കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് വാര്‍ഡുകളില്‍ അടക്കം ജോലിയെടുത്ത താല്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണിവര്‍. 99 താല്കാലിക ജീവനക്കാരെ പിരിച്ച് വിടാന്‍ ഉത്തരവായതില്‍ 75 പേരെയും നിലവില്‍ പിരിച്ച് വിട്ട് കഴിഞ്ഞു.
90 പേരും ഐസോലേഷന് വാര്‍ഡില്‍ ജോലി എടുത്തവരാണ്. കോവിഡ് സാഹചര്യത്തില്‍ നിലവിലെ ജോലി പോയാല്‍ വീട്ട്ജോലി പോലും ലഭിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. പല കുടുംബങ്ങളും ഈയൊരു വരുമാനം മാത്രം കൊണ്ടാണ് ജീവിച്ച് വന്നിരുന്നത്. ഇനി എങ്ങോട്ടെന്നറിയാതെ വിഷമത്തിലാണ് ഇവര്‍. മുന്ന് മാസത്തേക്കാണ് ഗ്രേഡ് ഒന്ന്, രണ്ട് തസ്തികകളിലേക്ക് താല്കാലിക ജീവനക്കാരെ നിയമിക്കുന്നത്. ഇപ്പോഴുള്ളവരെല്ലാം ജനുവരിയില്‍ നിയമിക്കപ്പെട്ടവരാണ്. കോവിഡ് പശ്ചാത്തലത്തില്‍ പിന്നീട് നീട്ടി നല്‍കുകയായിരുന്നു.
ഇപ്പോള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍നിന്ന് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് പുതിയ ആളുകളെ നിയമിച്ചതിനെ തുടര്‍ന്നാണ് താല്‍ക്കാലിക ജീവനക്കാരെ പിരിച്ച് വിടുന്നത്. 660 രൂപയാണ് ഇവരുടെ ദിവസവേതനം. പലരും തുടര്‍ച്ചയായി ജോലി എടുത്തവരുമാണ്.
വീട്ടില്‍ പോകാന്‍ കഴിയാതെ ജോലിയില്‍ മുഴുകിയിരുന്നപ്പോഴും കാന്റീനിലെ ക്ലോറിന്‍ ചുവയ്ക്കുന്ന ഭക്ഷണമായിരുന്നു ഇവര്‍ക്ക് ലഭിച്ചിരുന്നത്. എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച് ജീവന് പണയം വെച്ച് ഐസോലേഷന് വാര്‍ഡില്‍ ജോലി എടുത്തവരാണ്. ഈ പണി ഇല്ലാതായാല്‍ ഇവരുടെ ജീവിതം ദുസ്സഹമാകും. മറ്റിടങ്ങളില്‍ ജോലി കിട്ടുക എന്നത് ഏറെ പ്രയാസമായിരിക്കും. ജോലിയില്‍ തുടരാന്‍ സാഹചര്യമൊരുക്കണമെന്നതാണ് ഇവരുടെ ആവശ്യം. പലരും പത്തിലധികം വര്‍ഷമായി ഇവിടെ ജോലി ചെയ്ത് വരുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: