കാഠ്മണ്ഡു: ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് ഭരണമുള്ള നേപ്പാളിന്റെ ഭൂമിയും ചൈന വന്‍തോതില്‍ കൈയേറി. എന്നാല്‍, ഭരണകൂടം മിണ്ടാതിരിക്കുകയാണ്. പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയുടെ കീഴിലുള്ള കൃഷി വകുപ്പ് തന്നെയാണ് ചൈന ഭൂമി കൈയേറിയ കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
റോഡുകള്‍ക്കു വേണ്ടി ചൈന നദികളുടെ ഗതി തിരിച്ചുവിട്ടതായും ഇതോടെ തങ്ങളുടെ ഹെക്ടര്‍ കണക്കിന് ഭൂമി നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഭൂമി ചൈന സ്വന്തമാക്കുമെന്നും അതോടെ വലിയ തോതില്‍ കൃഷി ഭൂമി ഇല്ലാതാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ടിബറ്റന്‍ സ്വയംഭരണ പ്രദേശങ്ങള്‍ക്കു വേണ്ടിയുള്ള നിര്‍മാണങ്ങള്‍ക്കാണ് നദികളുടെ ഗതി തിരിച്ചുവിട്ടത്. ഇതോടെ നേപ്പാളിന്റെ വടക്കന്‍ മേഖലയിലെ പല പ്രദേശങ്ങളും ചൈനയിലായി.
ഇതിനു പുറമേ നേപ്പാളിലെ വിവിധ ജില്ലകളില്‍ ചൈന ഭൂമി കൈയേറിയെന്നും നദികളുടെ ഗതി വീണ്ടും തിരിച്ചുവിട്ടാല്‍ കൂടുതല്‍ പ്രദേശങ്ങള്‍ ചൈനയുടെ പക്കലാകുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്കുന്നു. നൂറുകണക്കിന് ഹെക്ടര്‍ ഭൂമി ഇങ്ങനെ നഷ്ടപ്പെട്ടു. കൈയേറിയ പ്രദേശങ്ങളില്‍ ഭാവിയില്‍ ചൈന താവളങ്ങള്‍ നിര്‍മിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നേപ്പാളിന്റെ വടക്കാണ് ചൈന. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ 43 കുന്നുകളാണുള്ളത്.
പതിനൊന്ന് നദികള്‍ ചൈന ഗതിമാറ്റി വിട്ടു. ഇതുവഴി വളരെ ചെറിയ രാജ്യമായ നേപ്പാളിന് 36 ഹെക്ടര്‍ ഭൂമിയാണ് നഷ്ടമായത്. ഇത്രയും സ്ഥലം ഇന്ന് ചൈനയുടെ കൈവശമാണ്. ഇക്കാര്യം ഒരു വര്‍ഷം മുന്‍പേ ഒലി സര്‍ക്കാരിനെ അറിയിച്ചിരുന്നുവെങ്കിലും ഒരു നടപടിയുമെടുത്തില്ല. ഇതിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ അവഗണിച്ച സര്‍ക്കാര്‍ കാലാപാനി, ലിംപിയുധുര, ലിപുലേഖ് തുടങ്ങിയ ഇന്ത്യയുടെ കൈവശമുള്ള സ്ഥലങ്ങള്‍ ചേര്‍ത്ത് പുതിയ ഭൂപടമുണ്ടാക്കുകയാണ് ചെയ്തത്. അങ്ങനെ ചൈനയുടെ സഹായത്തോടെ പുതിയ വിവാദമുണ്ടാക്കി ജനരോഷം വഴിതിരിച്ചുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: