമായിരുന്നു. മൂന്നു ദിവസത്തോളം ഭക്ഷണം പോലും തരാതെ ലോക്കപ്പിലിട്ടു. പലരും ഛര്‍ദ്ദിച്ച് ഏതാണ്ട് അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് എട്ടുപേരെയും വാഹനത്തില്‍ കയറ്റി വയനാടന്‍ ചുരത്തില്‍ റോഡില്‍ തള്ളുകയായിരുന്നു.
കിലോമീറ്ററുകള്‍ ഇടവിട്ടാണ് ഓരോരുത്തരെയും ഇറക്കിവിട്ടത്. പക്ഷെ ഇത്തരം അവസരങ്ങളില്‍ എങ്ങനെയാണ് ഒരുമിച്ചു ചേരേണ്ടത് എന്നതിനെക്കുറിച്ച് നേരത്തെ നിര്‍ദ്ദേശം ലഭിച്ചിരുന്നു. ആദ്യം ഇറങ്ങിയ ആള് മുന്നോട്ടും അവസാനം ഇറങ്ങിയ ആള് പിറകോട്ടും നടക്കുകയായിരുന്നു. എല്ലാവരും ഒരുമിച്ചു ചേര്‍ന്നതിന് ശേഷം അര്‍ദ്ധരാത്രിയോടെ കോഴിക്കോട്ടേക്കുള്ള കെഎസ്ആര്‍ടിസിയില്‍ കയറിപ്പറ്റി കോഴിക്കോട്ട് എത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: