ചിത്താരി: കൊറോണ ഭീതിക്കിടെ കാസര്‍കോട്ട് ആഫ്രിക്കന്‍ ഒച്ചുകളുടെ താണ്ഡവം. ഇതോടെ ജനം പൊറുതിമുട്ടി. ചിത്താരി, ബദിയടുക്ക ഭാഗങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ ഭീഷണി ശക്തമായി നിലനില്‍ക്കുകയാണ്. സെന്റര്‍ ചിത്താരിയിലെ നാട്ടുകാരെ മൊത്തമായി ഭീതിയാഴ്ത്തി പരിഭ്രാന്തി സൃഷ്ടിക്കുകയാണ് ആഫ്രിക്കന്‍ ഒച്ചുകള്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മഴക്കാലമായാല്‍ ഒച്ചുകളുടെ ശല്യം തുടങ്ങിയിട്ട്.
സകലമാന കൃഷികളും തിന്ന് നശിപ്പിക്കുന്ന ഒച്ച് തെങ്ങുകളെ പോലും ആക്രമിക്കുന്നു. മാത്രമല്ല വീട്ടില്‍ ഭക്ഷണപദാര്‍ത്ഥങ്ങളിലും കയറിപ്പറ്റുന്നതിനാല്‍ വല്ലാത്ത വിഷമത്തിലാണ് നാട്ടുകാര്‍. ഇത് കാരണം ഭക്ഷണങ്ങള്‍ പാകം ചെയ്യാന്‍ പോലും ഭയക്കുന്നതായി പ്രദേശത്തെ വീട്ടമ്മമാര്‍ പരാതി പറയുന്നു. ആദ്യമാദ്യം സെന്റര്‍ ചിത്താരിയില്‍ മാത്രമായിരുന്ന ഒച്ചുകളുടെ വിഹാരം ഇപ്പോള്‍ സമീപപ്രദേശങ്ങളായ ചാമുണ്ഡിക്കുന്ന്, സൗത്ത് ചിത്താരി തുടങ്ങിയ സ്ഥലങ്ങളിലേക്കു കൂടി വ്യാപിച്ചിരിക്കുകയാണ്.
ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ പഞ്ചായത്ത് ഓഫീസില്‍ വരെ പരാതി നല്‍കിയിട്ടും അധികൃതര്‍ ഇതുവരെ ഒരു നടപടിയും കൈകൊണ്ടിട്ടില്ലെന്നും ഉപ്പിട്ടാല്‍ പോകുമെന്നും പറഞ്ഞു നിസാരവല്‍ക്കരിച്ചു കാണുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ഉപ്പിടുമ്പോള്‍ ആ സമയത്തുള്ള ഒച്ചുകള്‍ ചത്തുപോകുന്നതല്ലാതെ പൂര്‍ണമായും നശിപ്പിക്കാനുള്ള പ്രതിവിധിയല്ല. ഇതു ദേഹത്ത് തട്ടിയാല്‍ ചൊറിച്ചിലും മറ്റു അലര്‍ജികളും ഉണ്ടാവുന്നതായി നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: