മുട്ടം: ജലവിഭവ വകുപ്പിന് കീഴിലുള്ള അണക്കെട്ടുകളില്‍ നിന്ന് മണലും ചെളിയും നീക്കുന്ന പദ്ധതി മലങ്കരയിലും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ അനുമതി. പതിറ്റാണ്ടുകളായി അടിഞ്ഞു കൂടി കിടക്കുന്ന ചെളിയും മണലും നീക്കം ചെയ്ത് അണക്കെട്ടുകളുടെ സംഭരണ ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
തൊടുപുഴയാറിന്റെ ഭാഗമായി മലങ്കരയില്‍ അണക്കെട്ട് നിര്‍മ്മിച്ച് കനാല്‍ മാര്‍ഗം കൂത്താട്ടുകുളം, പോത്താനിക്കാട് ഭാഗങ്ങളിലേക്ക് കൃഷി ആവശ്യത്തിന് വെള്ളം എത്തിക്കുക, അണക്കെട്ടിനോട് അനുബന്ധിച്ച് മിനി ജല വൈദ്യുതി നിലയം സ്ഥാപിച്ച് വൈദ്യുതി പ്രതിസന്ധി പരിഹരിക്കുക എന്നീ ലക്ഷ്യത്തോടെയായിരുന്നു മലങ്കരയില്‍ അണക്കെട്ട് നിര്‍മ്മിച്ചത്. 1974 കാലഘട്ടത്തിലാണ് മലങ്കര അണക്കെട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
പദ്ധതി ആരംഭിച്ച് 46 വര്‍ഷങ്ങള്‍ പൂര്‍ത്തീയായെങ്കിലും ഇപ്പോഴും നിര്‍മ്മാണം നടന്ന് വരുകയാണ്. 1994 നവംബര്‍ 1 ന് ഇത് ഭാഗികമായി കമ്മീഷന് ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു. കമ്മീഷന് ചെയ്തിട്ട് 25 വര്‍ഷം ആകാറായെങ്കിലും അണക്കെട്ടില്‍ അടിഞ്ഞു കൂടിയ ചെളിയും മണ്ണും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യാന്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ താല്പര്യം കാണിച്ചില്ല. ഇതേ തുടര്‍ന്ന് പതിറ്റാണ്ടുകളായി ഓരോ വര്‍ഷം കഴിയുന്തോറും അണക്കെട്ടിന്റെ സംഭരണ ശേഷി കുറഞ്ഞു വരുകയുമാണ്. ഈ സാഹചര്യത്തിലാണ് അണക്കെട്ടില്‍ അടിഞ്ഞു കൂടിയ പാഴ് വസ്തുക്കള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചത്.
100ല്‍പരം കുടിവെള്ള പദ്ധതിയെ ബാധിക്കും
42 മീറ്ററാണ് മലങ്കര അണക്കെട്ടിലെ നിലവിലുള്ള പരമാവധി ജലസംഭരണ ശേഷി. അനാവശ്യമായി മണ്ണും ചെളിയും നിറഞ്ഞ് ഓരോ വര്‍ഷവും സംഭരണ ശേഷിയില്‍ കുറവ് വരുന്നതായിട്ടാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്കുന്ന വിവരം. 12 ല്‍പരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സ്വകാര്യ വ്യക്തികളുടെയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിവിധ പൊതുമേഖല സ്ഥാപനങ്ങളുടെയും ഉള്‍പ്പെടെ ചെറുതും വലുതുമായ 100 ല്‍പരം കുടിവെള്ള പദ്ധതികളാണ് അണക്കെട്ടിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതും.
കൂടാതെ മുട്ടത്തുള്ള ജില്ലാ ജയിലിലേക്കുള്ള കുടിവെള്ള പദ്ധതിയും ഇതിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അണക്കെട്ടിലെ സംഭരണ ശേഷിക്ക് കുറവ് സംഭവിച്ചാല്‍ ഇതിനോടനുബന്ധിച്ചുള്ള കുടി വെള്ള പദ്ധതിയും സ്തംഭിക്കും. എന്നാല്‍ അണക്കെട്ടിലെ ചെളിയും മണ്ണും നീക്കാന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചത് ജനം ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതും. ഒരു ഡസണിലധികം വരുന്ന ഇടുക്കിയിലെ ഡാമുകളില്‍ പൂര്‍ണ്ണമായും ലോറേഞ്ച് മേഖലയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ട് കൂടിയാണ് മലങ്കര.
ജില്ലയില്‍ മലങ്കര മാത്രം
ചെറുതും വലുതുമായ നിരവധി അണക്കെട്ടുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മലങ്കരയെ മാത്രമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: