കോഴിക്കോട്: കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന ആവശ്യവുമായി ഉദ്യോഗാര്‍ത്ഥികള്‍. എസ്എഫ്ഐ നേതാക്കളുടെ കോപ്പിയടി വിവാദം, കോവിഡ് എന്നിവയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ആറുമാസമായി നിയമനം നടക്കുന്നില്ല. 2019 ജൂലൈ ഒന്നിന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി 2020 ജൂണ്‍ 30ന് അവസാനിക്കുമെന്നും ആദ്യഘട്ട നിയമനശേഷം കഴിഞ്ഞ ആറുമാസക്കാലമായി നിയമനങ്ങള്‍ നടക്കാതെ കിടക്കുകയാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കേരളമൊട്ടാകെ ഏഴു ബറ്റാലിയനിലേക്ക് നിയമനമാണ് നടക്കാതിരിക്കുന്നത്. എഴുത്തു പരീക്ഷ വിജയിച്ച് ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മൂന്നിലൊന്നു ഉദ്യോഗാര്‍ത്ഥികള്‍ മാത്രമാണ് ഫിസിക്കല്‍ ടെസ്റ്റും മെഡിക്കല്‍ ടെസ്റ്റും പാസ്സായി റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കുന്നത്. റാങ്ക് ലിസ്റ്റിന്റെ തുടക്കത്തില്‍ യൂണിവേഴ്സിറ്റി കേസ് മൂലം നാലു മാസം റാങ്ക് ലിസ്റ്റ് മരവിപ്പിച്ചിരുന്നു. അതിനാല്‍ നാലുമാസം വൈകിയാണ് പോലീസ് ലിസ്റ്റിന്റെ നിയമനം തുടങ്ങിയത്. എന്നാല്‍ 2019 നു ശേഷം ഒഴിവുകള്‍ പിഎസ്സി ഓഫീസുകളില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥിതി ഉണ്ടായി. 2020 ലെ ഒഴിവുകളുടെ വിവരാവകാശ രേഖകളുമായി വകുപ്പുതല ഓഫീസുകളില്‍ കയറിയിറങ്ങിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉടനെ നടപടികള്‍ ഉണ്ടാകും എന്ന മറുപടിയാണ് കിട്ടിയത്.
കോവിഡ് പ്രതിസന്ധി കൂടി വന്നതോടെ ലിസ്റ്റ് മരവിച്ച അവസ്ഥയിലാണ്. 2020 മാര്‍ച്ച് 18 ന് മറ്റ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി ജൂണ്‍ 19 വരെ സര്‍ക്കാര്‍ നീട്ടിയെങ്കിലും 2020 ജൂണ്‍ 30 വരെ നിലവില്‍ കാലാവധിയുള്ള സിവില്‍ പോലീസ് റാങ്ക് ലിസ്റ്റിന്റെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. കോവിഡ് 19 സാഹചര്യത്തില്‍ സിവില്‍ പോലീസ് റാങ്ക് ലിസ്റ്റിന് നാല് മാസത്തെ നിയമന തടസമാണ് നേരിട്ടിരിക്കുന്നത്. ഇതോടെ നാല് മാസം മാത്രമാണ് സിവില്‍ പോലീസ് റാങ്ക് ലിസ്റ്റ് സംബന്ധിച്ച പ്രവര്‍ത്തനങ്ങളും നിയമനങ്ങളും നടന്നിട്ടുള്ളത്.
ആകെ മൊത്തം ഇതുവരെ നഷ്ടപ്പെട്ട എട്ടു മാസം കൂടി സര്‍ക്കാര്‍ ഈ റാങ്ക് ലിസ്റ്റിന് കൂട്ടിനല്കിയെങ്കില് മാത്രമേ അര്‍ഹതപ്പെട്ട നിയമനങ്ങള്‍ ലിസ്റ്റില്‍ നിന്നും ലഭിക്കുകയുള്ളൂവെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. പോലീസിലെ ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ സന്നദ്ധപ്രവര്‍ത്തകരെ പോലീസ് സേനയില്‍ എടുക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
സ്ഥിതിഗതികള്‍ പരിശോധിച്ച് സര്‍ക്കാര്‍ എത്രയും വേഗം നഷ്ടപെട്ട എട്ടുമാസം കൂടി സിവില്‍ പോലീസ് റാങ്ക് ലിസ്റ്റിന് അനുവദിച്ചു നിയമനനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. വാര്‍ത്താസമ്മേളനത്തില്‍ പി. അനന്തന്, ഷാരോണ്‍ ബാബു, എം.സി. രാഹുല്‍, അര്ജുന് ശേഖര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: