ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ കൊറോണ ചികിത്സാകേന്ദ്രം ദല്‍ഹിയില്‍ സജ്ജമാകുന്നു. കൊറോണ രോഗികളെ പരിചരിക്കുന്നതിന് ചൈനയില്‍ നിര്‍മിച്ച ആശുപത്രിയേക്കാള്‍ പത്ത് മടങ്ങ് വലിപ്പമുള്ളതാണ് രാജ്യത്ത് തയാറായിക്കൊണ്ടിരിക്കുന്ന ചികിത്സാകേന്ദ്രം. സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്റര്‍ എന്നാണ് പേര്.
സൗത്ത് ദല്‍ഹിയിലെ ഛത്തര്‍പൂരില്‍ സ്ഥിതി ചെയ്യുന്ന രാധ സോമി സത്സംഗ് ബ്യാസ് കോംപ്ലക്സ് ആണ് ചികിത്സാകേന്ദ്രമായി മാറ്റിയെടുക്കുന്നത്. ഒരേസമയം 10,200 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടിവിടെ. 15 ഫുട്ബോള്‍ ഫീല്‍ഡുകളുടെ വലിപ്പമാണ് ഇതിനുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി. 1,000 കിടക്കകളായിരുന്നു ചൈനയിലെ ആശുപത്രിയിലുണ്ടായിരുന്നത്.
വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്തെ ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് വൈറസ് ബാധിതര്‍ക്ക് വേണ്ടി കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ നടപടിയാരംഭിച്ചത്. ചികിത്സാ കേന്ദ്രമായി കോംപ്ലക്സ് വിട്ടു നല്കാന് ആത്മീയ സംഘടനയായ രാധാ സോമി സത്സംഗ് ബ്യാസ് സന്നദ്ധത അറിയിക്കുകയായിരുന്നു. കൂടാതെ ഇവിടെ വരുന്ന രോഗികള്‍ക്കുള്ള ഭക്ഷണവും സംഘടന തന്നെ നല്‍കാമെന്നും അറിയിച്ചു.
വരും ദിവസങ്ങളിലൊന്നില്‍ അമിത് ഷാ ചികിത്സാ കേന്ദ്രം സന്ദര്‍ശിക്കും. ഇവിടെ 2,000 കിടക്കകള്‍ സജ്ജമാക്കുന്നതിനായി അനുവദിച്ച സമയം നാളെ അവസാനിക്കുകയാണ്. ബാക്കിയുള്ളവ ജൂലൈ മൂന്നിനുള്ളില്‍ തന്നെ തയാറാക്കണമെന്നും നേരത്തെ നിര്‍ദേശിച്ചിരുന്നു.
കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 3,000 താഴെ വൈറസ് ബാധിതര്‍. 2,909 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 58 പേര് മരിച്ചു. തലസ്ഥാനത്തെ ആകെ ബാധിതര്‍ 62,655. മരണം 2,233. 23,820 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗമുക്തി നേടിയത് 36,602 പേര്. ദല്‍ഹിയില്‍ കേന്ദ്രം ഇടപെട്ടതിന് ശേഷം ദിവസവും 18,000 സാമ്പിളുകളാണ് പരിശോധിക്കുന്നത്. ആന്റിജന്‍ പരിശോധനയില്‍ 30 മിനിറ്റിനുള്ളില്‍ ഫലം ലഭിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പറഞ്ഞു.
പരിശോധിച്ചത് 71 ലക്ഷം സാമ്പിളുകള്‍
രാജ്യത്തിതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയത് 71,37,716 സാമ്പിളുകളെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ജൂണ്‍ 22 വരെയുള്ള കണക്കാണിത്. 22ന് മാത്രം 1.87 ലക്ഷം പരിശോധനകള്‍ നടത്തി. കൊറോണ പരിശോധനയ്ക്കായി രാജ്യത്താകെ 992 ലബോറട്ടറികളാണ് ഉള്ളത്. ഇതില്‍ 726 എണ്ണം സര്‍ക്കാര്‍ ലബോറട്ടറികളാണ്.
കാണാതാകുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുന്നു വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം മുംബൈയില്‍ കാണാതാകുന്ന രോഗികളുടെ എണ്ണവും വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം മലാഡില്‍ 70 വൈറസ് ബാധിതരെ കാണാനില്ലെന്ന് ബ്രിഹന്‍ മുംബൈ കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചു. 1000 പേരെ കാണാനില്ലെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണിത്. കാണാതാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് മുംബൈയില്‍ ആശങ്കയുണ്ടാക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 3,721 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. 62 പേര് മരിച്ചു. നിലവില്‍ 61,807 പേരാണ് ചികിത്സയിലുള്ളത്. 67,707 പേര് രോഗമുക്തരായി. ആകെ ബാധിതര്‍ 1,35,796. മരണം 6,283.
തമിഴ്നാട്ടില്‍ മധുരയിലും ലോക്ഡൗണ്‍
തമിഴ്നാട്ടിലെ മധുരയിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ 30 വരെയാണിത്. വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. വൈറസ് ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാമതാണ് തമിഴ്നാട്. ഇതുവരെ 62,087 പേര് രോഗികളായി. 794 പേര് മരിച്ചു. കഴിഞ്ഞ ദിവസം മാത്രം 2,710 പേര് വൈറസ് ബാധിതരായി. ഇതില്‍ ചെന്നൈയില്‍ മാത്രം 1,487 പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയിലെ ആകെ ബാധിതര്‍ 42,752.
പ്രതികരിക്കാൻ ഇവിടെ എഴുതുക: