ഇടുക്കി: കട്ടപ്പനയില്‍ കൊറോണ സ്ഥിരീകരിച്ച ആശാ പ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് വെല്ലുവിളി. ആശാപ്രവര്‍ത്തക പോയ വീടുകളിലുള്ളിലുള്ളവരെയും താലൂക്ക് ആശുപത്രിയിലെ നഴ്സുമാരെയും നീരീക്ഷണത്തിലാക്കും.
ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രണ്ട് പേര് രോഗികളായതും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ആശാപ്രവര്‍ത്തകയുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നതാണ് സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതിലെ പ്രധാനവെല്ലുവിളി. രോഗലക്ഷണങ്ങള്‍ കണ്ട് വ്യാഴാഴ്ച നിരീക്ഷണത്തില്‍ പോകുന്നത് വരെ ഇവര്‍ നൂറിലധികം വീടുകളില്‍ മരുന്നുമായി പോയിട്ടുണ്ട്. ഇരുപതേക്കര്‍ താലൂക്ക് ആശുപത്രിയിലും ദിവസവും എത്തുമായിരുന്നു. ഇതോടെ ഈ വീട്ടുകാരെ മുഴുവന്‍ കണ്ടെത്തുകയും നിരീക്ഷണത്തില്‍ വയ്ക്കേണ്ടതുമായ വലിയ വെല്ലുവിളിയാണ് ആരോഗ്യവകുപ്പിന് മുന്നിലുള്ളത്.
ആശുപത്രിയിലെ എത്ര നഴ്സുമാരുമായി സമ്പര്‍ക്കമുണ്ടായി എന്ന കാര്യവും ഇതുവരെ വ്യക്തമായിട്ടില്ല. ആശുപത്രിയില്‍ സിസിടിവി സൗകര്യങ്ങളൊന്നും ഇല്ലാത്തത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. കട്ടപ്പനയില്‍ സമ്പര്‍ക്കത്തിലൂടെ രണ്ട് പേര്‍ക്ക് രോഗം ബാധിച്ചതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ ഭാര്യക്കും, അമ്മയ്ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. കുടുംബത്തിലെ രണ്ട് പേരുടെയും, ഇയാള്‍ ലോഡിറക്കുന്ന കട്ടപ്പന മാര്‍ക്കറ്റിലെ ഇരുപതിലധികം പേരുടെയും പരിശോധനാഫലം ഇതുവരെ വന്നിട്ടില്ല. ഈ സംഭവത്തില്‍ സാമൂഹിക വ്യാപനത്തിന്റെ സാധ്യതപോലും ആരോഗ്യവകുപ്പ് ഭയപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: