തിരുവനന്തപുരം: ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആറു ജില്ലകളില്‍ കര്‍ശന പരിശോധനയുമായി പോലീസ്. അനാവശ്യമായി പുറത്തിറങ്ങുന്നവരേയും വാഹനങ്ങളില്‍ സുരക്ഷനിര്‍ദേശം ലംഘിച്ച് കൂട്ടമായി യാത്ര ചെയ്യുന്നതിനേയും പോലീസ് തടയുന്നുണ്ട്. രോഗവ്യാപനം കൂടുന്ന തിരുവനന്തപുരം, തൃശൂര്‍, പാലക്കാടട്, കണ്ണൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ വന്‍പോലീസ് സന്നാഹമാണ് റോഡുകളില്‍. രാവിലെ ഏഴു മുതല്‍ മിക്ക റോഡുകളിലും പോലീസ് പരിശോധന തുടങ്ങി. മാര്‍ക്കറ്റുകളിലും കടകളിലും ഇടവിട്ട സമയങ്ങളില്‍ പോലീസ് പരിശോധന നടത്തുന്നുണ്ട്. വിജിലന്‍സില്‍ നിന്നു പോലും പോലീസ് ഉദ്യോഗസ്ഥരെ ഇതിനായി രംഗത്തിറക്കിയിട്ടുണ്ട്.
കോവിഡ് 19 രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ടെക്നിക്കല്‍ വിഭാഗത്തിലേത് ഉള്‍പ്പെടെയുളള എല്ലാ പോലീസ് ഉദ്യോഗസ്ഥരും ഇന്നു രാവിലെ ഏഴ് മണിമുതല്‍ സേവനസജ്ജരായിരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കിയിരുന്നു രോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുളള ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി.
സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഒഴികെയുളള എല്ലാ സ്പെഷ്യല്‍ യൂണിറ്റുകളിലെയും എസ്.പിമാര്‍ ഉള്‍പ്പെടെയുളള 90 ശതമാനം ജീവനക്കാരുടെയും സേവനം ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയ്ക്ക് ലഭ്യമാക്കും. ഇവര്‍ രാവിലെ ജില്ലാ പോലീസ് മേധാവിമാര്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്തു. പോലീസ് മൊബിലൈസേഷന്റെ ചുമതല ബറ്റാലിയന് വിഭാഗം എ.ഡി.ജി.പിയ്ക്കാണ് നല്‍കിയിരിക്കുന്നത്.
സ്പെഷ്യല്‍ പോലീസ് ഓഫീസേഴ്സ്, ഹോം ഗാര്‍ഡുകള്‍ എന്നിവരുടെ സേവനം ഉറപ്പാക്കും. കഴിയുന്നത്ര പോലീസ് വോളന്റിയേഴ്സിനെ കണ്ടെത്താന്‍ ജില്ലാ പോലീസ് മേധാവിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധ ഡ്യൂട്ടിയിലേര്‍പ്പെടുന്ന എല്ലാ പോലീസുദ്യോഗസ്ഥരും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് സ്വയരക്ഷ ഉറപ്പാക്കണം. പോലീസുദ്യോഗസ്ഥരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ സ്റ്റേറ്റ് വെല്‍ഫെയര്‍ ഓഫീസറായ ബറ്റാലിയന് വിഭാഗം എ.ഡി.ജി.പിക്ക് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
വിദേശത്തുനിന്ന് ധാരാളം മലയാളികള്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക ഐ.പി.എസ് ഓഫീസര്‍മാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലെയും പൊതുവായ ചുമതല പരിശീലന വിഭാഗം ഐ.ജി തുമ്മല വിക്രമിനാണ്. തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. ദിവ്യ.വി.ഗോപിനാഥ്, പോലീസ് ആസ്ഥാനത്തെ അഡീഷണല്‍ എ.ഐ.ജി വൈഭവ് സക്സേന എന്നിവര്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെയും ഇന്ത്യ റിസര്‍വ് ബറ്റാലിയന് കമാന്റന്റ് നവനീത് ശര്‍മയ്ക്ക് കൊച്ചി വിമാനത്താവളത്തിന്റെയും ചുമതല നല്കി. കോഴിക്കോട് വിമാനത്താവളത്തിന്റെ ചുമതല വഹിക്കുന്നത് ഭീകര വിരുദ്ധസേനയിലെ എസ്.പി ചൈത്ര തെരേസ ജോണ്‍ ആണ്. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര.ജി.എച്ച്, വയനാട് സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് എ.എസ്.പി ആനന്ദ്.ആര് എന്നിവര്‍ക്കാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുമതല. അതത് റേഞ്ച് ഡി.ഐ.ജിമാര്‍ക്ക് വിമാനത്താവളങ്ങളുടെ മേല്‍നോട്ട ചുമതലയും നല്‍കിയിട്ടുണ്ട്.
മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധചെലുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. യാത്രക്കാരെ വീടുകളിലേക്ക് കൊണ്ടുപോകുന്നതിനായി വിമാനത്താവളങ്ങളില്‍ എത്തുന്ന വാഹനങ്ങള്‍ മറ്റൊരിടത്തും നിര്‍ത്താതെ വീടുകളിലേക്ക് പോകുന്നുവെന്നും കൃത്യസമയത്ത് വീടുകളിലെത്തുന്നുണ്ടെന്നും പോലീസുദ്യോഗസ്ഥര്‍ ഉറപ്പുവരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: