തൃശൂര്‍: മാപ്പിള ലഹളയെ വെള്ളപൂശാന്‍ ശ്രമം നടത്തുന്നവര്‍ക്ക് ചരിത്ര പുസ്തകങ്ങളോടും ഭയം. മാപ്പിള ലഹള എന്നറിയപ്പെടുന്ന 1921ലെ ഹിന്ദുവിരുദ്ധ കലാപത്തിന്റെ ചരിത്രം പറയുന്ന പുസ്തകങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെടുകയോ കാണാതാവുകയോ ചെയ്യുകയാണ്. വായനശാലകള്‍ കേന്ദ്രീകരിച്ചാണ് ഈ നശിപ്പിക്കല്‍ നടക്കുന്നത്.
കെപിസിസി പ്രസിഡന്റായിരുന്ന കെ. മാധവന് നായര്‍ എഴുതിയ മലബാര്‍ കലാപം, കുമാരനാശാന്റെ ദുരവസ്ഥ എന്നീ പുസ്തകങ്ങളാണ് നശിപ്പിക്കപ്പെടുന്നത്. കേരളത്തിലെ ഏതാണ്ടെല്ലാ വായനശാലകളിലും ലഭ്യമായിരുന്നു ഈ പുസ്തകം. ഇപ്പോള്‍ പലയിടത്തും പുസ്തകം കാണാനില്ല. ലഭ്യമായ പലയിടത്തും പുസ്തകത്തില്‍ ഹിന്ദു വംശഹത്യയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ കീറിമാറ്റിയ നിലയിലാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിസഹായരായ ഹിന്ദുക്കള്‍ക്കു നേരെ ലഹളക്കാര്‍ കാണിച്ച കൊടും ക്രൂരതകളെ വിളിച്ചു പറയുന്ന കൃതിയാണ് കുമാരനാശാന്റെ ദുരവസ്ഥ.
ലഹള നേരിട്ടനുഭവിച്ചയാളാണ് മാധവന്‍നായര്‍. ലഹളയുടെ പ്രധാന കേന്ദ്രത്തിലായിരുന്നു മാധവന് നായരുടെ വീട്. കലാപത്തിന്റെ കേന്ദ്രമായിരുന്ന മലപ്പുറത്ത്നിന്ന് മഞ്ചേരിക്ക് പോകുന്ന വഴിയില്‍. എങ്ങിനെയാണ് അക്രമികള്‍ കൊള്ളയും കൊലയും മറ്റ് അതിക്രമങ്ങളും നടത്തിയതെന്നും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുള്‍പ്പെടെയുള്ളവര്‍ അതിന് നേതൃത്വം നല്‍കിയതെങ്ങനെയെന്നും മാധവന് നായര്‍ വിവരിക്കുന്നുണ്ട്. അഹിംസാ വാദിയും ഗാന്ധിയനുമായിരുന്ന മാധവന്‍നായര്‍ കോണ്‍ഗ്രസ് നിര്‍ദ്ദേശമനുസരിച്ച് ആദ്യകാലത്ത് ഖിലാഫത്തിനെ പിന്തുണച്ചിരുന്നയാളാണ്. പിന്നീടാണ് ഖിലാഫത്തിന്റെ പേരില്‍ നടക്കുന്ന ഹിന്ദു കൂട്ടക്കൊലകള്‍ കണ്ട് മനസ് മാറുന്നത്.
1920 ഏപ്രിലില്‍ മഞ്ചേരിയില്‍ ചേര്‍ന്ന മലബാര്‍ ജില്ല രാഷ്ട്രീയ സമ്മേളനത്തിന്റെ മുഖ്യ സംഘാടകനും മാധവന്‍നായരായിരുന്നു. ഖിലാഫത്ത് എന്നപേരില്‍ തുടങ്ങിയ ലഹള എങ്ങിനെയാണ് ഹിന്ദു വിരുദ്ധമായതെന്നും വംശഹത്യയിലേക്ക് നീങ്ങിയതെന്നും മാധവന്‍നായര്‍ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. 1923 ല്‍ മാതൃഭൂമി ആരംഭിച്ചപ്പോള്‍ ആദ്യ മാനേജിങ് ഡയറക്ടരായിരുന്നു മാധവന് നായര്‍. 1925 ല്‍ ആദ്യത്തെ കെപിസിസി പ്രസിഡന്റായി. ലഹളയെത്തുടര്‍ന്ന് ഉടനെയാണ് മാധവന് നായര്‍ ഈ പുസ്തകത്തിന്റെ രചന നിര്‍വ്വഹിച്ചത്. എന്നാല്‍ അത് ആദ്യമായി പ്രസിദ്ധീകരിച്ചത് 1971 ലാണ്. പിന്നീട് മാതൃഭൂമി അത് പുന:പ്രസിദ്ധീകരിച്ചു. കേരള ഗാന്ധി എന്നറിയപ്പെട്ടിരുന്ന കെ.കേളപ്പന്റെ ആമുഖത്തോടെയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
മാപ്പിളലഹളയെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ പുസ്തകങ്ങള്‍ നശിപ്പിക്കപ്പെടുന്നതെന്നാണ് സൂചന. മുസ്ലിം മതമൗലികവാദികള്‍ക്കു പുറമേ മാര്‍ക്സിസ്റ്റുകളും പുസ്തകങ്ങള്‍ നശിപ്പിക്കുന്നതിന് ശ്രമം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: