തിരുവനന്തപുരം: പ്രവാസികളില്‍ നിന്നുള്ള പ്രതിഷേധം ശക്തമായതോടെ നാട്ടിലേക്ക് തിരിച്ചു വരുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിബന്ധനയില്‍ ഇളവ് വരുത്തി. കൊറോണ പരിശോധനഫലം ഉണ്ടെങ്കില്‍ മാത്രമേ കേരളത്തിലേക്ക് വരാന്‍ സാധിക്കുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിബന്ധനയിലാണ് ഇളവ് വരുത്തിയിരിക്കുന്നത്.
എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ചിലതിന് നിരവധി പേര്‍ക്ക് ഒരുമിച്ച് കൊറോണ പരിശോധന നടത്താന്‍ സാധിക്കില്ല. പരിശോധന നടത്തിയാല്‍ തന്നെ ടിക്കറ്റ് ബുക്കിങ് സമയത്തിനുള്ളില്‍ ഇവയുടെ ഫലം പുറത്തുവിടാനും ഒരുപക്ഷേ സാധിച്ചേക്കില്ല. കേന്ദ്ര സര്‍ക്കാര്‍ പോലും മുന്നോട്ട് വെയ്ക്കാത്ത നിര്‍ദ്ദേശമായതിനാല്‍ പ്രവാസികള്‍ക്കിടയില്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
ഇതിനെ തുടര്‍ന്ന് പരിശോധനാ സൗകര്യമില്ലാത്ത സൗദി, കുവൈത്ത്, ബഹ്റിന്, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇളവ്. ഇവിടെ നിന്ന് വരുന്നവര്‍ക്ക് കൊറോണ പരിശോധന സര്‍ട്ടിഫിക്കറ്റ് വേണ്ട. പകരം ഇവര്‍ പിപിഇ കിറ്റ് ധരിച്ചിരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പുതുക്കിയിരിക്കുന്നത്. വിമാനക്കമ്പനികള്‍ തന്നെ പിപിഇ കിറ്റ് യാത്രക്കാര്‍ക്ക് നല്‍കണമെന്നാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് വിമാനക്കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കും. തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച് തീരുമാനിച്ചത്. എന്‍ 95 മാസ്ക് ഉള്ളതോ ഇല്ലാത്തതോ ആയ പിപിഇ കിറ്റ് മതിയെന്നും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ കേരളത്തിലേക്ക് എത്തുന്നത് സൗദി, ഒമാന്‍, ബഹ്റൈന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നാണ്. എന്നാല്‍ ഖത്തറിലും യുഎഇയിലും പരിശോധനാ സൗകര്യങ്ങളുണ്ട്. ഇവിടെ നിന്ന് വരുന്നവര്‍ക്ക് പരിശോധന നിര്‍ബന്ധമാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ യാത്രികരെ ടെസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തിന് സംസ്ഥാനസര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നു. എല്ലാ രാജ്യങ്ങളിലും കൊറോണ പരിശോധന നടത്തുന്നതിനുള്ള സൗകര്യം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിത്തുകയായിരുന്നു. അതേസമയം ഇതുസംബന്ധിച്ച് വിമാനക്കമ്പനികള്‍ പ്രതികരിച്ചിട്ടില്ല. അവരുമായി ചര്‍ച്ച നടത്തി വരികയാണെന്ന് വിമാനക്കമ്പനി നോര്‍ക്ക അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: