കര്‍ണാടക സംഗീതത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു മേളരാഗമാണ് തോടി. 72 മേളകര്‍ത്താ പദ്ധതിയില്‍ എട്ടാമത്തെ മേളമാണിത്. ഹനുമത്തോടി എന്നാണ് മേളപദ്ധതിയില്‍ ഈ രാഗത്തിന്റെ പേര്. എട്ടാമത്തെ മേളത്തെ സൂചിപ്പിക്കുന്ന പേര് കൂട്ടിച്ചേര്‍ത്തപ്പോഴാണ് തോടി ഹനുമത്തോടിയായത്. ദീക്ഷിതര്‍ സമ്പ്രദായത്തില്‍ ഇത് ജനത്തോടി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ആരോഹണം : സരിഗമപധനിസ
അവരോഹണം : സനിധപമഗരിസ
ഇതൊരു സമ്പൂര്‍ണ രാഗമാണ്. ഷഡ്ജപഞ്ചമ സ്വരങ്ങള്‍ കൂടാതെ ശുദ്ധ ഋഷഭം, സാധാരണ ഗാന്ധാരം, ശുദ്ധ മധ്യമം, ശുദ്ധ ധൈവതം, കൈശകി നിഷാദം എന്നിവയാണ് ഈ രാഗത്തിലെ സ്വരങ്ങള്‍. ഗ, മ, ധ എന്നിവയാണ് രാഗച്ഛായാ സ്വരങ്ങള്‍. ഇതൊരു സാര്‍വകാലിക രാഗമാണെങ്കിലും പ്രഭാതമാണ് പാടുന്നതിന് യോജിച്ച സമയം. പഞ്ചമ വര്‍ജ്യ സ്വരപ്രയോഗങ്ങള്‍ തോടി രാഗത്തിന്റെ അഴകും സൗന്ദര്യവും വര്‍ധിപ്പിക്കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
പ്രാചീന സംഗീതത്തിലെ ഷഡ്ജഗ്രാമത്തിന്റെ മൂര്ച്ഛനകളിലൊന്നായിരുന്നു തോടി. ശാര്‍ങ്ഗദേവന്റെ സംഗീത രത്നാകരം, ഗോവിന്ദാചാര്യയുടെ സംഗ്രഹചൂഡാമണി, തുളജന്റെ സംഗീത സാരാമൃതം, ലോചനകവിയുടെ രാഗതരംഗിണി, സോമനാഥന്റെ രാഗവിബോധ എന്നീ ലക്ഷണഗ്രന്ഥങ്ങളില്‍ ഈ രാഗത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. പാര്‍ശ്വദേവന്റെ സംഗീതസമയസാരത്തില്‍ ഇതൊരു രാഗാംഗസമ്പൂര്ണ രാഗമായിരുന്നു. ബൃഹദ്ധര്‍മ്മപുരാണത്തില്‍ കാമോദ രാഗത്തിന്റെ രാഗിണികളിലൊന്നാണ് തോടി രാഗം.
ഇതൊരു മൂര്ച്ഛനാകാരകമേളം കൂടിയാണ്. ഈ രാഗത്തിന്റെ രി, ഗ, മ, ധ, നി എന്നീ സ്വരങ്ങള്‍ ആധാരഷഡ്ജമാക്കി ഗ്രഹഭേദം ചെയ്താല്‍ യഥാക്രമം കല്യാണി, ഹരികാംബോജി, നഠഭൈരവി, ശങ്കരാഭരണം, ഖരഹരപ്രിയ എന്നീ മേളരാഗങ്ങള്‍ ലഭിക്കും. അസാവേരി, ധന്യാസി, പുന്നാഗവരാളി, ശുദ്ധ സീമന്തിനി, ഭൂപാളം, ശുദ്ധ തോടി എന്നിവ ഈ മേളത്തിന്റെ പ്രധാന ജന്യ രാഗങ്ങളാണ്.
തോടി രാഗത്തിന് സമാനമായ ഹിന്ദുസ്ഥാനി രാഗമാണ് ഭൈരവി ഥാട്ട്. ഹിന്ദുസ്ഥാനിയിലും തോടി എന്ന പേരില്‍ ഒരു രാഗമുണ്ട്. കര്‍ണാടക സംഗീതത്തിലെ ശുഭപന്തുവരാളിയ്ക്ക് സമാനമായ രാഗമാണ് ഹിന്ദുസ്ഥാനിയിലെ തോടി. ആദിദ്രാവിഡ സംഗീതത്തില്‍ ഒഡുവര് എന്ന തേവാര ഗായകര്‍ തോടിക്ക് സമാനമായ രാഗം ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. പ്രാചീന ഗ്രീക്ക് സംഗീതത്തില്‍ തോടിയ്ക്ക് സമാനമായി ഫ്രീജിയന്മോഡ് എന്നൊരു സ്കെയില്‍ ഉപയോഗിച്ചിരുന്നു.
19 ാം നൂറ്റാണ്ടില്‍, തഞ്ചാവൂരിലെ ശരഭോജി രാജാവിന്റെ രാജസഭയെ അലങ്കരിച്ച സംഗീതജ്ഞനായിരുന്ന സീതാരാമയ്യ എട്ട് ദിവസം തുടര്‍ച്ചയായി സായാഹ്നങ്ങളില്‍ തോടി രാഗം പാടി ആസ്വാദക ഹൃദയം കവര്‍ന്നതായി ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അനേകം കൃതികള്‍ ഈ രാഗത്തില്‍ ഉണ്ടായിട്ടുണ്ട്. ത്യാഗരാജ സ്വാമികള്‍ മാത്രം മുപ്പത്തിരണ്ടോളം കീര്‍ത്തനങ്ങള്‍ ഈ രാഗത്തില്‍ രചിച്ചിട്ടുണ്ട്. കദ്ദനുവാരികി, വേഡലനു കോദണ്ഡപാണി, കൊലുവുമരഗത, ദാശരഥേ, വൃന്ദാവനലോല, നിന്നുവിനാ സുഖമു, ഏമിജേസിതേ, രാജുവെഡല, നീ ദയറാവലേ, എന്തുകുദയ, കരുണാജൂഡവമ്മ (ത്യാഗരാജന്), കമലാംബികേ, ദാക്ഷായണീ അഭയാംബിക, ശ്രീ സുബ്രഹ്മണ്യം, ശ്രീകൃഷ്ണംഭജ, രാമചന്ദ്രായ (മുത്തുസ്വാമി ദീക്ഷിതര്‍), നിന്നെ നമ്മിനാനു, നന്നുബ്രോചുടകു (ശ്യാമാ ശാസ്ത്രി), പങ്കജാക്ഷ
നാം, സരസിജനാഭ, പങ്കജാക്ഷ തവസേവ (സ്വാതി തിരുനാള്‍), കരുണാസാഗര (കെ.സി.കേശവപിള്ള), മംഗളനായകി (പാപനാശം ശിവന്), മീനലോചനി (മുത്തയ്യാ ഭാഗവതര്‍), പരദേവതേ (ഇരയിമ്മന്‍ തമ്പി), തായേ യശോദേ (ഊത്തുക്കാട് വെങ്കട സുബ്ബയ്യര്‍), ത്യാഗരാജഗുരും (ബാലമുരളീകൃഷ്ണ) എന്നിവ തോടി രാഗത്തിലെ ചില കൃതികളാണ്.
തോടി രാഗത്തില്‍ സിനിമാ ഗാനങ്ങള്‍ മറ്റ് രാഗങ്ങളെ അപേക്ഷിച്ച് കുറവാണ്. വളരെ ശ്രമകരവും സങ്കീര്‍ണവുമായ ഗമകങ്ങളും സംഗതികളും ഈ രാഗത്തെ സിനിമാ സംഗീതത്തിലും ലളിതഗാനങ്ങളിലും ഉപയോഗിക്കുന്നതില്‍ നിന്നും കുറച്ചൊക്കെ മാറ്റി നിറുത്തുന്നതിന് കാരണമായി എന്ന് തോന്നുന്നു.
ചിന്താമണി മന്ദിരം (പൂരം), നീന്തിടാം ചുരുണ്ട നിന് (വടക്കും നാഥന്) എന്നിവ ഈ രാഗത്തിലെ ചില മലയാള സിനിമാ ഗാനങ്ങളാണ്. സ്വപാനം എന്ന ചിത്രത്തിലെ ദേവാങ്കനേ എന്ന ഗാനം തോടി, മോഹനം എന്നീ രാഗങ്ങളില്‍ ചിട്ടപ്പെടുത്തിയ ഒരു രാഗമാലികയാണ്. രാഗമാലികയായി ചിട്ടപ്പെടുത്തിയിട്ടുള്ള ദേവസഭാതലം (ഹിസ് ഹൈനസ് അബ്ദുള്ള), ആലാപനം (ഗാനം), ധ്വനിപ്രസാദം (ഭരതം), പ്രണയ മലര്ക്കാവില് (മല്ലനും മാതേവനും), ആദിയില്‍ മത്സ്യമായ് (ശ്രീ ഗുരുവായൂരപ്പന്), തുടങ്ങിയ ഗാനങ്ങളിലും തോടി രാഗം ഉപയോഗിച്ചിട്ടുണ്ട്.
ചക്കുളത്തമ്മയെ സ്തുതിച്ചുള്ള ഭക്തിഗാനമായ ‘നീയല്ലാതില്ലയ്’, പഴനിയാണ്ടവനെ സ്തുതിക്കുന്ന ‘മുരുഗനെ’ എന്നിവ തോടിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഡോ. സുനില്‍ വി.ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: