ആലപ്പുഴ: വില്ലേജാഫീസര്‍മാരുടെ ശമ്പളം വര്ദ്ധിച്ചിപ്പിച്ചു നല്‍കാനുള്ള ഉത്തരവ് റദ്ദ് ചെയ്ത സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള റവന്യു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി ധനകാര്യ മന്ത്രിയുടെ ആലപ്പുഴ ഓഫീസിലേക്ക് സ്വാഭിമാന മാര്‍ച്ച് സംഘടിപ്പിച്ചു. സംസ്ഥാനമെമ്പാടും ഇന്ന് പ്രതിഷേധ സൂചകമായി റവന്യു ജീവനക്കാര്‍ ഒരു മണിക്കൂര്‍ ജോലി നിര്‍ത്തി വച്ച് ഓഫീസ് ബഹിഷ്ക്കരിച്ച് പ്രതിഷേധിച്ചു.
സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവായ ശമ്പള ഘടന അനുവദിക്കാന്‍ കോടതി ഉത്തരവായപ്പോള്‍ അതിനെതിരെ അപ്പീല്‍ പോയി കോടതി ഉത്തരവിനാധാരമായ സര്‍ക്കാര്‍ ഉത്തരവ് തന്നെ റദ്ദ് ചെയ്തത് തൊഴിലാളി വിരുദ്ധമാണ്. ഈ അട്ടിമറിക്കു പിന്നില്‍ ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരാണെന്ന ആക്ഷേപം ശരിവയ്ക്കുന്ന തരത്തിലാണ് ധനകാര്യ മന്ത്രിയുടെ അഡീഷല്‍ പ്രൈവറ്റ് സെക്രട്ടറി ഓദ്യോഗിക പദവി ദുരുപയോഗം ചെയ്ത് റവന്യു വകുപ്പിനെ സംബന്ധിച്ച് നടത്തിയ അസംബന്ധ വര്‍ത്തമാനം.
സര്‍ക്കാരിന്റെ നയപരമായ വിഷയങ്ങളില്‍ പ്രൈവറ്റ് സെക്രട്ടറി പൊതു മാധ്യമങ്ങളിലൂടെ നടത്തിയ വര്‍ത്തമാനം അധികാര ദുര്വ്വിനിയോഗമാണെന്നും ഇയാളെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും കെ ആര് ഡി എസ് എ ആവശ്യപ്പെട്ടു. മാര്‍ച്ച് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ജയചന്ദ്രന് കല്ലിങ്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ജി ഐബു അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: