കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വെള്ളക്കെട്ടുകള്‍ പരിഹരിക്കാനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്. ഇന്നലെ ടാഗോര്‍ ഹാളില്‍ ചേര്‍ന്ന കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ കെ.ടി. ബീരാന്‍കോയയുടെ ശ്രദ്ധക്ഷണിക്കിലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിര്‍മാണം തുടങ്ങിയ ഡ്രെയ്നേജിന്റെ പ്രവൃത്തി വേഗത്തിലാക്കാന്‍ കരാറുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കല്ലായിപ്പുഴയും കനോലി കനാലും ചേരുന്ന ഭാഗത്തെ ചെളി നീക്കം ചെയ്യാതെ വെള്ളക്കെട്ട് പൂര്‍ണമായി പരിഹരിക്കാന്‍ സാധിക്കില്ല. പുഴയില്‍ നിന്ന് എടുക്കുന്ന ചെളി നിക്ഷേപിക്കാനുള്ള സ്ഥലം ഇല്ലാത്തതു കൊണ്ടാണ് കരാറുകാര്‍ പ്രവൃത്തി ഏറ്റെടുക്കാത്തത്. ചളി ആഴക്കടലില്‍ നിക്ഷേപിക്കുന്നത് സംബന്ധിച്ച് സര്‍ക്കാറുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഏഴാം ഘട്ടത്തിലുള്ള ഡിപിആര്‍ തയ്യാറാക്കുകയും ഇതിനായി 918 അപേക്ഷകള്‍ സ്വീകരിക്കുകയും ഫെബ്രുവരിയില്‍ നടപടികള്‍ പൂര്‍ത്തിയാകുകയും ചെയ്തതാണെങ്കിലും തുടര്‍നടപടികള്‍ വൈകുകയാണെന്ന് ബിജെപി കൗണ്‍സിലര്‍ നമ്പിടി നാരായണന് ശ്രദ്ധക്ഷണിച്ചു. ജൂലൈ 15ലെ സെക്രട്ടറിതല യോഗത്തിനുശേഷം നടപടികള്‍ ആരംഭിക്കുമെന്ന് സെക്രട്ടറി മറുപടി നല്കി.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോഴിക്കോട് കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ അടിയന്തര പ്രമേയം. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെ അപമാനിച്ചുവെന്നായിരുന്നു സിപിഎം കൗണ്‍സിലറായ അഡ്വ. സി.കെ. സീനത്ത് അവതരിപ്പിച്ച അടിയന്തര പ്രമേയം. 14 നെതിരെ 47 വോട്ടിനാണ് പ്രമേയം പാസാക്കിയത്. അടിയന്തര പ്രമേയത്തെ കോണ്‍ഗ്രസും മുസ്ലിം ലീഗും എതിര്‍ത്തു. ബിജെപിയുടെ ഏഴ് അംഗങ്ങള്‍ നിഷ്പക്ഷത പാലിച്ചു. ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ കെ.വി. ബാബുരാജ്, നമ്പിടി നാരായണന്, വിദ്യബാലകൃഷ്ണന് , എം. ശ്രീജ, ഉഷാദേവി, ശ്രീജ ഹരീഷ്, പി. ബിജുരാജ്, സി. അബ്ദുറഹിമാന് എന്നിവര്‍ സംസാരിച്ചു.
എരവത്ത് കുന്നില്‍ നഗരസഭയുടെ സ്ഥലം കയ്യേറുന്നെന്ന വിഷയത്തില്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ മേയര്‍ നഗരാസൂത്രണ വിഭാഗത്തിന് നിര്‍ദ്ദേശം നല്കി. നഗരത്തില്‍ മറ്റ് ഭാഗങ്ങളില്‍ കയ്യേറ്റമുണ്ടോയെന്ന കാര്യവും പരിശോധിക്കും. എം.പി.രാധാകൃഷ്ണനാണ് ശ്രദ്ധക്ഷണിച്ചത്. മൂഴിക്കല്‍ ഒതയോത്ത് കനാല്‍ ഇടിയുന്നത് തടയാന്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് മേയര്‍ പറഞ്ഞു. പി.കെ. ശാലിനിയാണ് ശ്രദ്ധ ക്ഷണിച്ചത്. കഴിഞ്ഞ പ്രളയത്തില്‍ പെട്ടവര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ നടപടിയെടുക്കും. വിദ്യാബാലകൃഷ്ണന്, എസ്.വി. മുഹമ്മദ് ഷമീല്‍ തുടങ്ങിയവരും വിവിധ വിഷയങ്ങളില്‍ കൗണ്‍സിലിന്റെ ശ്രദ്ധക്ഷണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: