കണ്ണൂര്‍: ഇന്ന് അടിയന്തിരാവസ്ഥയുടെ 45ാം വാര്‍ഷിക ദിനം. രാജ്യത്തെ പൗരന്മാരുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട കറുത്ത ദിനങ്ങളുടെ നടുക്കുന്ന ഓര്‍മ്മകളുമായി കൂത്തുപറമ്പ് പാട്യത്തെ യു. മോഹന്‍ദാസന്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഭാരത ജനതയെ അന്ധകാരത്തിന്റെ കൂരിരുട്ടിലേക്ക് തളളിമാറ്റിയ 1975 ജൂണ്‍ മാസം 25 ന് മോഹന്‍ദാസിന് കേവലം 15 വയസ്സ് മാത്രമായിരുന്നു പ്രായം.
സ്വന്തം രാഷ്ട്രത്തിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തേ ഇല്ലായ്മ ചെയ്ത ഏകാധിപത്യ ഭരണകൂടത്തിനെതിരെ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ലോക സംഘര്‍ഷ സമിതി നടത്തുന്ന പ്രക്ഷോഭങ്ങളില്‍ രാജ്യ സ്നേഹിയായ താന്‍ വിദ്യാര്‍ത്ഥിയാണെന്ന് പോലും ചിന്തിക്കാതെ പങ്കാളിയാവുകയായിരുന്നുവെന്ന് മോഹന്‍ദാസ് സാക്ഷ്യപ്പെടുത്തുന്നു.
രാജ്യത്തെ നഗര-ഗ്രാമ വിത്യാസമില്ലാതെ അടിയന്തിരാവസ്ഥയ്ക്കെതിരായി സമരസേനാനികള്‍ മുഴക്കിയ മുദ്രാവാക്യങ്ങളില്‍ ആവേശം കൊണ്ട് താനടക്കമുളളവര്‍ സമരത്തില്‍ അണിചേരുകയായിരുന്നു. മുതിര്‍ന്ന സംഘപ്രവര്‍ത്തകനായിരുന്ന സി.എച്ച്. ബാലനായിരുന്നു കണ്ണൂര്‍ ജില്ലയിലെ സമര സേനാനികളെ തയ്യാറാക്കുന്ന ചുമതലയെന്ന് അദ്ദേഹം ഓര്‍ക്കുന്നു. അദ്ദേഹത്തോട് തങ്ങളേയും സമര സേനാംഗങ്ങളായി ചേര്‍ക്കണമെന്ന് അപേക്ഷിച്ചു. അതിനിടയില്‍ തന്നെ അടിയന്തിരാവസ്ഥയ്ക്കെതിരെ നടന്ന രഹസ്യമായ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവുകയുണ്ടായി. ഒടുവില്‍ അന്ന് വിദ്യാര്‍ത്ഥി ബാച്ചിന്റെ ചുമതലയുണ്ടിയിരുന്ന നാറാത്ത് സ്വദേശിയും ആര്‍എസ്എസിന്റെ മുന്‍ ജില്ലാ കാര്യവാഹകുമായ കെ,എന്‍. നാരായണനുമായി ബന്ധപ്പെടാന്‍ സി.എച്ച്. ബാലേട്ടന് ആവശ്യപ്പെട്ടു.
സമരത്തിന് സജ്ജരാകാന്‍ നിര്‍ദ്ദേശം ലഭിച്ചു. എന്നാല്‍ തൊട്ടടുത്ത ദിവസം കണ്ണൂര്‍ മുനീശ്വരന്‍ കോവിലിന് സമീപം സമരം നടത്തിയ ലോകസംഘര്‍ഷ സമിതി പ്രവര്‍ത്തകരെ എസ്ഐ പുലിക്കോടന് നാരായണന്റെ നേതൃത്വത്തില്‍ അതിക്രൂരമായി മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്തു കൊണ്ടു പോവുകയും ചെയ്തു. ഇത് സഹപ്രവര്‍ത്തകരില്‍ ഭയവും ഒപ്പം പോരാടനുളള വീര്യവും ഒരോരുത്തരിലും ഉണ്ടാക്കി. അടുത്ത ദിവസം സമരത്തില്‍ താനടക്കമുളളവര്‍ പത്തായക്കുന്നില്‍ നിന്നുളളവര്‍ പങ്കെടുക്കണമെന്ന് തലേ ദിവസം രാത്രി നിര്‍ദ്ദേശം ലഭിച്ചു. സ്വരാഷ്ട്രത്തിന് വേണ്ടി വല്ലതും ചെയ്യാമെല്ലോ എന്നോര്‍ത്ത് ഞാനടക്കമുളള ചെറുപ്പക്കാരുടെ കണ്ണൂകള്‍ ആഹ്ലാദം കൊണ്ട് നിറഞ്ഞിരുന്നുവെന്നും അതൊരാവേശമായിരുന്നവെന്നും മോഹന്‍ദാസ് ജന്മഭൂമിയോട് പറഞ്ഞു.
തുടര്‍ന്ന് അടുത്ത ദിവസം തലശ്ശേരി പഴയ ബസ്സ് സ്റ്റാന്റില്‍ സത്യഗ്രഹം നടത്തിയ മോഹന്‍ദാസന്‍ അടക്കമുളളവരെ പോലീസ് പിടിച്ചു കൊണ്ടു പോവുകയും അതിക്രൂരമായി മര്‍ദ്ദിച്ച് ജയിലിലടക്കുകയും ചെയ്തു. അന്ന് പത്താംതരത്തില്‍ പഠിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളായതിനാല്‍ താനടക്കമുളളവരെ ശിക്ഷാ തടവുകാരാക്കന് പാടില്ലാത്തതിനാല്‍ ദുര്‍ഗ്ഗുണ പരിഹാര പാഠശാലയിലാക്കാമെന്ന് മജിസ്ട്രേറ്റ് നിര്‍ദ്ദേശിച്ചു. എന്നാല്‍ അടിയന്തിരാവസ്ഥയ്ക്കെതിരെ സമരം ചെയ്ത ഞങ്ങളെ ശിക്ഷിക്കണമെന്ന മോഹന്‍ദാസ് അടക്കമുളളവരുടെ ആവശ്യത്തെ തുടര്‍ന്ന് കോടതി മൂന്ന് മാസത്തെ ജയില്‍ശിക്ഷ വിധിച്ചതും കോടതി വിട്ടയക്കാന്‍ ഉത്തരവിടാത്തതിനാല്‍ നാലരമാസക്കാലം ജയിലില്‍ കഴിഞ്ഞതും വിദ്യാര്‍ത്ഥികളായ തങ്ങള്‍ക്ക് അവിടെവെച്ചുണ്ടായ ദുരിതങ്ങളും ഇന്നലെ കഴിഞ്ഞതു പോലെ തന്റെ ഓര്‍മ്മകളിലൂടെ കടന്നു പോവുകയാണെന്ന് മോഹന്‍ദാസ് പറഞ്ഞു.
ജയില്‍ മോചിതനായ ശേഷവും താനടക്കമുളള ലോക സംഘര്‍ഷ സമിതി പ്രവര്‍ത്തകര്‍ അടിയന്തിരാവസ്ഥയ്ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചിരുന്ന കാര്യവും മോഹന്‍ദാസ് ഓര്‍ക്കുന്നു. അടിയന്തിരാവസ്ഥ പിന്‍വലിച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അന്ന് മര്‍ദ്ദനവും ശിക്ഷയുമേറ്റതിന്റെ കഷ്ടതകള്‍ പേറി ജീവിക്കുന്നവര്‍ക്ക് വേണ്ട പരിഗണന ലഭിക്കാത്തതില്‍ വളരെയേറെ ബുദ്ദിമുട്ടുണ്ടെന്നും വൈകിയവേളയിലെങ്കിലും അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ രണ്ടാം സ്വാതന്ത്ര്യ സമര പോരാളികളായി പ്രഖ്യാപിച്ച് പെന്‍ഷനടക്കമുളള ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടിയുണ്ടാവണമെന്ന് അസോസിയേഷന് ഒഫ് എമര്‍ജന്‍സി വിക്ടിംസ് ജില്ലാ സെക്രട്ടറി കൂടിയായ മോഹന്‍ദാസന്‍ പറയുന്നു.
വി.കെ. ശോഭയാണ് പാട്യം പത്തായക്കുന്ന് ശ്രീരാംജ്യോതിയില് താമസിക്കുന്ന ഇദ്ദേഹത്തിന്റെ ഭാര്യ. ബാലഗോകുലം ജില്ലാ ഭഗിനി പ്രമുഖും അധ്യാപികയുമായ യു. ആര്യപ്രഭ, കന്യാകുമാരി മാര്‍ത്താണ്ഡം കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ യു. ഉമാശങ്കര്‍ എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: