റിയാദ്: വരാനിരിക്കുന്ന ഹജ്ജ് തീർത്ഥാടനത്തിനായി നിരവധി കർശന ആരോഗ്യ നടപടികളും പ്രോട്ടോക്കോളുകളും നടപ്പാക്കുമെന്ന് സൗദി അറേബ്യ. ഹജ്ജ്-ഉംറ മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബെന്റൻ, ആരോഗ്യമന്ത്രി ഡോ.തൗഫിക് അൽ റബിയ എന്നിവർ സംയുക്തമായി നടത്തിയ വെർച്വൽ വാർത്ത സമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.
ഈ വർഷം തീർത്ഥാടനം നടത്തുന്ന ആഭ്യന്തര തീർഥാടകരുടെ എണ്ണം പതിനായിരത്തിൽ കൂടുതൽ അനുവദിക്കില്ലെന്ന് ഹജ്ജ് മന്ത്രി അറിയിച്ചു. രാജ്യത്തിന് പുറത്തുനിന്നുള്ള തീർത്ഥാടകരെ ഈ വർഷം ഹജ്ജ് നടത്താൻ അനുവദിക്കില്ല. കൂടാതെ തീർഥാടകർ 65 വയസ്സിൽ താഴെയും വിട്ടുമാറാത്ത രോഗങ്ങളൊന്നും ഇല്ലാത്തവരും ആയിരിക്കണമെന്നും ഡോ. അൽ റബിയ പറഞ്ഞു. കൂടാതെ എല്ലാ തീർത്ഥാടകരെയും ആരോഗ്യ പരിശോധനകൾക്ക് വിധേയരാക്കും.
തീർഥാടകർക്കിടയിൽ കൊറോണ പടരാതിരിക്കാൻ ആരോഗ്യ മന്ത്രാലയം, ഹജ്ജ്-ഉംറ മന്ത്രാലയവുമായി സഹകരിച്ച് എല്ലാ സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള പദ്ധതി രൂപീകരിച്ചിട്ടുണ്ട്. ഓരോ വർഷവും ഏകദേശം 25 ദശലക്ഷം തീർഥാടകരാണ് മക്കയിലും മദീനയിലും എത്തിയിരുന്നത്.
എല്ലാ തീർഥാടകരും ഹജ്ജ് അനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയ ശേഷം സ്വയം ക്വാറന്റൈനിൽ കഴിയേണ്ടി വരും. ഹജ്ജ് തീർത്ഥാടനം ആരംഭിക്കുന്നതിന് മുമ്പ് എല്ലാ തൊഴിലാളികളെയും സന്നദ്ധപ്രവർത്തകരെയും ആരോഗ്യപരിശോധനക്ക് വിധേയമാക്കും. എല്ലാവരുടെയും ആരോഗ്യനില അനുദിനം നിരീക്ഷിക്കുകയും ചെയ്യും.
തീർത്ഥാടന വേളയിൽ ഉണ്ടാകുന്ന എല്ലാ അടിയന്തര ആവശ്യങ്ങൾക്കും ആശുപത്രി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് മാത്രമേ തീർഥാടനം അനുവദിക്കുകയുള്ളു എന്നും മന്ത്രാലയങ്ങൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: