കോഴിക്കോട്: താനൂരില്‍ നിന്നെത്തിയ കോവിഡ് രോഗി പുതിയാപ്പയിലും പരിസരപ്രദേശങ്ങളിലും കറങ്ങിനടന്നതോടെ പുതിയാപ്പയില് അടച്ചിട്ട എഴുപത്തഞ്ചാം വാര്‍ഡിനൊപ്പം എഴുപത്തിനാലാം വാര്‍ഡിലെ ഒരു ഭാഗം കൂടി അടച്ചിടും.
പുതിയാപ്പ ഹാര്‍ബറുമായി പ്രദേശത്തുള്ളവര്‍ക്ക് ജോലിയുമായി ബന്ധമുള്ളതിനാലാണ് അടച്ചിടാനുള്ള സ്ഥലത്തിന്റെ വ്യാപ്തി കൂട്ടാന്‍ ആരോഗ്യവിഭാഗം ആലോചിക്കുന്നത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കലക്ടര്‍ക്ക് നല്‍കും. നിലവില്‍ അടച്ചിട്ട എഴുപത്തഞ്ചാം വാര്‍ഡില്‍ കര്‍ശനനിയന്ത്രണങ്ങളോടെ അതീവജാഗ്രതാനിര്‍ദ്ദേശം നല്കി. ഇയാള്‍ ബന്ധപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കികൊണ്ടിരിക്കുകയാണ് ആരോഗ്യവകുപ്പ്.
ഇയാള്‍ പുതിയാപ്പയില് നിന്ന് സഞ്ചരിച്ച ഓട്ടോഡ്രൈവറെയും ബന്ധപ്പെട്ട കട,ഹോട്ടല്‍ ജീവനക്കാരെയും ഉടമകളെയും ക്വാറന്റൈനിലേക്കയച്ചു. ഇയാളുടെ ബന്ധപ്പെട്ടവരുടെ ഫോണ്‍നമ്പര്‍ ശേഖരിച്ച് തുടര്‍നടപടികളുണ്ടാവും. ബന്ധപ്പെട്ട അന്യസംസ്ഥാനതൊഴിലാളികളെയും ക്വാറന്റൈന് ചെയ്തു. അവശ്യവസ്തുക്കളുടെയും ആരോഗ്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളൊഴികെ വാര്‍ഡിലെ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെല്ലാം അടച്ചിടും. വാര്‍ഡിലേക്കുള്ള റോഡുകളെല്ലാം പോലീസും കോര്പറേഷന് ആരോഗ്യവിഭാഗവും ചേര്‍ന്ന് സീല്‍ ചെയ്തു. കൗണ്‍സിലര്‍ കെ. നിഷ, കോവിഡ് ചുമതലയുള്ള പുതിയാപ്പ പിഎച്ച്സിയിലെ ഡോക്ടര്‍ മിഥുന് ശശി എന്നിവരുടെ നേതൃത്വത്തിലാണ് സംവിധാനങ്ങള്‍ ഒരുക്കുന്നത്.
കോവിഡ് രോഗി പലകാര്യങ്ങളും വിപരീതമായി പറഞ്ഞതിനാല്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഇയാള്‍ രാത്രികാലങ്ങളില്‍ മദ്യപിച്ചതായി സൂചനയുണ്ട് അങ്ങനെയെങ്കില്‍ രോഗം വര്‍ദ്ധിക്കാനുള്ള സാധ്യതയും വര്‍ദ്ധിക്കും. റൂം ക്വാറന്റൈന് ചെയ്തവരുടെ ബന്ധുക്കളെ കര്‍ശനമായ നിരീക്ഷണത്തിന് വിധേയമാക്കും. പോലീസിന്റെ പാസില്ലാതെ ആളുകള്‍ക്ക് പുറത്തേക്ക് പോവാന്‍ അനുവദിക്കില്ല. രോഗലക്ഷണമുള്ളവരെ അടിയന്തിരമായി മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റും. രണ്ടു ദിവസത്തിനകം ഇയാളില്‍ നിന്ന് മറ്റാര്‍ക്കെങ്കിലും പകര്‍ന്നിട്ടുണ്ടോ എന്ന് വ്യക്തമാവുകയുള്ളു.
കോര്പറേഷന് സോണല്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കൗണ്‍സിലര്‍ കെ നിഷ അധ്യക്ഷയായി. ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഗോപകുമാര്‍, ഡോ. മിഥുന് ശശി, എലത്തൂര്‍ എസ്ഐ കെ. അഷ്റഫ് വെള്ളയില്‍ എസ്ഐ രജീഷ്, കോസ്റ്റല്‍പൊലീസ് എസ്ഐ നന്ദകുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേന്ദ്രന്, തുടങ്ങിയവര്‍ പങ്കെടുത്തു.
കോവിഡ് രോഗി പുതിയാപ്പയിലും പരിസരപ്രദേശങ്ങളിലും കറങ്ങിനടന്നതിനാല്‍ പുതിയാപ്പ ഹാര്‍ബറും പരിസരവും ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ അഗ്നിശമന സേന അണുനശീകരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: