45. പഞ്ചകോശാതീതം ആത്മാവ്
ശ്ലോകം 211
യോളയമാത്മാ സ്വയം ജ്യോതിഃ
പഞ്ചകോശവിലക്ഷണഃ
അവസ്ഥാത്രയ സാക്ഷീ സന്
നിര്‍വികാരോ നിരഞ്ജനഃ
സദാനന്ദഃ സ വിജ്ഞേയഃ
സ്വാത്മത്വേന വിപശ്ചിതാ
സ്വയം ജ്യോതിയും പഞ്ചകോശങ്ങളില്‍ നിന്ന് വേറിട്ടവനും അവസ്ഥാത്രയങ്ങള്‍ക്ക് സാക്ഷിയും നിര്‍വികാരനും നിരഞ്ജനനും സദാ ആനന്ദവുമായ ഈ ആത്മാവാണ് തന്റെ സ്വരൂപം എന്ന് വിവേകികള്‍ അറിയണം. ഇതുവരെ എന്തല്ല ആത്മാവ് എന്ന് പറയുകയായിരുന്നു. പഞ്ചകോശങ്ങളില്‍ നിന്ന് ആത്മാവിനെ വേറിട്ടു കാണണമെന്ന് അവസാനം കണ്ടു. ആത്മാവ് അവസ്ഥാത്രയങ്ങളായ ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നിവയ്ക്ക് സാക്ഷിയായിരിക്കുന്നതാണെന്നും വിവരിച്ചു.
നമുക്ക് അറിയാവുന്ന കാര്യങ്ങളെ കാണിച്ച് അറിയാന്‍ പ്രയാസമേറിയ ഒന്നിനെ ചൂണ്ടിക്കാണിച്ചു കൊടുക്കുന്ന രീതിയാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ പഞ്ചകോശങ്ങളിലെ ആനന്ദമയവും സുഷുപ്തി അവസ്ഥയുമൊക്കെ തന്നെ അറിയാന്‍ പ്രയാസമാണ്. മറ്റുള്ളവയുമായി തട്ടിച്ചു നോക്കിയാണ് ഇവയെ മനസ്സിലാക്കേണ്ടത്. എന്നാല്‍ അവയേക്കാളൊക്കെ സൂക്ഷ്മവും അവയ്ക്കെല്ലാം ആധാരവുമായ ഒന്നിനെ ഇങ്ങനെ നിഷേധത്തിലൂടെ അറിയാനാകും. എല്ലാറ്റില്‍ നിന്നും വേറിട്ടതും അതീതമായതുമായി അറിയണം. ഓരോന്നിനേയും ഇതല്ല ഇതല്ല എന്ന് പറഞ്ഞ് തള്ളി അവസാനം അവശേഷിക്കുന്നതാണ് ആത്മാവ്. സൂക്ഷ്മനിരീക്ഷണത്തിലൂടെ ഇവയെല്ലാം അനാത്മാവെന്ന് അറിയുന്നത്. പിന്നെ ആത്മാവ് മാത്രം ബാക്കി.
ആത്മാവ് സ്വയം ജ്യോതിസ്വരൂപമാണ്. സ്വയം പ്രകാശിക്കുകയും അതിന്റെ പ്രകാശത്താല്‍ എല്ലാം പ്രകാശപൂരിതമാകുകയും ചെയ്യുന്നു. ഏതൊക്കെ പ്രകാശ ഗോളങ്ങളോ വസ്തുക്കളോ ഉണ്ടോ അവയ്ക്കെല്ലാം ആധാരം ഈ സ്വയം പ്രകാശമായ ആത്മതത്ത്വമാണ്. സ്വയം ജ്യോതിസ്സായ അതിനെ അറിയാന്‍ മറ്റൊന്നിന്റെ ആവശ്യമില്ല. ശരീരം, മനസ്സ്, ബുദ്ധി എന്നീ തലങ്ങളിലെ എല്ലാ കാര്യങ്ങളെയും ആത്മാവ് പ്രകാശിപ്പിക്കുന്നു.
മറ്റൊന്നിനെ കാട്ടി അതിനെ നിഷേധി യഥാര്‍ത്ഥ വസ്തുവിനെ മനസ്സിലാക്കി കൊടുക്കുന്നത് തടസ്ഥ ലക്ഷണം വഴിയാണ്. എന്നാല്‍ ഇന്നതാണ് ആത്മാവ് എന്ന കൃത്യമായി പറയുന്നത് സ്വരൂപ ലക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്. സ്വയം ജ്യോതിസ്സ് എന്ന് പറഞ്ഞതുപോലെ ആത്മാവ് നിര്‍വികാരനും നിരഞ്ജനനും സദാ ആനന്ദവുമാണെന്ന് അറിയണം.
ആത്മാവ് നിര്‍വികാരനെന്ന് പറയുന്നത് യാതൊരു മാറ്റങ്ങള്‍ക്കും വിധേയനല്ല എന്നതുകൊണ്ടാണ്. വസ്തുക്കെല്ലാം മാറ്റങ്ങളുണ്ടാകും. അവയൊക്കെ ഉണ്ടായി നിലനിന്ന് നശിക്കുന്നവയാണ്. ഉണ്ടായിക്കഴിഞ്ഞാല്‍ ആദ്യമാറ്റം വളര്‍ച്ചയാണ് പിന്നെ രൂപമാറ്റവും ക്ഷയവുമൊക്കെ സംഭവിക്കും.എന്നാല്‍ ആത്മാവിന് ഇതൊന്നും ബാധിക്കുന്നില്ല. അത് എന്നും ഒരു പോലെ തന്നെ നില്ക്കുന്നു. അത് എന്നുമുള്ളതാണ് ഒരു മാറ്റവും കൂടാതെ.
ആത്മാവ് നിരഞ്ജനനാണ്. അതില്‍ ഒരു തരത്തിലുള്ള മാലിന്യവുമേല്ക്കാത്തതാണ്. വാസ്തവത്തില്‍ ആത്മാവ് മാത്രമേ ഉള്ളൂ എന്നതിനാല്‍ അതിനെ കളങ്കപ്പെടുത്താന്‍ രണ്ടാമതൊരു വസ്തു ഇല്ല തന്നെ.
സത്വ, രജ, തമോഗുണങ്ങളുടെ സ്പര്‍ശനം ആത്മാവിലേല്ക്കുന്നേയില്ല.
നിരഞ്ജനന്‍ എന്നതിന് നിശ്ശേഷണ രഞ്ജിപ്പിക്കുന്നവന്‍ എന്നും അര്‍ത്ഥം പറയാം. സകല ചരാചരങ്ങളിലും ജീവാത്മാവായിരുന്ന് എല്ലാറ്റിനേയും വളരെ നന്നായി ആനന്ദിപ്പിക്കുന്നതും ആത്മാവാണ്. സദാ ആനന്ദസ്വരൂപമായ ആത്മാവിനെ സാന്നിധ്യം മൂലമാണ് ആനന്ദത്തെ അറിയാന്‍ സാധിക്കുന്നത്. സത്തും ചിത്തും ആനന്ദവുമാണ് ആത്മാവിന്റെ യഥാര്‍ത്ഥ സ്വരൂപം. നിത്യാനന്ദ സ്വരൂപമായ ആത്മാവിനെ അറിയേണ്ടത് തന്റെ തന്നെ സ്വരൂപമയാണ്.അത് തന്നില്‍ നിന്നും വേറിട്ടതോ പുറമേയുള്ളതോ അല്ല. താന്‍ തന്നെയാണ്. വിവേകികളായ ആളുകള്‍ എല്ലാറ്റിനും ആധാരമായതുംസദാ ആനന്ദ സ്വരൂപവുമാണ് ആത്മാവ് എന്ന് തിരിച്ചറിഞ്ഞ് അതിനെ സ്വാനുഭവമാക്കും. സ്വസ്വരൂപം തന്നെ ആത്മസ്വരൂപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: